കോഴിക്കോട്: വെള്ളയിൽ പുതിയകടവ് ആവിക്കൽ തോടിന് സമീപം നിർമ്മിക്കുന്ന മലിനജല സംസ്‌കരണ കേന്ദ്ര (സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്)ത്തിനെതിരായ സമരം ശക്തമായി തുടരുകയാണ്. ഈ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് വൻകിട മാളുകളിലെയും ഫ്്‌ളാറ്റുകളിലെയും കക്കൂസ് മാലിന്യം സംസ്‌കരിക്കലാണെന്നു സമരസമിതിയും നാട്ടുകാരും ആരോപിക്കുന്നു.

ഈ വിഷയം ചർച്ച ചെയ്യുന്നതിനിടെ ഇന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു.

ബന്ധപ്പെട്ട വാർഡിലെ ആളുകളെ പങ്കെടുപ്പിക്കാതെ തൊട്ടടുത്ത വാർഡിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മലിനജല പ്ലാന്റ് ആവശ്യം ചർച്ച ചെയ്‌തെന്നാണ് ഇവർ ആരോപിക്കുന്നത്. എതിർപ്പുകൾ മറികടന്ന് ചോദ്യം ചോദിച്ചവരെ യോഗത്തിൽനിന്നു പുറത്താക്കിയെന്നും ആരോപണമുണ്ട്.

ഇതോടെ പുറത്തുണ്ടായിരുന്ന സമരക്കാർ യോഗം നടന്ന ഹാളിൽ തള്ളിക്കയറി എംഎൽഎയെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. ഹാളിനു പുറത്ത് സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം രൂക്ഷമായപ്പോൾ പൊലീസ് രണ്ടുതവണ ലാത്തിവീശി.

പ്ലാന്റ് വരുന്നത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി

പരിസ്ഥിതിക്ക് ആഘാതമുണ്ടാവാൻ സാധ്യതയുള്ള ഒരു പദ്ധതി തുടങ്ങുമ്പോൾ ആദ്യമായി ആ പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം ആരായണമെന്നാണ് കേന്ദ്ര നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത്തരം ഒരു മാനദണ്ഡവും പാലിക്കാതെയാണ് ടെണ്ടർ നടപടി ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി യാതൊരു മുന്നറിയിപ്പുമില്ലാതെ മണ്ണു പരിശോധനക്കായി ഉദ്യോഗസ്ഥ സംഘം പൊലിസ് അകമ്പടിയോടെ ആവിത്തോട് പ്രദേശത്തേക്കു എത്തിയത്.

വിവിധ വാർഡുകളിലെ കക്കൂസ് മാലിന്യം ഇവിടെ സംസ്‌കരിക്കുമെന്നു പറയുമ്പോഴും ഇതിന്റെ മറവിൽ നഗരത്തിലെ വൻകിട മാളുകളിലെയും ഫ്്‌ളാറ്റുകളിലെയുമെല്ലാം മാലിന്യ സംസകരണമാണ് ഒളിയജണ്ടയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് ഏറെക്കുറെ ശരിയുമാണെന്ന അവസ്ഥിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

പ്ലാന്റിനെ ഏന്തുവിലകൊടുത്തും എതിർത്തു തോൽപ്പിക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട ജനാധിപത്യ സർക്കാർ ഇത്തരം ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോയാൽ ജീവൻത്യജിച്ചും അതിനെ പ്രതിരോധിക്കുമെന്ന ശക്തമായ നിലപാടിലാണ് സമരസമിതി. പദ്ധതി പ്രദേശത്ത് നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിച്ചത്. ഇവിടെ സ്ത്രീകൾക്കുനേരെ നടത്തിയ പൊലിസ് മർദ്ദനവും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

സെപ്റ്റിക് ടാങ്കിന് മതിയായ സൗകര്യമില്ലാത്തതിന്റെ പേരിൽ മാത്രം കോഴിക്കോട് കോർപറേഷനിൽ നിരവധി പ്ലാനുകളാണ് നിർമ്മാണ അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുന്നത്. ഇവയെല്ലാം ക്ലിയർ ചെയ്തു കൊടുക്കലും ഇതിലൂടെ കോടികളുടെ അഴിമതിയുമാണ് കോർപറേഷൻ ഭരണം കൈയാളുന്ന എൽ.ഡിഎഫ് നേതാക്കളുടെയും ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെയും മുഖ്യ ലക്ഷ്യമെന്ന ആരോപണവും ഇവിടെ പ്രസക്തമാവുകയാണ്.

പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത് തണ്ണീർത്തട പ്രദേശം

കോഴിക്കോട് നഗരത്തിലെ മുഖ്യ തോടായ ആവിത്തോടിന്റെ കടൽത്തീരത്തോട് ഏറെ അടുത്തുകിടക്കുന്ന ഭാഗത്താണ് പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. തണ്ണീർത്തടമായ ഈ പ്രദേശം ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും മഴക്കാലമായാൽ ഇപ്പോൾ തന്നെ മൂന്നൂറോളും വീടുകളിൽ വെള്ളം കയറുന്നതുമാണ്. ആവിതോടിന്റെ വീതി പ്ലാന്റ് യാഥാർഥ്യമാവുന്നതോടെ കുറയുമെന്നതിനാൽ പ്രദേശത്തെ നിലവിലെ വെള്ളക്കെട്ട് രൂക്ഷമാവാനും നിലവിലുള്ളതിന്റെ ഇരട്ടി വീടുകൾ വെള്ളക്കെട്ടിന്റെ കെടുതി അനുഭവിക്കേണ്ടിയും വരുമെന്നാണ് പദ്ധതിയെ എതിർക്കുന്നവർ പറയുന്നത്.