കോട്ടയം: പാർട്ടി മാറാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനും മുൻ എംഎ‍ൽഎയുമായ ജോണി നെല്ലൂർ ഉപാധികൾ മുന്നോട്ടുവയ്ക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. സ്റ്റേറ്റ് കാറും കോർപറേഷൻ ചെയർമാൻ സ്ഥാനവും തന്നാൽ പാർട്ടി മാറാമെന്ന് ജോണി നെല്ലൂർ പറയുന്നതായുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. മുന്നണി മാറാൻ സഹായിക്കണമെന്ന് കേരള കോൺഗ്രസ് (എം) നേതാവിനോട് അഭ്യർത്ഥിക്കുന്നു എന്ന രീതിയിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്.

ബിജെപി ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ശബ്ദരേഖയിൽ പറയുന്നു. എന്നാൽ ബിജെപിയിലേക്കു പോകാൻ താൽപര്യമില്ലെന്നാണ് സംഭാഷണം. എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ ശബ്ദരേഖയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

54 വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യം ഉള്ള ആളാണ് ഞാൻ. യുഡിഎഫിൽ നിന്നുകൊണ്ട് മൂന്ന് പ്രാവശ്യം എംഎൽഎയായി. തൃക്കാക്കര തിരഞ്ഞെടുപ്പിൽ അഭൂതപൂർവ്വമായ വിജയം യുഡിഎഫ് നേടിയതിന്റെ ജാള്യത മറക്കാൻ വേണ്ടി ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു വാർത്തയാണ് പ്രചരിക്കുന്നത്', ജോണി നെല്ലൂർ പ്രതികരിച്ചു. ഫോണിൽ വിളിച്ചെന്ന് പറയുന്ന ആളെ തനിക്കറിയില്ല. ഇയാളുമായി ഒരു ബന്ധവുമില്ല. ഇനി അത് ശരിയാണെന്ന് പറഞ്ഞാൽ പോലും അങ്ങനെ ഒരാളുമായി സംസാരിക്കേണ്ടതിന്റെ ഗതികേട് തനിക്കില്ലെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.

കേരള കോൺഗ്രസ് (എം) നേതാവ് എച്ച്. ഹഫീസുമായുള്ള ഫോൺ സന്ദേശമാണ് പുറത്തായത്.ന്യൂനപക്ഷ ചെയർമാൻ, കോഫി ബോർഡ് ചെയർമാൻ, സ്പൈസസ് ബോർഡ് ചെയർമാൻ, കേര വികസന കോർപ്പറേഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലൊന്ന് ബിജെപി ഓഫർ ചെയ്തിട്ടുണ്ടെന്നാണ് ജോണി നെല്ലൂർ ഫോൺ സംഭാഷണത്തിൽ പറയുന്നത്. മാത്യൂ സ്റ്റീഫനൊക്കെ കൂടെ പോവുകയാണെന്നും അവരെ ക്രോഡീകരിച്ച് പുതിയ സംവിധാനം ഉണ്ടാക്കിക്കൂടേയെന്നും ഹഫീസ് പറയുമ്പോൾ അത്തരത്തിൽ ബിജെപിയിൽ പോവാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് ജോണി നെല്ലൂർ പ്രതികരിക്കുന്നത്.

നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങൾ പോയി എന്ന് ചോദിച്ചാൽ പറയാൻ മിനിമം ഒരു കോർപ്പറേഷൻ അധ്യക്ഷ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാർ വേണം. അത് നീ ആലോചിച്ചോ എന്നിങ്ങനെയാണ് സംഭാഷണം തുടരുന്നത്.

സംഭാഷണത്തിന്റെ പ്രസക്ത ഭാഗം:

ജോണി നെല്ലൂർ: നാലോളം പദവി അവർ എനിക്ക് ഓഫർ ചെയ്തിട്ടുണ്ട്.

എച്ച് ഹാഫീസ്: ആര് ബിജെപിക്കാരോ

ജോണി നെല്ലൂർ: ന്യൂനപക്ഷ ചെയർമാൻ, അല്ലെങ്കിൽ കോഫി ബോർഡ് ചെയർമാൻ, അതും അല്ലെങ്കിൽ സ്പൈസസ് ബോർഡ് ചെയർമാൻ. കേര വികസന കോർപ്പറേഷൻ ചെയർമാൻ. ഇത്രയും അവർ ഓഫർ ചെയ്തിട്ടുണ്ട്.

എച്ച് ഹാഫീസ്: ഷിപ്പ് യാർഡ് ഓഫർ ചെയതില്ലല്ലോ സാറേ...

ജോണി നെല്ലൂർ: അതാന്നും ഇല്ല. അതിനൊക്കെ വേറെ ആളുകളുണ്ട്.

എച്ച് ഹാഫീസ്: അത് നമ്മുടെ കൂട്ടത്തിലെയോ, യുഡിഎഫിലെയോ എൽഡിഎഫിലെയോ ആളുകൾ ഒന്നും അല്ലല്ലോ

ജോണി നെല്ലൂർ: ഏതായാലും മാത്യൂ സ്റ്റീഫൻ ഒക്കെ കൂടെ പോവുകയാ.

എച്ച് ഹാഫീസ്: അയ്യയ്യയ്യോ.. അവരെയൊക്കെ ക്രോഡീകരിച്ച് ഒരു സംവിധാനം ഉണ്ടാക്കിക്കൂടെ

ജോണി നെല്ലൂർ: അത് ഉണ്ടാക്കി ബിജെപിയിൽ പോകാൻ എനിക്ക് ഇഷ്ടമില്ലെന്ന്

എച്ച് ഹാഫീസ്: ബിജെപിയിൽ പോകാനല്ല സാറെ, ഇടതുപക്ഷത്തേക്ക്.

ജോണി നെല്ലൂർ: നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങൾ പോയി എന്ന് ചോദിച്ചാൽ പറയാൻ മിനിമം ഒരു കോർപ്പറേഷൻ ചെയർമാൻ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാർ വേണം. അത് നീ ആലോചിച്ചോ.എച്ച് ഹാഫീസ്: ശരി സാറേ.