മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ യോഗ്യതാ റൗണ്ട് പിന്നിട്ട് തോൽവിയറിയാതെയുള്ള റഷ്യയുടെ അസ്ലൻ കരറ്റ്‌സെവിന്റെ കുതിപ്പിന് വിരാമമിട്ട് നിലവിലെ ചാമ്പ്യനും സെർബിയയുടെ ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ച്.

സെമിയിൽ കരറ്റ്‌സെവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോർ: 6-3, 6-4, 6-2. ഓപ്പൺ കാലഘട്ടത്തിൽ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ തന്നെ സെമിയിൽ കടക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് അസ്ലൻ കരറ്റ്‌സെവ് മെൽബണിൽ നിന്നും മടങ്ങുന്നത്.

വെള്ളിയാഴ്ച നടക്കുന്ന ഡാനിൽ മെദ്വദെവ് - സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമി മത്സര വിജയിയെ ജോക്കോവിച്ച് ഫൈനലിൽ നേരിടും. ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഫൈനലിൽ പോരാടുക. ജോക്കോവിച്ചിന്റെ 28-ാം ഗ്രാൻഡ് സ്ലാം ഫൈനലാണിത്.

വനിതാ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയെ സെമയിൽ കീഴടക്കി് അമേരിക്കയുടെ ജെന്നിഫർ ബ്രാഡി ഫൈനൽ ബർത്ത് ഉറപ്പിച്ചു. ബ്രാഡിയുടെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്.

ഒരു മണിക്കൂറും 55 മിനിറ്റും നീണ്ട മത്സരത്തിൽ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ബ്രാഡിയുടെ വിജയം. സ്‌കോർ: 6-4, 3-6, 6-4.



സെറീന വില്ല്യംസിനെ കീഴ്‌പ്പെടുത്തിയെത്തുന്ന നവോമി ഒസാക്കയാണ് ഫൈനലിൽ ബ്രാഡിയുടെ എതിരാളി.