കോഴിക്കോട്: വെള്ളയിൽ പുതിയകടവ് ആവിക്കൽ തോടിന് സമീപം നിർമ്മിക്കുന്ന മലിനജല സംസ്‌കരണ കേന്ദ്ര (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്)ത്തിനെതിരായ സമരം ശക്തമായി തുടരുന്നതിനിടെ ഈ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് വൻകിട മാളുകളിലെയും ഫ്്ളാറ്റുകളിലെയും കക്കൂസ് മാലിന്യം സംസ്‌കരിക്കലാണെന്നു സമരസമിതിയും നാട്ടുകാരും. കോർപറേഷനിലെ അനധികൃത നമ്പർ നൽകൽ ഉൾപ്പെടെയുള്ള അഴിമതിക്കഥകളിൽ നിന്നു ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായിരുന്നു യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു സുപ്രഭാതത്തിൽ മണ്ണു പരിശോധനക്കായി ഉദ്യോഗസ്ഥ സംഘം വൻ പൊലിസ് സന്നാഹവുമായി പ്രദേശത്തേക്കു എത്തിയതെന്നും ഇവർ പറയുന്നു.

കോർപറേഷനിലെ നമ്പറിങ് അഴിമതിയുടെ കഥ പുറത്തായ പിറ്റേദിവസത്തെ പ്രഭാതത്തിലായിരുന്നു അതിരാവിലെ ട്രീറ്റ്മെന്റ് പ്ലാന്റിനായുള്ള മണ്ണു പരിശോധനക്കായി ഉദ്യോഗസ്ഥ സംഘം ആവിക്കലേക്കു കുതിച്ചത്. അതോടെ കോർപറേഷനിലെ അനധികൃതമായി നമ്പർ നൽകിയെന്ന ചൂടൻ വാർത്തക്ക് ജനകീയ പ്രശ്നമായ ട്രീറ്റ്മെന്റ് പ്ലാന്റ് സംഭവം കത്തിയതോടെ നിലനിൽപ്പില്ലാതാവുകയായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു സമര നടത്തുന്നവർ തീവ്രവാദികളാണെന്ന വിവിദ പ്രസ്താവനയുമായി സിപിഎം സെൻട്രൽ കമ്മിറ്റി അംഗവും ദേശാഭിമാനിയുടെ മുൻ എഡിറ്ററും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എം.വി ഗോവിന്ദൻ രംഗത്തെത്തിയത്. മന്ത്രിക്കൊപ്പം ഇതേ ആരോപണവുമായി മേയർ ഡോ. ബീനാ ഫിലിപ്പും ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദും രംഗത്തെത്തിയിരുന്നു.

ഇപ്പോൾ സമാന ആരോപണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും രംഗത്തുവന്നു. ആവിക്കലിൽനിന്ന് കഴിഞ്ഞ ദിവസം പിടിയിലായ മൂന്നുപേർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കണ്ടെത്തൽ സിപിഎം നേരത്തെ പറഞ്ഞ മാവോയിസ്റ്റ് ബന്ധത്തിനുള്ള സ്ഥിരീകരണമാണെന്നും മോഹനൻ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചെയ്യുന്ന സംഘടനകൾ ഉൾപ്പെടെ സമരത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അർബൺ മാവോയിസ്റ്റ് വിഭാഗത്തിന്റെ സാന്നിധ്യം നേരത്തെ നഗരത്തിൽ സംശയിക്കപ്പെട്ടിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ളവർ ആവിക്കലിൽ പിടിയിലായതോടെ അക്കാര്യം സ്ഥിരീകരിക്കുകയാണ്. രാജ്യത്ത് മാവോയിസ്റ്റുകൾ ശിഥിലമായി വരുകയാണ്. അത്തരമൊരു ഘട്ടത്തിൽ ഇസ്സാമിസ്റ്റ് വിപ്ലവത്തിലാണ് പ്രതീക്ഷ അർപ്പിക്കുന്നതെന്ന് നേരത്തെ മാവോയിസ്റ്റ് നേതാവായ ഗണപതി പറഞ്ഞിരുന്നു. അത്തരമൊരു അന്തർധാരയുടെ ഭാഗമായാണ് ചില മത തീവ്രവാദ മൗലികവാത പ്രസ്ഥാനങ്ങളുമായി മാവോയിസ്റ്റുകൾ ബന്ധം പുലർത്തുന്നത്. തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ആവിക്കൽ സമരത്തിൽ സിപിഎം നേരത്തെ പറഞ്ഞതാണ്. അവരുടെ പിന്തുണയോടെ നടക്കുന്ന സമരം ഗൗരവമേറിയ വിഷയമാണെന്നും മോഹനൻ പറഞ്ഞു.

സമരം ഏറ്റെടുക്കാൻ മുന്നോട്ടുവന്ന യുഡിഎഫ് ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണം. മാലിന്യമില്ലാത്ത കോഴിക്കോട് എന്നത് നാടിന്റെ സ്വപ്നമാണ്. ആ സ്വപ്ന പദ്ധതി അട്ടിമറിക്കുന്നതിന് മാവോയിസ്റ്റും തീവ്രവാദികളുമായി ഒത്തുചേരുമ്പോൾ അതിന്റെ മുൻപന്തിയിൽ യുഡിഎഫ് നിൽക്കേണ്ടതുണ്ടോയെന്ന് അവർ പുനപരിശോധിക്കണം. വികസനത്തെ അട്ടിമറിക്കുന്ന നീക്കങ്ങൾക്കെതിരേ ജനങ്ങൾ ജാഗ്രതയോടെ ഒന്നിച്ചുനിൽക്കണമെന്നും മോഹനൻ ആവശ്യപ്പെട്ടു.

ആവിക്കലിലെ മലിനജലസംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രകടപ്പിക്കാനെത്തിയ മൂന്ന് യുവാക്കളെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. മൂന്നുപേർക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട മാവോവാദി സി.പി. ജലീലിന്റെ സഹോദരൻ മലപ്പുറം പാണ്ടിക്കാട് ചെറുക്കപ്പള്ളി സി.പി. നഹാസ് റഹ്മാൻ, നിലമ്പൂർ ഏരിക്കുന്നുമ്മൽ ഷനീർ, കക്കോടി കൊളങ്ങരവയൽ ഭഗത്ദിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പ്ലാന്റ് നല്ലതാണെങ്കിൽ എന്തിന് പ്രതിപക്ഷ വാർഡിൽ മാത്രം നടപ്പാക്കുന്നു?

വികസനവും ജനങ്ങളുടെ നന്മയും ലക്ഷ്യമിട്ടാണെങ്കിൽ എന്തിനാണ് പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളായ വെള്ളയിലും മുഖദാറിലും മാത്രം ഈ പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം. പദ്ധതിയെക്കുറിച്ച് കൃത്യമായ ധാരണ മേയർ ഉൾപ്പെടെയുള്ള ഭരണ പക്ഷത്തിന് ഇല്ലെന്നാണ് പ്രതിപക്ഷവും സമര സമിതിയും ആരോപിക്കുന്നത്. നാലു വാർഡുകളിലെ സെപ്റ്റിക് മാലിന്യം ഇവിടെ സംസ്‌കരിക്കുമെന്നു ആദ്യം പറഞ്ഞ മേയർ ഡോ. ബീന ഫിലിപ്പ് പിന്നീട് അത് മൂന്നെന്നും രണ്ടെന്നും തിരുത്തിപ്പറഞ്ഞെന്നു പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.

സത്യത്തിൽ സിപിഎം നേതൃത്വം നൽകുന്ന കോഴിക്കോട് കോർപറേഷന് പദ്ധതിയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് ബോധ്യപ്പെടുന്നത്. വെള്ളയിൽ വാർഡിലാണ് ആവിത്തോട്, മുഖദാർ വാർഡിലാണ് രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കുന്ന കോതി പ്രദേശം. ഇവ രണ്ടും യു.ഡി.എഫിന്റെ ഭാഗമായ മുസ് ലിം ലീഗിന്റെ കൗൺസിലർമാരുടെ വാർഡുകളാണ്. പൈപ്പ് വഴി ഇവിടെ എത്തിക്കുന്ന കക്കൂസ് മാലിന്യം ട്രീറ്റ് ചെയ്യാനാണ് 118 കോടിയുടെ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

പ്ലാന്റ് വരുന്നത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി

പരിസ്ഥിതിക്ക് ആഘാതമുണ്ടാവാൻ സാധ്യതയുള്ള ഒരു പദ്ധതി തുടങ്ങുമ്പോൾ ആദ്യമായി ആ പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം ആരായണമെന്നാണ് കേന്ദ്ര നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത്തരം ഒരു മാനദണ്ഡവും പാലിക്കാതെയാണ് ടെണ്ടർ നടപടി ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി യാതൊരു മുന്നറിയിപ്പുമില്ലാതെ മണ്ണു പരിശോധനക്കായി ഉദ്യോഗസ്ഥ സംഘം പൊലിസ് അകമ്പടിയോടെ ആവിത്തോട് പ്രദേശത്തേക്കു എത്തിയത്.

വിവിധ വാർഡുകളിലെ കക്കൂസ് മാലിന്യം ഇവിടെ സംസ്‌കരിക്കുമെന്നു പറയുമ്പോഴും ഇതിന്റെ മറവിൽ നഗരത്തിലെ വൻകിട മാളുകളിലെയും ഫ്്ളാറ്റുകളിലെയുമെല്ലാം മാലിന്യ സംസകരണമാണ് ഒളിയജണ്ടയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് ഏറെക്കുറെ ശരിയുമാണെന്ന അവസ്ഥിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

പ്ലാന്റിനെ ഏന്തുവിലകൊടുത്തും എതിർത്തു തോൽപ്പിക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട ജനാധിപത്യ സർക്കാർ ഇത്തരം ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോയാൽ ജീവൻത്യജിച്ചും അതിനെ പ്രതിരോധിക്കുമെന്ന ശക്തമായ നിലപാടിലാണ് സമരസമിതി. പദ്ധതി പ്രദേശത്ത് നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിച്ചത്. ഇവിടെ സ്ത്രീകൾക്കുനേരെ നടത്തിയ പൊലിസ് മർദ്ദനവും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

സെപ്റ്റിക് ടാങ്കിന് മതിയായ സൗകര്യമില്ലാത്തതിന്റെ പേരിൽ മാത്രം കോഴിക്കോട് കോർപറേഷനിൽ നിരവധി പ്ലാനുകളാണ് നിർമ്മാണ അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുന്നത്. ഇവയെല്ലാം ക്ലിയർ ചെയ്തു കൊടുക്കലും ഇതിലൂടെ കോടികളുടെ അഴിമതിയുമാണ് കോർപറേഷൻ ഭരണം കൈയാളുന്ന എൽ.ഡിഎഫ് നേതാക്കളുടെയും ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെയും മുഖ്യ ലക്ഷ്യമെന്ന ആരോപണവും ഇവിടെ പ്രസക്തമാവുകയാണ്.

പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത് തണ്ണീർത്തട പ്രദേശം; പ്രദേശത്തെ വെള്ളക്കെട്ട് ഇരട്ടിയാക്കും

കോഴിക്കോട് നഗരത്തിലെ മുഖ്യ തോടായ ആവിത്തോടിന്റെ കടൽത്തീരത്തോട് ഏറെ അടുത്തുകിടക്കുന്ന ഭാഗത്താണ് പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. തണ്ണീർത്തടമായ ഈ പ്രദേശം ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും മഴക്കാലമായാൽ ഇപ്പോൾ തന്നെ മൂന്നൂറോളും വീടുകളിൽ വെള്ളം കയറുന്നതുമാണ്. ആവിതോടിന്റെ വീതി പ്ലാന്റ് യാഥാർഥ്യമാവുന്നതോടെ കുറയുമെന്നതിനാൽ പ്രദേശത്തെ നിലവിലെ വെള്ളക്കെട്ട് രൂക്ഷമാവാനും നിലവിലുള്ളതിന്റെ ഇരട്ടി വീടുകൾ വെള്ളക്കെട്ടിന്റെ കെടുതി അനുഭവിക്കേണ്ടിയും വരുമെന്നാണ് പദ്ധതിയെ എതിർക്കുന്നവർ പറയുന്നത്. തോട് കടലിനോടു ചേരുന്ന ഒരു കിലോമീറ്ററോളം പ്രദേശം നഗരത്തിലെ ഓടകളിൽനിന്നുള്ള ദുർഗന്ധം വമിക്കുന്ന മലിനജലം ഒഴുകുന്നതോ, കെട്ടിക്കിടക്കുന്നതോ ആണെന്നതും പ്രത്യേകം ഓർക്കേണ്ടതുണ്ട്.

സമരസമിതിക്കായി പ്രകടനം സിപിഎം നാലുപേരെ പുറത്താക്കി

ഏഴു മാസമായി ആവിക്കൽ തോട് ട്രീറ്റ്മെന്റ് പ്ലാന്റിനെതിരേ സമരം നടത്തുന്ന സമരസമിതിക്ക് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തിയ അൻപതോളം വരുന്ന സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരിൽ നാലു പേരെ അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഎം രണ്ടാഴ്ച മുൻപ് പുറത്താക്കിയിരുന്നു. പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് എതിരായി പ്രവർത്തിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർക്കെതിരേ നടപടി സ്വീകരിച്ചത്. എന്നാൽ നാടിനും നാട്ടുകാർക്കും വേണ്ടാത്തതും വൻ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമായ ഒരു പദ്ധതിക്കായി നേതൃത്വം കടുംപിടുത്തം പിടിക്കുന്നത് ശരിയായ ജനാധിപത്യ രീതിയല്ലെന്നാണ് പ്രകടനത്തിൽ സഹകരിച്ചവർ പറയുന്നത്.