അയോധ്യ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടത്ത പ്രതിസന്ധിയിലാക്കുകയാണ് പരിവാറുകാർ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി വിഎച്ച്പി രംഗത്ത് വരുന്നത് മോദിക്കുള്ള താക്കീതാണ്. അടുത്ത വർഷം ആദ്യം പ്രയാഗ്രാജിലെ കുംഭമേളയിൽ രാമക്ഷേത്രനിർമ്മാണ തീയതി പ്രഖ്യാപിക്കുമെന്നു വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) ധർമസഭ നിലപാട് വിശദീകരിച്ചതോടെ കേന്ദ്ര സർക്കാർ വെട്ടിലാവുകയാണ്. രാാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രം രാമക്ഷേത്രം ചർച്ചാക്കാനുള്ള മോദിയുടെ നീക്കത്തിനെയാണ് അയോധ്യയിലെ ധർമ്മ സഭ ചോദ്യം ചെയ്യുന്നത്. ഇനി രാമക്ഷേത്ര നിർമ്മാണത്തിനായി കാത്ത് നിൽക്കാനാവില്ലെന്ന സന്ദേശം സന്യാസിമാർ നൽകുമ്പോൾ കേന്ദ്ര സർക്കാർ അക്ഷരാർത്ഥത്തിൽ വെട്ടിലാവുകയാണ്.

ആയോധ്യയിൽ ഇന്നലെ എത്തിയത് ലക്ഷങ്ങളാണ്. ബാബറി മസ്ജിദ് തകർത്ത ശേഷമുള്ള ഏറ്റവും വിലയ ഒത്തുചേരൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിഎച്ച്പി പ്രവർത്തകരും സന്യാസിമാരും സമ്മേളിച്ച ധർമസഭയിൽ നിർമോഹി അഖാരയുടെ രാംജിദാസാണു പ്രഖ്യാപനം നടത്തിയത്. ജനുവരി 15 നാണു കുംഭമേള ആരംഭിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിനായി സന്യാസിമാർ പ്രതിജ്ഞയെടുത്തു. അതുകൊണ്ട് തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണമെന്ന ആവശ്യം ശക്തിപ്പെടുമ്പോൾ ഉറക്കം മുടങ്ങുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി കേന്ദ്രനേതൃത്വത്തിനും. പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ കേന്ദ്ര സർക്കാരിനെ കുഴപ്പത്തിലാക്കുന്ന നീക്കമാണ് ഇത്. ക്ഷേത്രത്തിൽ കടുംപിടിത്തം പാടില്ലെന്നും എല്ലാ ശറിയാക്കാമെന്നുമുള്ള നിലപാടാണ് ബിജെപിക്കുള്ളത്. എന്നാൽ പറ്റില്ലെന്ന് വിഎച്ച്പിയും പറയു്ന്നു.

ബിജെപിയിലെ മോദിയുടെ പിൻഗാമിയാകുമെന്നു വരെ കരുതപ്പെടുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളും നീക്കങ്ങളും പരിവാറുകാർക്ക് കരുത്ത ്പകരുന്നത്. രാമന്റെ പ്രതിമ നിർമ്മിക്കുമെന്ന പ്രഖ്യാപനവും മറ്റും പരിവാറുകാർ ആവേശത്തോടെ ഏറ്റെടുക്കുന്നു. എൻഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ നീക്കങ്ങളും ഉന്നം വയ്ക്കുന്നതു മോദിയെതന്നെ. ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിലെ സമരമുഖത്ത് എത്തിയതു ബിജെപിയെ അസ്വസ്ഥരാക്കുന്നു. ഇതെല്ലാം മോദിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ്. രാമക്ഷേത്രം മോദിയുടെ മുഖ്യ പ്രചാരണായുധമായിരുന്നെങ്കിലും നടപ്പാക്കാനുള്ള വാഗ്ദാനമായി ബിജെപി അതിനെ കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ധർമ്മ സഭ ചേർന്നത്.

കേന്ദ്രത്തിനൊപ്പം യുപിയിലും ബിജെപി അധികാരത്തിലെത്തിയതും ഭൗതികസാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിയിരിക്കുന്നതുമാണു ക്ഷേത്രവാദികളെ തീരുമാനങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. പട്ടാളവും പൊലീസും തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് കർസേവകരുടെ പ്രതീക്ഷ. എന്നാൽ മോദി മനസ്സ് തുറക്കാത്തത് അവരെ ആശയ കുഴപ്പത്തിലാക്കുന്നുണ്ട്. ക്ഷേത്രനിർമ്മാണത്തിന് എതിരു നിൽക്കുന്നതു നരേന്ദ്ര മോദിയാണെന്ന പ്രചാരണവും അണിയറയിൽ ശക്തമാണ്. നിയമം കൊണ്ടുവരികയോ ഓർഡിനൻസ് ഇറക്കുകയോ ചെയ്യണമെന്ന ആവശ്യത്തോടു മോദി പ്രതികരിച്ചിട്ടില്ല. തീവ്ര ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ചു വന്ന മുൻ ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയാവുകയെന്ന ലക്ഷ്യം സാധിച്ചതോടെ ഭൂരിപക്ഷ താൽപര്യത്തോടു മുഖം തിരിക്കുകയാണെന്ന ആരോപണമാണ് അദ്ദേഹം നേരിടുന്നത്.

വിഎച്ച്പിയും സന്യാസിമാരും പ്രഖ്യാപിച്ചിരിക്കുന്ന ദേശവ്യാപക പ്രചാരണ പരിപാടികളും കുംഭകർണനെ ഉണർത്താനാണു തന്റെ വരവ് എന്ന് ഉദ്ധവ് പറഞ്ഞതും മോദിയെയാണ് വേദനിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദിനങ്ങളിൽ അയോധ്യ പ്രക്ഷോഭത്തിനു കരുത്തു കുറയില്ലെന്നു നേതൃത്വത്തിനു ബോധ്യമുണ്ട്; അതു നിയന്ത്രണവിധേയമാക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിനു തൽക്കാലം ഉത്തരമില്ലെങ്കിലും. അതേസമയം, അംബരീഷിന്റെ മരണത്തെ തുടർന്നു ബെംഗളൂരുവിലെ വിഎച്ച്പി റാലി മാറ്റി. ഡിസംബർ രണ്ടാണു പുതിയ തീയതി.

'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ'

'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യവുമായി വിഎച്ച്പിയും ക്ഷേത്രനിർമ്മാണ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും അയോധ്യയിൽ വെവ്വേറെ സമ്മേളനങ്ങളാണു നടത്തിയത്. 75,000 വിഎച്ച്പി പ്രവർത്തകർ അയോധ്യയിലെത്തിയെന്നാണു വിവരം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണു ശിവസേനാ പ്രവർത്തകർ അയോധ്യയിൽ ഒത്തുചേർന്നത്.

രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും ഡിസംബർ 11 നുശേഷം തീരുമാനമെടുക്കുമെന്നു സ്വാമി രാമഭദ്രാചാര്യ ധർമസഭയിൽ പറഞ്ഞു. ക്ഷേത്രനിർമ്മാണത്തിന് ഓർഡിനൻസ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടാകുമെന്നു കൂടിക്കാഴ്ചയ്ക്കിടെ ഒരു കേന്ദ്രമന്ത്രി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 11 വരെ പെരുമാറ്റചട്ടം നിലവിലുണ്ട്. ക്ഷേത്രനിർമ്മാണം ചർച്ച ചെയ്യുന്ന കൂട്ടങ്ങൾ പലയിടത്തും. 1992 നുശേഷം രാമഭക്തരുടെ ഏറ്റവും വലിയ സമ്മേളനമാണു അയോധ്യയിൽ നടന്നതെന്ന് വിഎച്ച്പി.

രാമക്ഷേത്രം നിർമ്മിക്കുന്നതിന് രാമജന്മഭൂമി ന്യാസിന്റെ പണിപ്പുര പ്രവർത്തിക്കുന്ന സ്ഥലത്തിനു സമീപമായിരുന്നു വിഎച്ച്പിയുടെ സന്യാസി സമ്മേളനം. 'ജയ് ശ്രീരാം' വിളികളോടെ ആയിരങ്ങളാണു രാവിലെ മുതൽ നഗരത്തിലേക്ക് എത്തിയത്. 1986 ലെ പ്രശസ്തമായ രാമായണ ടിവി പരമ്പര നഗരത്തിൽ പലയിടത്തും പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.

ശനിയാഴ്ച മുതൽ കനത്ത പൊലീസ് കാവലിലായിരുന്നു അയോധ്യയും ഫൈസാബാദും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു പുറമേ ആയിരത്തിലേറെ സായുധ സേനാംഗങ്ങളും സുരക്ഷ ഒരുക്കി. സമ്മേളനത്തിനെത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ആകാശനിരീക്ഷണത്തിനായി ഡ്രോണുകളും ഉപയോഗിച്ചു.

സമാധാനം ഉറപ്പുവരുത്തണം: മുസ്ലിം സംഘടനകൾ

അയോധ്യയിൽ സമാധാനം ഉറപ്പുവരുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുഷാവറ (എഐഎംഎംഎം) കത്തെഴുതി. ഡസനിലേറെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയാണ് എഐഎംഎംഎം. അയോധ്യയിൽ വിവിധ മതസ്ഥർ തമ്മിൽ പ്രശ്‌നങ്ങളില്ലെങ്കിലും പുറമേനിന്നെത്തുന്നവർ കുഴപ്പമുണ്ടാക്കിയേക്കുമെന്നാണ് ആശങ്ക.

അവിടെ തൽസ്ഥിതിയിൽ ബലപ്രയോഗത്തിലൂടെ മാറ്റമുണ്ടാക്കാനും സുപ്രീം കോടതി ഉത്തരവുകൾ ലംഘിക്കാനും ശ്രമമുണ്ടായാൽ അതു വലിയ സംഘർഷത്തിനിടയാക്കും. ക്രമസമാധാനം പാലിക്കുന്നതിൽ യുപി സർക്കാരിന്റെ അനാസ്ഥ ആയിരക്കണക്കിനു നിരപരാധികളുടെ സുരക്ഷ അപകടത്തിലാക്കിയിരിക്കുകയാണെന്നും എഐഎംഎംഎം കുറ്റപ്പെടുത്തി. വിഎച്ച്പി സമ്മേളനത്തിനു മുൻപേ സുരക്ഷാഭീതി മൂലം ന്യൂനപക്ഷ സമുദായത്തിലെ ഏതാനും കുടുംബങ്ങൾ തൽക്കാലത്തേക്കു അയോധ്യ വിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.