ന്യൂഡൽഹി: ആധുനിക വൈദ്യശാസ്ത്രത്തിനോടൊപ്പം കിടപിടിക്കുന്ന തരത്തിൽ ജനറൽ സർജറി അടക്കം നടത്താൻ ആയൂർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയിരിക്കുന്ന കേന്ദ്ര സർക്കാർ നീക്കമാണ് വിവാദമായിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ ദന്ത ഡോക്ടേഴ്‌സ് അസോസിയേഷനും പ്രസ്തുത വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് കത്തിവയ്ക്കൽ ശസ്ത്രക്രിയയക്ക് ആയൂർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയ സംഭവത്തിൽ പരസ്യപ്രതിഷേധവുമായി ഡോക്ടർമാരും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതിന് വിശദീകരണവുമായി ആയൂഷ് മന്ത്രാലയവും രംഗത്തെത്തിക്കഴിഞ്ഞു.

ജനറൽ സർജറി അടക്കം 58 ശസ്ത്രക്രിയകൾക്കാണ് അനുമതി. സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ (സിസിഐഎം) വിജ്ഞാപനത്തിൽ വ്യക്തമാക്കിയ 58 ശസ്ത്രക്രിയാ ചികിത്സകൾക്കു മാത്രമാണ് ഭേദഗതി ബാധകമെന്നു മന്ത്രാലയം വ്യക്തമാക്കി പത്രക്കുറിപ്പ് പുറത്തിറക്കി.

ശല്യതന്ത്ര (ശസ്ത്രക്രിയ), ശാലക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടർമാർക്കാണ് 58 ജനറൽ സർജറികൾക്ക് അനുമതി നൽകിയത്. ഇതു സംബന്ധിച്ച വിജ്ഞാപനത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിമർശിച്ചിരുന്നു. മറ്റു ചികിത്സാവിധികൾ പഠിപ്പിക്കുന്ന കോളജുകളിൽ അലോപ്പതി ഡോക്ടർമാർ പഠിപ്പിക്കാൻ പോകുന്നതു വിലക്കുകയും ചെയ്തു.

സിസിഐഎം തയാറാക്കിയ വിജ്ഞാപനത്തിൽ ആധുനിക ചികിത്സാവിധികൾക്കുള്ള പദപ്രയോഗങ്ങൾ ആവർത്തിച്ചതാണ് ഐഎംഎയുടെ പ്രതിഷേധത്തിനു കാരണം. ആരും സ്വന്തം ശസ്ത്രക്രിയാ രീതി വികസിപ്പിക്കുന്നതിന് ഐഎംഎ എതിരല്ല. എന്നാൽ ചികിത്സാവിധികൾ കൂട്ടിക്കുഴയ്ക്കാൻ അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ നാഷനൽ മെഡിക്കൽ കമ്മിഷൻ വ്യക്തത വരുത്തണമെന്നും ഐഎംഎ ദേശീയ സെക്രട്ടറി ജനറൽ ഡോ. ആർ.വി.അശോകൻ പറഞ്ഞു.

ദന്തരോഗങ്ങൾക്ക് റൂട്ട്കനാൽ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സകൾ നൽകാൻ ആയുർവേദ ചികിത്സകർക്ക് അനുമതി നൽകുന്നതിനെ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) അപലപിച്ചു.
അബദ്ധജഡിലവും അപക്വവുമായ തീരുമാനമാണിതെന്ന് ഐഡിഎ സംസ്ഥാന പ്രസിഡന്റ് ഡോ. സി.സി.ജോസഫ്, സെക്രട്ടറി ഡോ. ദീബു ജേക്കബ് മാത്യു എന്നിവർ പറഞ്ഞു.

വ്യാജചികിത്സകരുടെ വിളയാട്ടത്തിന് ഇത് അവസരമൊരുക്കും. ജനങ്ങളുടെ ആരോഗ്യം വച്ച് പന്താടരുത്. ഇത് പിൻവലിക്കുന്നതുവരെ നിയമപോരാട്ടം നടത്തുമെന്നും ഇരുവരും പറഞ്ഞു.

ഇതേസമയം, ഐഎംഎ ഉന്നയിച്ച വാദങ്ങൾ തള്ളുന്നതാണ് ആയുഷ് മന്ത്രാലയത്തിന്റെ പ്രതികരണം. നേരത്തേ തന്നെ ആയുർവേദ പിജി സിലബസിന്റെ ഭാഗമായിരുന്ന 58 ചികിത്സാവിധികൾ റെഗുലേഷന്റെ ഭാഗമാക്കുകയാണ് ഇപ്പോൾ ചെയ്തത്. ഡോക്ടർമാരുടെ പരീശിലനം കൂടി ഉറപ്പാക്കാനാണിത്. ഇതു സംബന്ധിച്ചു പരാതികൾ കിട്ടിയിട്ടില്ല.

ശാസ്ത്രീയ പദാവലികളുടെ പിന്തുടർച്ചാവകാശം മാനവരാശിക്കുള്ളതാണ്. പൊതുജനങ്ങൾക്കു കൂടി മനസ്സിലാകാനാണ് അലോപ്പതിയിലെ വാക്കുകളും ഉൾപ്പെടുത്തിയത്. ചികിത്സാവിധികൾ കൂട്ടിക്കുഴയ്ക്കുന്നതിന്റെ പ്രശ്‌നം ഇതിലില്ല - ആയുഷ് മന്ത്രാലയം വ്യക്തമാക്കി.

ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് അനസ്തീസിയ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തുന്നതിൽ തെറ്റില്ല. പ്രായോഗികമായോ നിയമപരമായോ ഇതിന് തടസ്സമില്ല. അത്യാഹിത വിഭാഗം, ഗൈനക്കോളജി തുടങ്ങി 8 വിഭാഗങ്ങളിൽ അലോപ്പതി ഡോക്ടർമാരുടെ സേവനം ആയുർവേദ ആശുപത്രികൾ ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ ചികിത്സാവിധികൾ പരസ്പരം സഹായിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും പുതിയ കാര്യമല്ല.-പി.എൻ. രഞ്ജിത് കുമാർ, ജോയിന്റ് സെക്രട്ടറി, കേന്ദ്ര ആയുഷ് മന്ത്രാലയം.