- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം സമ്മേളനങ്ങൾക്കും മെഗാ തിരുവാതിരക്കും കുഴപ്പമില്ല; ആറ്റുകാൽ പൊങ്കാല ഇക്കുറിയും വീടുകളിൽ തന്നെയാകും; ക്ഷേത്രപരിസരത്ത് 200 പൊങ്കാലകൾ മാത്രം അനുവദിക്കും; മതവിഷയത്തിൽ സർക്കാറിന്റേത് ഇരട്ടത്താപ്പെന്ന് ആരോപണം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഈ വർഷവും വീടുകളിൽത്തന്നെ നടക്കും.പൊങ്കാലയിടുന്നത് വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കോവിഡ് അവലോകനയോഗം നിർദേശിച്ചു. ഈ മാസം ഒൻപതു മുതൽ 18 വരെയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവം. 17നാണ് പൊങ്കാല.
ക്ഷേത്രപരിസരത്ത് 200 പേരെ പൊങ്കാലയ്ക്ക് അനുവദിക്കും. കോവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷവും ഭക്തർ വീടുകളിലായിരുന്നു ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയർപ്പിച്ചത്. ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിൽ ദേവസ്വത്തിന്റെ പൊങ്കാല മാത്രമാണ് നടന്നത്. ഭക്തർക്ക് ഉത്സവദിവസങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദർശനത്തിന് അനുവാദം നൽകിയിരുന്നു. നാമമാത്രമായി ക്ഷേത്രകലകളും ആൾക്കൂട്ടം ഒഴിവാക്കി നടത്തിയിരുന്നു.
അതേസമയം സിപിഎം സമ്മേളനങ്ങളും മെഗാ തിരുവാതിരയും അടക്കം തിരുവനന്തപുരത്ത് നടത്താൻ യാതൊരു മടിയും സിപിഎം കാണിച്ചിരുന്നില്ല. എന്നാൽ, മതകാര്യത്തിൽ ഇരട്ടത്താപ്പു നയമാണ് ഉണ്ടായതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇക്കുറി കോവിഡിന്റെ മൂന്നാം തരംഗത്തിനു മുൻപ് ആറ്റുകാൽ ഉത്സവത്തിനും പൊങ്കാലയ്ക്കും വേണ്ട തയ്യാറെടുപ്പുകൾ നഗരസഭയുടെയും ക്ഷേത്രം ട്രസ്റ്റിന്റെയും നേതൃത്വത്തിൽ നടന്നിരുന്നു. ഇതുസംബന്ധിച്ച അവലോകനയോഗവും മന്ത്രിമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്നു.
എന്നാൽ, ജില്ല സി. വിഭാഗത്തിലുൾപ്പെട്ടതും രോഗവ്യാപനനിരക്ക് ഉയർന്നതും പൂർണതോതിലുള്ള പൊങ്കാല ആഘോഷത്തിന് തടസ്സമാകുമെന്ന വിലയിരുത്തലാണ് തുടർന്നുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീടുകളിൽ പൊങ്കാലയിടാൻ തീരുമാനിച്ചത്. അതേലമയം തീരുമാനത്തിൽ ക്ഷേത്രഭാരവാഹികളിൽ അടക്കം അമർഷം ഉയരുന്നുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് ആറ്റുകാൽ ക്ഷേത്രത്തിൽ ചേർന്ന പൊങ്കാലയുടെ അവലോകനയോഗത്തിൽ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, ആന്റണിരാജു, മേയർ ആര്യാ രാജേന്ദ്രൻ എന്നിവരും ഭരണസമിതി ഭാരവാഹികളും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ