- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വർഷം അടച്ചിട്ട അതിർത്തി തുറന്ന് ഓസ്ട്രേലിയ; ആദ്യ വിമാനം ഇറങ്ങിയപ്പോൾ ഉറ്റവരുടെ കണ്ണീരും കെട്ടിപ്പിടുത്തവും; രണ്ട് വാക്സിൻ എടുത്തവർക്ക് ഇനി യാത്ര ചെയ്യാം; ലോകം മുഴുവൻ തുറന്നിട്ടും അടച്ചുപൂട്ടി ന്യുസിലാൻഡ്
മെൽബൺ: നീണ്ട രണ്ടു വർഷക്കാലം ലോകത്ത് ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ആസ്ട്രേലിയ അവസാനം അതിർത്തികൾ തുറന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കിയതോടെ ആദ്യത്തെ അന്താരാഷ്ട്ര വിമാനം ഇന്നലെ ആസ്ട്രേലിയയിൽ പറന്നിറങ്ങി. ആദ്യ വിമാനത്തിലെ യാത്രക്കാർ അറൈവൽ ഗെയ്റ്റുകൾക്ക് സമീപമെത്തിയപ്പൊൾ അവരെ സ്വീകരിക്കാൻ അക്ഷമരായ്യി നിന്ന ഉറ്റവരും ഉടയവരും ആവേശത്തിലായി. നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷമുള്ള കൂടിച്ചേരലുകൾ നിരവധി വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
ആദ്യ വിമാനത്തിലെ യാത്രക്കാരിൽ ചിലർ വിനോദ സഞ്ചാരികളായിരുന്നു. മറ്റുള്ളവർ, യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ വിദേശങ്ങളിൽ കുടുങ്ങിപ്പോയ ആസ്ട്രേലിയൻ നിവാസികളും. ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും ഇവർ അകന്നു കഴിഞ്ഞത് നീണ്ട 704 ദിവസങ്ങളായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ വന്നിറങ്ങിയ യാത്രക്കാർക്ക് ആസ്ട്രേലിയയിൽ വളരെ പരക്കെയുള്ള വെഗെമൈറ്റ് എന്ന പ്രാതലിന്റെ ജാറുകൾ വിതരണം ചെയ്തപ്പോൾ, കംഗാരുവിന്റെ മുഖംമൂടികൾ അണിഞ്ഞെത്തിയവർ വാതിലിൽ ആർപ്പുവിളികൾ മുഴക്കി. ഡി ജെ സാഷാ മൂൺ ഒരു പഴയ ആസ്ട്രേലിയൻ ക്ലാസിക്കിന്റെ റീമിക്സ് ആലപിച്ചു.
രണ്ടുവർഷത്തിനു ശേഷം മുത്തച്ഛനെ കണ്ടുമുട്ടിയപ്പോൾ കൊച്ചുമകൾ ഷാർലെറ്റ് സന്തോഷം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു. എല്ലാം കഴിഞ്ഞു, ആ കാലത്തെ അതിജീവിക്കാൻ നമുക്കായി. എന്നുമാത്രമായിരുന്നു കൊച്ചു,മകളെ മാറോടണച്ച് ആ മുത്തച്ഛൻ പറഞ്ഞത്. അതേസമയം രണ്ടു വർഷത്തിനു ശേഷം സ്വന്തം നാട്ടിലെത്താൻ കഴിഞ്ഞ സന്തോഷമായിരുന്നു ലോസ് ഏഞ്ചലസിൽ താമസിക്കുന്ന മെൽബോൺ സ്വദേശി ടോം എന്ന 21 കാരന്. നാട്ടിൽ തിരിച്ചെത്തിയ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു ഷേ എന്ന യുവതിയും.
അതേസമയം ആസ്ട്രേലിയയിൽ താമസിക്കുന്ന മകളേയും കൊച്ചുമകളേയും കാണാനായിട്ടാണ് കനേഡിയൻ സ്വദേശികളായ ഡഫും ജൊവാനും എത്തിയത്. ലഭ്യമായ ഏറ്റവും ആദ്യത്തെ വിമാനം തന്നെ പിടിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നതായി അവർ പറയുന്നു. ഇപ്പോൾ മൂന്നു വയസ്സുള്ള കൊച്ചുമകളെ ജീവിതത്തിൽ ആദ്യമായി കാണാൻ പോകുന്നതിന്റെ ആഹ്ലാദവും അവർ മറച്ചുവെച്ചില്ല. എന്നാൽ, കേവലം ഒരു വിനോദയാത്രയ്ക്കായിട്ടാണ് ജപ്പാൻ സ്വദേശികളായ കിമ്മിയും അഞ്ചുവയസ്സുള്ള മകളും ആസ്ട്രേലിയയിൽ എത്തിയത്. ഇത് അവരുടെ ആദ്യ ആസ്ട്രേലിയൻ സന്ദർശനമാണ്.
ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 56 വിമാനങ്ങളാണ് ഇന്ന് ആസ്ട്രേലിയയിൽ എത്തിച്ചേരുക. അടുത്ത 24 മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് അന്താരാഷ്ട്ര യാത്രക്കാരെയാണ് സിഡ്നി വിമാനത്താവളം പ്രതീക്ഷിക്കുന്നത്. അതേസമയം, യാത്രാ നിരോധനങ്ങൾ നീക്കിയതോടെ രാജ്യത്ത് ഇൻഫ്ളുവൻസ കേസുകൾ വർദ്ധിക്കാമെന്നും അതിനാൽ ഫ്ളൂ വാക്സിൻ നിർബന്ധമായി എടുക്കണമെന്നും വിദഗ്ദർ പറയുന്നു. രാജ്യം അതിർത്തി തുറക്കുന്നതിന്റെ മുന്നോടിയായി ഏകദേശം 1.23 മില്യൺ പേർക്കാണ് ആസ്ട്രേലിയ വിസ നൽകിയിരിക്കുന്നത്.
അതേസമയം, ലോകം മുഴുവൻ വാതായനങ്ങൾ തുറന്നിട്ടും ന്യുസിലാൻഡ് മാത്രം ഇപ്പോഴും അതിർത്തികൾ അടച്ച് ഒറ്റപ്പെട്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും കടുത്ത കോവിഡ് നിയന്ത്രണങ്ങളാണ് ന്യുസിലാൻഡിൽ ഉള്ളത്. നിയന്ത്രണങ്ങൾ എപ്പോൾ മാറ്റുമെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി സ്വന്തം വിവാഹം വരെ മാറ്റിവെച്ചിരിക്കുകയാണ് പ്രധാന മന്ത്രി.
മറുനാടന് ഡെസ്ക്