തിരൂർ: അഖിലേന്ത്യാ പണിമുടക്കെന്നാണ് പേരെങ്കിലും കേരളത്തിൽ മാത്രമാണ് 48 മണിക്കൂർ പണിമുടക്ക് പൂർണമായിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും തന്നെ പണിമുടക്കിന്റെ പേരിൽ യാതൊരു തടസവും ഉണ്ടായിട്ടില്ല. കേരളത്തിൽ മാത്രം പണിമുടക്കിന്റെ പേരിൽ അക്രമം അടക്കം അരങ്ങേറി. സ്വകാര്യ വാഹനങ്ങൾ അടക്കം തടഞ്ഞു കൊണ്ടാണ് പണിമുടക്കുകാർ പ്രതിഷേധം അറിയിച്ചത്. ഇത് ശരിക്കും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയായി മാറുകയും ചെയ്തു.

തിരൂരിൽ ആശുപത്രിയിലേക്ക് രോഗിയുമായി പോയെന്ന കാരണത്താലാണ് ഓട്ടോ ഡ്രൈവറെ സമരാനൂകൂലികൾ മർദ്ദിച്ചത്. യാസർ എന്ന ഓട്ടോ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഘം ചേർന്നെത്തിയ സമരക്കാർ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്ന് യാസിർ ചോര ഒലിപ്പിച്ചു കൊണ്ട് പറഞ്ഞു. മൂക്കിൽ നിന്നും വായിൽ നിന്നും ചോര പൊടിഞ്ഞ നിലയിലായിരുന്നു യാസർ ഫേസ്‌ബുക്കിൽ ലൈവുമായി എത്തിയത്.

യാസറിനെ ആക്രമിച്ചവർക്കെതിരെ ശക്തിയായി പ്രതികരിക്കാൻ തയ്യാറാകണമെന്ന ആവശ്യവും ശക്തണ്. സമാധാനപരമായി പണി മുടക്കുന്നവർ ഹർത്താൽ നടത്തുന്ന അവസ്ഥയാണ് പലയിടങ്ങളിലും ഉണ്ടായിരിക്കുന്നത്. യാസറിന് മർദ്ദനമേറ്റതിന് സമാനമായ മർദ്ദനങ്ങൾ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ വാഹനഗതാഗതം തടഞ്ഞു. കടകൾ ബലമായി അടപ്പിച്ചു. കെ എസ്ആർടിസി വളരെ ചുരുക്കം മാത്രമാണ് സർവീസ് നടത്തുന്നത്.

പൊലീസ് സംരക്ഷണത്തിൽ ചിലയിടങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധം കാരണം ഇവ നിർത്തിവെക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് പലയിടത്തും സമരക്കാർ സ്വകാര്യ വാഹനങ്ങൾ അടക്കം തടയുകയാണ്. മിക്കയിടങ്ങളിലും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്.

കൊച്ചി ഏലൂർ എഫ്എസിടിയിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞു. ബിപിസിഎല്ലിലും ജോലിക്ക് എത്തിയവരെ തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് ഹൈക്കോടതി നിരോധിച്ചിരുന്നു. പാലക്കാട് കിൻഫ്രയിൽ ജോലിക്ക് എത്തിയവരെ തിരിച്ചയച്ചു. മലപ്പുറം മഞ്ചേരിയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. പ്രാവച്ചമ്പലം ജംഗ്ഷനിൽ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. എടവണ്ണപ്പാറയിൽ കടകൾ പണിമുടക്ക് അനുകൂലികൾ ബലമായി അടപ്പിച്ചു.

കാസർകോട് ദേശീയപാതയിൽ സ്വകാര്യ വാഹനങ്ങൾ അടക്കം തടഞ്ഞിട്ടു. വാഹനങ്ങളുടെ താക്കോൽ സമരാനുകൂലികൾ ഊരിയെടുത്തു. പോസ്റ്റ് ഓഫീസ് അടയ്ക്കാനും സമരക്കാർ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ ഹൗസ് ബോട്ട് ജീവനക്കാരെയും സമരത്തിനിറക്കി. ഇതോടെ ടൂറിസ്റ്റുകൾ വലഞ്ഞു. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

കോടതി ഉത്തരവ് പ്രകാരം കൊച്ചി പള്ളിക്കരയിൽ കടകൾ തുറന്നിട്ടുണ്ട്. അതേസമയം ജീവനക്കാരുമായി പോയ കിറ്റെക്സിന്റെ വാഹനം അമ്പലമുകളിൽ സമരക്കാർ തടഞ്ഞു. തൃശൂർ സ്വരാജ് റൗണ്ട്, വയനാട് കമ്പളക്കാട്, കാലടി തുടങ്ങിയ ഇടങ്ങളിലും സമരക്കാർ വഴി തടയുകയാണ്. സർക്കാർ ഓഫീസുകൾ മിക്കതും പ്രവർത്തിക്കുന്നില്ല.

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശുപത്രികൾ അടക്കമുള്ള സ്ഥലങ്ങളിലെത്താൻ പൊലീസ് വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആർസിസിയിലേക്ക് മാത്രമാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. കേരളത്തിന് പുറത്ത് വൻനഗരങ്ങളിൽ പണിമുടക്ക് സാരമായി ജനജീവിതത്തെ ബാധിച്ചിട്ടില്ല. ബംഗാളിൽ സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു.

ഇടതുപക്ഷം പണിമുടക്കുമായി സക്തമായി രംഗത്തുണ്ടെങ്കിലും, ജീവനക്കാർ എല്ലാവരും നിർബന്ധമായും ഓഫീസിൽ ഹാജരാകണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഉത്തരവിട്ടിട്ടുണ്ട്. മുംബൈയിൽ ഇടതുസംഘടനകൾക്ക് സ്വാധീനമുള്ള മേഖലകളിൽ പണിമുടക്ക് ജനത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് ട്രേഡ് യൂണിയനുകൾ രണ്ടുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അർധരാത്രി തുടങ്ങിയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി വരെ തുടരും.

അതേസമയം ദേശീയ പണിമുടക്ക് തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം കുറ്റപ്പെടുത്തി. രാജ്യത്താകമാനം സമരത്തിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ സമരം പൂർണമാണ്. അതേ സമയം കുത്തക മാധ്യമങ്ങൾ പണിമുടക്കിന് എതിരാണെന്നും എളമരം കരീം പറഞ്ഞു. തൊഴിലാളി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായില്ല. പണിമുടക്ക് രണ്ട് മാസം മുൻപ് പ്രഖ്യാപിച്ചതാണ്. എന്നിട്ടും ജനങ്ങൾ വലഞ്ഞു എന്ന തരത്തിലാണ് വാർത്ത നൽകുന്നത്.

ഓട്ടോ തടഞ്ഞു. പിച്ചി, മാന്തി എന്നിങ്ങനെയുള്ള പരാതികളാണ് വലിയ വാർത്തയായി വന്നതെന്നും എളമരം കരീം ആരോപിച്ചു.  ഹൈക്കോടതി ഒരു സ്ഥാപനത്തിലെ പണിമുടക്ക് നിരോധിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സുപ്രധാന വിധികൾ പുറപ്പെടുവിച്ച കോടതിയാണ് കേരള ഹൈക്കോടതി. മാനേജ്‌മെന്റ് കള്ള പരാതിയിലാണ് നടപടി വന്നത്. നാട്ടിലെ മനുഷ്യർക്ക് വേണ്ടിയാണ് പണിമുടക്ക്. മാധ്യമങ്ങൾക്കും കോടതിക്കും ഈ ധാരണ വേണമെന്നും എളമരം കരീം പറഞ്ഞു. കോടതി വിധിയെ പുല്ല് വില കല്പിച്ചു തൊഴിലാളികൾ പണിമുടക്കുന്നു. അവരെ അഭിവാദ്യം ചെയ്യുന്നെന്നും എളമരം കരീം പറഞ്ഞു.