- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ; സിറ്റ്‌സിപാസിനെ തകർത്ത് മെദ്‌വദേവ് ഫൈനലിൽ; കലാശപ്പോരിൽ ജോക്കോവിച്ച് എതിരാളി; വനിതാ സിംഗിൾസ് കിരീട പോരാട്ടം ഒസാക്കയും ബ്രാഡിയും തമ്മിൽ ശനിയാഴ്ച
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിൽ നൊവാക് ജോകോവിച്ച് റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ നേരിടും. സെമി ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടുള്ള സെറ്റുകൾക്ക് തകർത്താണ് നാലാം സീഡായ മെദ്‌വദേവ് ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോർ 6-4, 6-2,7-5. മെദ്‌വദേവിന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലാണിത്.
ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ അട്ടിമറിച്ച മികവ് ആവർത്തിക്കാൻ സെമിയിൽ സിറ്റ്‌സിപാസിനായില്ല. ക്വാർട്ടറിൽ ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം മൂന്ന് സെറ്റ് സ്വന്തമാക്കിയായിരുന്നു സിറ്റ്‌സിപാസ് നദാലിനെ വീഴ്‌ത്തി സെമിയിലെത്തിയത്.
തുടർച്ചയായ ഇരുപതാം വിജയത്തോടെയാണ് മെദ്‌വദേവ് തന്റെ രണ്ടാം ഗ്രാൻസ്ലാം ഫൈനലിൽ എത്തിയിരിക്കുന്നത്. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം.
2019ലെ യുഎസ് ഓപ്പൺ ഫൈനലിൽ പരാജയം രുചിച്ച മെദ്വെദേവ്, 2005നുശേഷം റഷ്യൻ പുരുഷതാരങ്ങളുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. നൊവാക് ജോക്കോവിച്ച് ആകട്ടെ, ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒൻപതാം കിരീടവുമായി റെക്കോർഡിടാനുള്ള ശ്രമത്തിലും. ഇതിനു മുൻപ് ജോക്കോവിച്ചിനെ നേരിട്ട നാല് അവസരങ്ങളിൽ മൂന്നിലും മെദ്വെദേവ് ജയിച്ചെങ്കിലും, കളിച്ച എട്ട് ഓസ്‌ട്രേലിയൻ ഫൈനലുകളിലും ജയിച്ച സെർബിയൻ താരത്തെ ഇത്തവണ വീഴ്‌ത്താൻ വിയർപ്പൊഴുക്കേണ്ടിവരും.
അരങ്ങേറ്റ ഗ്രാൻസ്‌ലാമിൽതന്നെ സെമിയിലെത്തി ചരിത്രം സൃഷ്ടിച്ച 114ാം റാങ്കുകാരൻ റഷ്യയുടെ അസ്‌ലൻ കരാറ്റ്സെവിനെ 63, 64, 62നു തോൽപിച്ചാണു ലോക ഒന്നാം നമ്പർ ജോക്കോവിച്ച് തന്റെ 9ാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിനു യോഗ്യത നേടിയത്.
സെമിയിൽ ജോക്കോവിച്ചിന്റെ ഓൾറൗണ്ട് പ്രകടനത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ റഷ്യൻ താരത്തിനായില്ല. 2ാം സെറ്റിൽ 15നു പിന്നിലായിട്ടും തിരിച്ചടിച്ച് 45ലേക്കു കരാറ്റ്‌സെവ് ഗെയിം എത്തിച്ചെങ്കിലും തകർപ്പൻ സെർവിലൂടെ ജോക്കോ സെറ്റ് പിടിച്ചു. 3ാം റൗണ്ട് മത്സരത്തിനിടെ നേരിട്ട പരുക്കിനെ അതിജീവിച്ചാണു ചാംപ്യൻഷിപ് ഫൈനലിലേക്കു ജോക്കോയുടെ കുതിപ്പ്.
ശനിയാഴ്ച നടക്കുന്ന വനിതാ വിഭാഗം ഫൈനലിൽ മുൻ ചാമ്പ്യൻ ജപ്പാന്റെ നവോമി ഒസാക്ക അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ നേരിടും.
അമേരിക്കയുടെ സെറീനാ വില്യംസിന്റെ 24-ാം ഗ്രാൻഡ്സ്ലാമെന്ന മോഹം തകർത്താണ് നവോമി ഒസാക്ക നേരിട്ടുള്ള സെറ്റുകളിൽ ജയിച്ചുകയറിയത് മികച്ച ഫോമിലുള്ള ജപ്പാൻ താരത്തിനെതിരേ കാര്യമായ വെല്ലുവിളിയുയർത്താൻ സെറീനയ്ക്ക് കഴിഞ്ഞില്ല.
10ാം സീഡ് മുപ്പത്തൊമ്പതുകാരി സെറീനയെ 63, 64നാണ് 3ാം സീഡ് ഇരുപത്തിമൂന്നുകാരി ഒസാക മറികടന്നത്. ആദ്യ സെറ്റിൽ 20നു മുന്നിലെത്തിയ സെറീന പക്ഷേ, തുടരെ 5 ഗെയിമുകൾ വഴങ്ങി സെറ്റ് കൈവിട്ടു. 2ാം സെറ്റിൽ 4 വീതം ഗെയിമുകളുമായി ഇരുവരും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും സെറീനയുടെ പിഴവുകൾ ഒസാക മുതലെടുത്തു. മത്സരത്തിലാകെ 24 പിഴവുകളാണു സെറീന വരുത്തിയത്. മത്സരശേഷം നടന്ന പത്രസമ്മേളനം പൂർത്തിയാക്കാതെ കരഞ്ഞുകൊണ്ടാണു സെറീന വേദി വിട്ടത്.
2019ൽ ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ച ഒസാക്ക ഇക്കുറി നാലാം ഗ്രാൻഡ്സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുചോവയെ മറികടന്ന യുഎസിന്റെ ജെനിഫർ ബ്രാഡിയാണു ഫൈനലിൽ ഒസാകയുടെ എതിരാളി. ആദ്യസെറ്റ് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റിൽ മുച്ചോവ ശക്തമായി തിരിച്ചടിച്ചു. നിർണായക മൂന്നാം സെറ്റും മത്സരവും നേടി ബ്രാഡി കിരീടപോരാട്ടത്തിന് അർഹതനേടി. ആദ്യമായാണ് ബ്രാഡി ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്നത്. ശനിയാഴ്ചയാണ് വനിതാ ഫൈനൽ.
സ്പോർട്സ് ഡെസ്ക്