മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നിലനിർത്തി ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച്്. കന്നി ഗ്രാൻസലാം കിരീടം ലക്ഷ്യമിട്ടെത്തിയ റഷ്യൻ താരം ഡാനിൽ മെദ്വെദെവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മുപ്പത്തിമൂന്നുകാരനായ ജോക്കോവിച്ചിന്റെ കിരീടനേട്ടം. ജോക്കോവിച്ചിന്റെ ഒൻപതാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും 18-ാം ഗ്രാൻസ്‌ലാം കിരീടവുമാണിത്. സ്‌കോർ: 7-5, 6-2, 6-2.



18-ാം ഗ്രാൻസ്ലാം വിജയത്തോടെ ആകെ കിരീടനേട്ടങ്ങളിൽ സ്വിറ്റ്‌സർലൻഡിന്റെ റോജർ ഫെഡറർ, സ്‌പെയിനിന്റെ റാഫേൽ നദാൽ എന്നിവർക്കൊപ്പമെത്താൻ ജോക്കോവിച്ചിന് ഇനി രണ്ടു കിരീടങ്ങൾ കൂടി മതി. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒൻപതാം കിരീടത്തോടെ ആകെ എണ്ണത്തിൽ ജോക്കോവിച്ച് തന്റെ തന്നെ റെക്കോർഡ് പുതുക്കുകയും ചെയ്തു. ഇവിടെ കലാശപ്പോരിൽ തോറ്റിട്ടില്ലെന്ന റെക്കോർഡും നിലനിർത്തി.



കന്നി ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിട്ടെത്തിയ മെദ്വെദെവിനെ തീർത്തും നിഷ്പ്രഭനാക്കിയ പ്രകടനമായിരുന്നു ജോക്കോവിച്ചിന്റേത്. 2019 യുഎസ് ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിനോടു തോറ്റ മെദ്വെദെവ്, ഗ്രാൻസ്ലാം ഫൈനലിൽ തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇക്കുറി സെമി പോരാട്ടത്തിൽ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോൽപിച്ചാണു ഇരുപത്തഞ്ചുകാരനായ മെദ്വദെവ് ഫൈനലിലെത്തിയത്.



കിരീടനേട്ടത്തിനുള്ള സമ്മാനമായി ജോക്കോവിച്ചിനു ലഭിക്കുക 27.50 ലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് (ഏകദേശം 15.70 കോടി രൂപ). പുരുഷ, വനിതാ ചാംപ്യന്മാർക്ക് ഒരേ സമ്മാനത്തുകയാണ്.

അമേരിക്കയുടെ ജെനിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് നവോമി ഒസാക്ക വനിത വിഭാഗത്തിൽ ചാമ്പ്യയായിരുന്നു. സ്‌കോർ 4-6, 2-6. ഒസാക്കയുടെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടാമത്തേതും. 2019ലായിരുന്നു അവസാനമായി ഓസ്ട്രേലിയൻ ഓപ്പൺ നേടിയത്.