പെരിന്തൽമണ്ണ: മങ്കട രാമപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പേരക്കുട്ടിയുടെ ഭർത്താവ് അറസ്റ്റിലാകുമ്പോൾ കൈയടി നേടുന്നത് കേരളാ പൊലീസിന്റെ അന്വേഷണ മികവ്. രാമപുരം ബ്ലോക്ക് പടിയിൽ കൊല്ലപ്പെട്ട മുട്ടത്തിൽ ആയിഷ (72)യുടെ മകളുടെ മകളുടെ ഭർത്താവ് നിലമ്പൂർ മമ്പാട് മേപ്പാടം സ്വദേശി പാന്താർ വീട്ടിൽ നിഷാദ് അലി(34)യെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ നിഷാദ് അലി സ്വകാര്യ സ്ഥാപനത്തിൽ ഐ.ടി. അദ്ധ്യാപകനായി ജോലിചെയ്തുവരികയായിരുന്നു. ഇയാൾക്ക് ലക്ഷങ്ങളുടെ കടബാധ്യതകളുമുണ്ട്. ഇത് തീർക്കാൻ വേണ്ടിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആയിഷയുടെ വീട്ടിൽ കവർച്ച നടത്താൻ ലക്ഷ്യമിട്ടതും കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

ആയിഷ നൽകിയ ചായ കുടിച്ച ശേഷം നിഷാദ് അകത്തെ ശുചിമുറിയിൽ കയറി കയ്യിൽ ഗ്ലൗസ് ധരിച്ചെത്തി ശ്വാസം മുട്ടിച്ചും മർദിച്ചും കൊലപ്പെടുത്തി. ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം കടന്നു കളയുകയായിരുന്നു. ഭാവ വ്യത്യാസമില്ലാതെ മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. സാമ്പത്തിക ബാധ്യത മൂലം നിഷാദ് അലി തന്റെ വിദ്യാർത്ഥികളോടും സുഹൃത്തുക്കളോടും പണവും സ്വർണവും കടം വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.

മമ്പാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പത്തുവർഷത്തോളമായി ഐ.ടി. ഗസ്റ്റ് അദ്ധ്യാപകനാണ് നിഷാദ് അലി. ജൂലായ് 16-ന് രാത്രി ഒൻപതരയോടെയാണ് ആയിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. അവർ ധരിച്ചിരുന്ന എട്ടേകാൽ പവൻ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒരു സൂചനയുടെ പിന്നാലെ പോയാണ് പ്രതിയെ പൊലീസ് പിടിച്ചത്. വീട്ടിൽ ചായയും ഓംലെറ്റുമുണ്ടാക്കി അയിഷ ആതിഥ്യമര്യാദ കാണിച്ചിരുന്നു. ഇതാണ് ബന്ധുക്കളിലേക്ക് അന്വേഷണം എത്തിയത്. ബന്ധുക്കളും നാട്ടുകാരുമായി ആയിരത്തോളം പേരെയാണ് നേരിട്ടും ഫോണിലൂടെയും ചോദ്യംചെയ്തത്.

ഇതിനിടെ നിഷാദ് അലിയെക്കുറിച്ച് വിവരം ലഭിച്ചു. ഇയാൾ നാട്ടിലില്ലെന്നറിഞ്ഞതോടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. അലിയുമായി പണമിടപാടുകൾ നടത്തിയവരെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും തെളിവുകൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. നിഷാദ് അലിക്കെതിരേ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിലമ്പൂർ പൊലീസിലുള്ള വഞ്ചനക്കേസ് ശ്രദ്ധയിൽപ്പെട്ടതും നിർണ്ണായകമായി. ഇയാൾ ജോലിചെയ്യുന്ന സ്‌കൂളിൽനടന്ന മോഷണവും പഠിപ്പിക്കുന്ന കുട്ടികളിൽ നിന്നും മറ്റും സ്വർണാഭരണങ്ങൾ വാങ്ങി പണയംവെച്ച വിവരങ്ങളും ലഭിച്ചു.

പൊലീസ് അന്വേഷിച്ചപ്പോൾ പ്രതി നാട്ടിലില്ലെന്നുമറിഞ്ഞു. സ്‌കൂളിന്റെ പൂട്ട് തകർത്ത് 80,000 രൂപയും ലക്ഷത്തോളം രൂപയുടെ ക്യാമറയും മോഷ്ടിച്ചിരുന്നു. സ്‌കൂളിലെ മോഷണത്തിനുപിന്നിൽ ഐ.ടി. അദ്ധ്യാപകനായ ഇയാളാണെന്ന തെളിവുകളും ലഭിച്ചു. തിരിച്ചറിയാതിരിക്കാൻ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡി.വി.ആർ. ഉപകരണം വടപുറം പുഴയിൽ എറിഞ്ഞെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. ക്യാമറ കോഴിക്കോട് ബസ്സ്റ്റാൻഡിനടുത്തെ കടയിൽ വിറ്റു. അ്ങനെ നിലമ്പൂർ പൊലീസ് അന്വേഷിക്കുന്ന ഈ കേസിനും തുമ്പായി.

ഓൺലൈൻ പണമിടപാടുകളുമായി ബന്ധപ്പെട്ട് പ്രതിക്ക് 50 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതകളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിഷയുടെ ആഭരണങ്ങൾ ശ്രദ്ധിക്കുകയും ഇത് കൈക്കലാക്കാൻ ആസൂത്രണം നടത്തുകയുമായിരുന്നു. പലതവണ വീട്ടിലെത്തി ആയിഷയുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാനും ശ്രമിച്ചു. ഒരുമാസം മുൻപ് പദ്ധതിയിട്ട് രണ്ടുതവണ കൊല നടത്താനായി വൈകുന്നേരം രാമപുരത്തെത്തി. എന്നാൽ ദേശീയപാതയോരത്തെ വീടായതിനാലും കടയും ആളുകളുമുള്ളതിനാലും നടന്നില്ല.

മൂന്നാംശ്രമത്തിൽ സമയം മാറ്റി രാവിലെ വീട്ടിലെത്തി കൃത്യം നടത്തി. കൃത്യത്തിനുശേഷം യാതൊരു സംശയത്തിനും ഇട നൽകാതെ സ്വന്തം വീട്ടിലെത്തി. രാത്രി ആയിഷുമ്മയുടെ മരണവിവരം ഭാര്യ പറഞ്ഞപ്പോൾ ഭാര്യയെയും കൂട്ടി രാമപുരത്തെത്തി. സംശയത്തിനിടയില്ലാതെ ബന്ധുക്കൾക്കൊപ്പം എല്ലാ കാര്യത്തിനും ഒപ്പംനിന്നു. പിറ്റേന്ന് ഖബറടക്കത്തിനുശേഷമാണ് മടങ്ങിയത്.

തനിച്ചുതാമസിക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തി കവർച്ച നടത്തുന്നത് തുടർച്ചയാവുന്നതിനിടയിലാണ് മങ്കട രാമപുരത്ത് സ്ത്രീ കൊല്ലപ്പെടുന്നത്. ജൂണിൽനടന്ന കുറ്റിപ്പുറത്തെ കേസിൽ പ്രതിയെ പിടിച്ചെങ്കിലും തവനൂർ കേസിൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. സമാനമായ മൂന്നാമത്തെ കേസായി ജൂലായിലാണ് രാമപുരം കേസുണ്ടാകുന്നത്. ഇതോടെ പ്രതിയെ പിടിക്കുന്നതിന് പൊലീസ് രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി.

പെരിന്തൽമണ്ണ ഡിവൈ.എസ്‌പി. എം. സന്തോഷ്‌കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. കെ.എം. ബിജു, മങ്കട പൊലീസ് ഇൻസ്‌പെക്ടർ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ സി.പി. മുരളീധരൻ, സി.പി. സന്തോഷ്‌കുമാർ, ഷാഹുൽ ഹമീദ്, പി.എസ്. ഷിജു, പ്രശാന്ത് പയ്യനാട്, എം. മനോജ്കുമാർ, എൻ.ടി. കൃഷ്ണകുമാർ, അഷ്‌റഫ് കൂട്ടിൽ, ദിനേശ് കിഴക്കേക്കര, പ്രഭുൽ, ബിന്ദു, സൈബർ സെല്ലിലെ ഷൈലേഷ് എന്നിവരാണുണ്ടായിരുന്നത്.