അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ഫണ്ട് ശേഖരണ യജ്ഞം സമാപിച്ചപ്പോൾ പ്രതീക്ഷിച്ചതിലും ഏറെ കോടികൾ. 44 ദിവസത്തെ യജ്ഞം പൂർത്തിയായത് ശനിയാഴ്ചയാണ്. 2100 കോടിയിലേറെ തങ്ങൾ സമാഹരിച്ചതായി ട്രസ്റ്റ് അറിയിച്ചു. ജനുവരി 15 ന് ക്രൗഡ് ഫണ്ടിങ്ങിന് മുന്നോടിയായി ഏകദേശം 1,100 കോടിയാണ് രാമക്ഷേത്ര നിർമ്മാണത്തിനായി കണക്കാക്കിയത്. എന്നാൽ, പ്രതീക്ഷിച്ചതിലും ആയിരം കോടി അധികമായി സമാഹരിക്കാൻ കഴിഞ്ഞു.

ഹിന്ദു സമുദായാംഗങ്ങളെ കൂടാതെ ക്ഷേത്രനിർമ്മാണത്തിനായി പൊതുസമൂഹത്തിൽ നിന്ന് ജാതി മത ഭേദമന്യേ നിരവധി പേർ ഉദാരമായി സംഭാവന ചെയ്തിരുന്നു. കറൻസിക്ക് പുറമേ സ്വർണം, വെള്ളി എന്നീ രൂപത്തിലും സംഭാവനകൾ അയോദ്ധ്യയിലേക്ക് പ്രവഹിച്ചിരുന്നു. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. ഒരു ഘട്ടത്തിൽ ഇനിയും വെള്ളി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യരുതെന്ന് ട്രസ്റ്റിന് ഭക്തരോട് അപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. സ്വർണവും വെള്ളിക്കട്ടകൾ സൂക്ഷിക്കുവാൻ ലോക്കറുകളിൽ സ്ഥലമില്ലാത്തതിനെ തുടർന്നായിരുന്നു ഇത്.

രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിൽ നിന്നു പോലും ജനം ഇരു കൈയും നൽകിയാണ് ക്ഷേത്ര നിർമ്മാണ പ്രവർത്തികളിൽ പങ്കാളികളാവാൻ മുന്നോട്ട് വന്നത്. അധികമായി ലഭിച്ച തുക അയോദ്ധ്യ നഗരിയുടെ വികസനത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. കൂടാതെ, സീതാദേവിയുടെ പേരിൽ സംസ്‌കൃത സർവകലാ ശാല നിർമ്മിക്കാനും അയോധ്യയിലെത്തുന്നവർക്ക് സൗജന്യമായി പാൽ വിതരണം ചെയ്യാൻ ഗോശാല സ്ഥാപിക്കാനും ആലോചനയുണ്ട്. അയോധ്യയിൽ ജീർണാവസ്ഥയിലായ ക്ഷേത്രങ്ങളുടെ പുനർനിർമ്മാണത്തിനും ഫണ്ട് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അധിക തൂക ധൂർത്തടിക്കരുതെന്ന് അയോധ്യയിലെ സന്ന്യാസിമാർ ക്ഷേത്ര ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ക്ഷേത്ര നിർമ്മാണത്തിന്റെ ബജറ്റിന് അന്തിമ രൂപം ആയിട്ടില്ലെന്നും നിർമ്മാണം പൂർത്തിയായ ശേഷമേ ചെലവ് പൂർണമായി അറിയാൻ കഴിയൂ എന്നും ട്രസ്റ്റംഗമായ അനിൽ മിശ്ര അഭിപ്രായപ്പെട്ടു.

2020 ഓഗസ്റ്റ് അഞ്ചിനാണ് ശ്രീരാമജന്മഭൂമിയിൽ 'രാം ലല്ല' ക്ഷേത്രനിർമ്മാണത്തിനു തുടക്കമായത്. അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിർമ്മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമർപ്പിച്ചാണ് ശിലാന്യാസം നടത്തിയത്.