- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമാനുഷ്ഠാനങ്ങളുടെ ഓർമ്മപ്പെടുത്തലുമായി ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം; അവനവൻ വിശ്വസിക്കുന്ന ഈശ്വരനിലാണ് അദ്വൈത തത്വം കുടികൊള്ളുന്നതെന്ന് സ്വാമി ദിവ്യാനന്ദ സരസ്വതി
ചെറുകോൽപ്പുഴ: സനാതന ധർമത്തിന്റെ സത്യദർശനങ്ങളും അദ്വൈത ബോധവും നിത്യജീവിതത്തിലെ ധർമാനുഷ്ഠാനങ്ങളിലൂടെ ഈശ്വരനിലേക്ക് അടുക്കാനുള്ള മാർഗങ്ങളും ഉപദേശിച്ചു 104-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഭക്തിനിർഭരമായ തുടക്കം. പമ്പ മണൽപ്പുറത്ത് തയാർ ചെയ്ത വിദ്യാധിരാജാ നഗറിൽ നാമമന്ത്രങ്ങളും ചട്ടമ്പിസ്വാമി സ്തുതിഗീതങ്ങളും നിറഞ്ഞു
ചെറുകോൽപ്പുഴ: സനാതന ധർമത്തിന്റെ സത്യദർശനങ്ങളും അദ്വൈത ബോധവും നിത്യജീവിതത്തിലെ ധർമാനുഷ്ഠാനങ്ങളിലൂടെ ഈശ്വരനിലേക്ക് അടുക്കാനുള്ള മാർഗങ്ങളും ഉപദേശിച്ചു 104-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഭക്തിനിർഭരമായ തുടക്കം.
പമ്പ മണൽപ്പുറത്ത് തയാർ ചെയ്ത വിദ്യാധിരാജാ നഗറിൽ നാമമന്ത്രങ്ങളും ചട്ടമ്പിസ്വാമി സ്തുതിഗീതങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ഋഷികേശ് കൈലാസ പീഠാധീശ്വർ സ്വാമി ദിവ്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മനുഷ്യജന്മം മോക്ഷപ്രാപ്തിക്കുള്ളതാണെന്നും അതിനായി സർവ ചരാചരങ്ങളിലും കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ തിരിച്ചറിഞ്ഞു സ്വന്തം ധർമങ്ങൾ ശരിയായ വിധത്തിൽ അനുഷ്ഠിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
രാജ്യങ്ങൾക്കും മനുഷ്യനും രൂപവും ഭാവവും മാറിയിട്ടും തത്വസംഹിതകൾ അടിപതറാതെ നിലനിൽക്കുന്നത് അവ ഈശ്വര കൽപ്പിതമായതിനാലാണ്. അദ്വൈതമാണ് ഇതിനടിസ്ഥാനം. സർവവ്യാപിയായ ധർമമാണ് സനാതന തത്വത്തിന് രൂപം നൽകുന്നത്. വേദതത്വങ്ങളാണ് ഇവയെ നയിക്കുന്നത്. അദ്വൈതത്തിന് ജാതി, മത, വർഗ വ്യത്യാസമില്ല. അവനവൻ വിശ്വസിക്കുന്ന ഈശ്വരനിലാണ് അദ്വൈത തത്വം കുടികൊള്ളുന്നത്. സത്യസന്ധമായും ധാർമികമായും ധർമാനുഷ്ഠാനം നടത്തിയാൽ ഈശ്വര പ്രസാദം ലഭിക്കുമെന്നും മനുഷ്യജന്മത്തിൽ മോക്ഷപ്രാപ്തിക്കായി കർമം അനുഷ്ഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്യസഭ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ, രാജു ഏബ്രഹാം എംഎൽഎ, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് ടി. എൻ. ഉപേന്ദ്രനാഥക്കുറുപ്പ്, സെക്രട്ടറി ടി. എൻ. രാജശേഖരൻ പിള്ള എന്നിവർ പ്രസംഗിച്ചു. രാത്രി ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദ മതപ്രഭാഷണം നടത്തി. പരിഷത്തിനു തുടക്കം കുറിച്ചു മതമഹാമണ്ഡലം പ്രസിഡന്റ് ടി. എൻ. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയർത്തി. വിദ്യാധിരാജാ നഗറിൽ ഭദ്രദീപ പ്രതിഷ്ഠയും നടത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന മതപരിഷത് 14നു സമാപിക്കും.
പമ്പാതീരത്താണ് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്. ആത്മീയ പ്രഭാഷണങ്ങളിലൂടെയും മറ്റും സാംസ്‌കാരിക നവോത്ഥാനമാണ് കൺവെൻഷന്റെ ലക്ഷ്യം.