ഭൂമിക്ക് വൻ ഭീഷണിയുയർത്തിക്കൊണ്ട് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോകുന്ന ഭീമൻ ഉൽക്കകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണല്ലോ. അതിനിടയിലിതാ ഓസ്ട്രേലിയയിലും തുർക്കിയിലും വൻ തോതിൽ ഉൽക്കാവർഷമുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്ന് രാത്രിയിൽ വീടുകൾ വെള്ളിവെളിച്ചത്തിൽ തിളങ്ങുകയും നിരവധി കെട്ടിടങ്ങൾ കുലുങ്ങുകയും ചെയ്തിരുന്നു. തുർക്കിയിലെ ബീച്ചിലും ഓസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിലുള്ള എമറാൾഡിലുമാണ് ഉൽക്കകൾ പെയ്തിറങ്ങി യിരിക്കുന്നത്. ഇതിനെക്കുറിച്ച് നൂറ് കണക്കിന് പ്രദേശ വാസികളാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. തങ്ങളുടെ വീടുകൾ ഉൽക്കാവർഷത്തിൽ കുലുങ്ങിയതായും അതിന്റെ അഭൗമമായ പ്രകാശത്തിൽ വെട്ടിത്തിളങ്ങിയതാും അവർ വിവരിക്കുന്നു.

ഗ്ലാഡ്സ്റ്റോൻ പ്രദേശത്തുള്ള നിരവധി പേർ ആശങ്കയാടെ പൊലീസിനെ വിളിച്ചിരുന്നു. തുടക്കത്തിൽ ഇതൊരു ഭൂകമ്പമാണെന്നായിരുന്നു ഏവരും ഭയപ്പെട്ടിരുന്നത്. എന്നാൽ ഇത് ഭൂകമ്പമല്ലെന്ന് ജിയോസയൻസ് ഓസ്ട്രേലിയ ഇത് ഭൂകമ്പമല്ലെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഒരു തീഗോളം വീഴുന്നത് പോലെയായിരുന്നു തുർക്കി ബീച്ചിലും എമറാൾഡിലും ഉൽക്കകൾ വീണിരുന്നതെന്നും റിപ്പോർട്ടുണ്ട്. ക്യൂൻസ്ലാൻഡിൽ യെപ്പൂൺ ബീച്ചിന് വടക്കും ഹെർവെ ബേയ്ക്ക് തെക്കുമായാണ് ഭൂമികുലുക്കവും കടുത്ത വെളിച്ചവുമുണ്ടാക്കിക്കൊണ്ട് ഉൽക്കകൾ വീണതെന്നാണ് ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിട്ട പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ജനറൽ ഗ്ലാഡ്സ്റ്റോൺ പ്രദേശത്തും ബോയ്നെ ദ്വീപിലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടിരുന്നു വെന്നും ഈ ഗ്രൂപ്പ് വിവരിക്കുന്നു.

ആകാശത്ത് നിന്നും അഗ്‌നിഗോളം വീഴുന്നത് പോലുള്ള പ്രതീതിയായിരുന്നു ഇവിടങ്ങളി ലുണ്ടായിരുന്ന തെന്നാണ് ദൃക്സാക്ഷികൾ വിവരിക്കുന്നത്. കടലിൽ ഉൽക്കയുടെ അതുല്യമായ പ്രകാശം പ്രതിഫലിച്ചിരുന്നുവെന്നും ചിലർ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വിവരിക്കുന്നുണ്ട്.തന്റെ വീട് കുലുങ്ങുന്നതിന് മുമ്പ് കടുത്ത പ്രകാശവും സ്ഥോടനവും ഉണ്ടായിരുന്നുവെന്നാണ് ഒരാൾ വെളിപ്പെടുത്തുന്നത്. താൻ കാറിലിരിക്കുമ്പോൾ കത്തിജ്വലിക്കുന്ന വസ്തു ആകാശത്ത് നിന്നും വീഴുന്നത് കണ്ടിരുന്നുവെന്നാണ് മറ്റൊരാൾ വിവരിക്കുന്നത്. ഇതിനെ തുടർന്ന് ഫയർ ക്രൂസിനെ എമറാൾഡ് പ്രദേശത്തേക്ക് വിളിച്ച് വരുത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.