പത്തനംതിട്ട: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ രക്ഷിക്കാനുള്ള സിപിഐഎം നേതാവിന്റെ ശ്രമം പാഴായി. ഇതിനായി നടത്തിയ നാടകങ്ങൾ ഒന്നൊന്നായി പൊളിഞ്ഞതോടെ പ്രതി സിഐക്ക് മുമ്പാകെ കീഴടങ്ങി. തടിയൂർ കൊട്ടൂപ്പള്ളിൽ റെജി തോമസ് (46) ആണ് ഇന്നലെ വൈകിട്ട് കോഴഞ്ചേരി സിഐക്ക് മുന്നിൽ കീഴടങ്ങിയത്.

ഭാര്യയും രണ്ടു പെൺമക്കളുമുള്ള ഇയാൾ ബന്ധുവായ ബാലികയെയാണ് പീഡിപ്പിച്ചത്. ഒരു മാസം മുമ്പാണ് കുട്ടിക്ക് റെജിയിൽ നിന്നു പീഡനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ റെജി കുട്ടിയെ സ്‌കൂളിൽ നിന്നു വിളിച്ചു കൊണ്ടു വരുമ്പോൾ ആക്രമിച്ചെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കൾ ഇയാൾക്ക് എതിരേ കോയിപ്രം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കേസ് അട്ടിമറിക്കാനുള്ള നീക്കവും തുടങ്ങി. സിപിഐഎം ഉന്നത നേതാവിന്റെ ഇടപെടലായിരുന്നു ഇതിന് പിന്നിൽ.

ആദ്യം കേസ് എടുക്കുന്നതും തുടർന്നുള്ള നടപടി ക്രമങ്ങളും പൊലീസ് വൈകിപ്പിച്ചു. പിന്നെ ഡോക്ടർമാരുടെ പീഡനമായിരുന്നു. ബാലികയെ പരിശോധിക്കാൻ ഡോക്ടർമാരും വിസമ്മതിച്ചു. ബന്ധുക്കൾ നൽകിയ പരാതിയിൽ രണ്ടു വനിതാ ഡോക്ടർമാർക്കെതിരേ കേസ് എടുത്തു. നടപടി ക്രമങ്ങൾ വൈകിപ്പിച്ച് പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. ഇതിനായി പൊലീസും ഡോക്ടർമാരും വഴിവിട്ട് കളിച്ചത് സിപിഐഎം ഉന്നത നേതാവിന്റെ നിർദേശത്തെ തുടർന്നായിരുന്നുവെന്നാണ് ആരോപണം.

കോയിപ്രം പൊലീസ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തുകയും ഡോക്ടർമാരോട് വിവരം പറയുകയുമുണ്ടായി. എന്നാൽ കുട്ടിയെ പരിശോധിക്കാൻ ആകില്ലെന്ന നിലപാടാണ് ഡോക്ടർമാർ സ്വീകരിച്ചത്. തുടർന്ന് കോഴഞ്ചേരി സിഐയുടെ നിർദേശപ്രകാരം രണ്ടാമതും ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ നിലപാടിൽ മാറ്റമുണ്ടായില്ല. പരിശോധിക്കാനാകില്ലെന്ന് എഴുതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ അതിനും സന്നദ്ധമായിരുന്നില്ല.

ഒടുവിൽ ചൈൽഡ് ലൈൻ ഇടപെട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. വനിതാ പൊലീസിനൊപ്പം ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് പരിശോധിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചത്. ജില്ലയിലെ ഉന്നതനായ സിപിഐഎം നേതാവിന്റെ നിർദേശ പ്രകാരമാണ് ഡോക്ടർ വിസമ്മതം അറിയിച്ചതത്രേ. പകരം ഡോക്ടർ എത്തും എന്ന് പറഞ്ഞെങ്കിലും ഇതും ഉണ്ടായില്ല. കുട്ടിയുമായി എത്തിയ കോയിപ്രം പൊലീസ് ആകട്ടെ ഒന്നാം ഘട്ടത്തിൽ ഔദ്യോഗികമായ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ആരും തന്നെ ആശുപത്രി സുപ്രണ്ടിനെയോ ഡി.എം.ഓയെയോ വിവരം ധരിപ്പിച്ചില്ല. ഇതിനു പിന്നിലും ഉന്നതന്റെ ഇടപെടൽ ഉണ്ടായതായി ഇടതു മുന്നണി പ്രവർത്തകർ തന്നെ പറയുന്നു.