ന്യൂഡൽഹി: ലോകത്തെ തന്നെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണ് ഇന്നലെ ഝാർഖണ്ഡിൽ തുടക്കം കുറിച്ച ആയുഷ്മാൻ ഭാരത് എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. ചില്ലിക്കാശ് മുടക്കാതെ ആശുപത്രിയിൽ ചികിത്സ തേടാവുന്ന ഈ പദ്ധതിയിൽ ഗുണഭോക്താക്കളാകുന്ന ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാവും ലഭിക്കുക. രാജ്യത്തെ പത്ത് കോടി കുടുംബങ്ങളിൽ നിന്നായി 50 കോടിയിലേറ ജനങ്ങളാണ് ഈ പദ്ധതിയിൽ ഭാഗഭക്കായിരിക്കുന്നത്. എന്നിട്ടും കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ഈ പദ്ധതിയോട് മുഖം തിരിച്ചിരിക്കുകയാണ്.

നിലവിൽ മികച്ച പദ്ധതികളുള്ളതിനാൽ 'മോദി കെയർ' എന്നു വിളിപ്പേരുള്ള ആയുഷ്മാൻ ഭാരത് തൽക്കാലം വേണ്ടെന്നാണു കേരളത്തിന്റെ നിലപാട്. ചികിത്സാ ചെലവ് കണ്ടെത്താൻ സ്വന്തം കിടപ്പാടം വരെ വിൽക്കേണ്ടി വരുന്ന കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വളരെ ഉപകാരമെന്ന് തിരിച്ചറിഞ്ഞിട്ടും ഈ പദ്ധതിയിൽ കേരളം ഭാഗഭക്കാവാത്തതിൽ കേരളത്തിന്റെ പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നിട്ടും ഉണ്ട്. മുഖ്യമന്ത്രിയെ പോലെ അമേരിക്കയിൽ പോയി ചികിത്സിക്കാൻ മാത്രം പണക്കാരല്ല കേരളത്തിലെ ജനങ്ങൾ എന്ന് സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എന്നൽ എതിർപ്പുകൾ നാനാഭാഗത്തു നിന്നും വന്നിട്ടും സർക്കാരിന് കുലുക്കമില്ല. തൽക്കാലം പദ്ധതിയിലേക്ക് ഇല്ലെന്ന് തന്നെയാണ് കേരള സർക്കാരിന്റെ തീരുമാനം.

പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സർക്കാർ അവതരിപ്പിച്ച ഈ സ്വപ്നപദ്ധതി, 'വലിയ തട്ടിപ്പ്' ആണെന്നാണു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. പദ്ധതിയെ കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക തന്നെയാണ് പിന്നോട്ടടിക്കുന്നതെന്നും തോമസ് ഐസക് പറയുന്നു. സർക്കാർ ചെലവിലുള്ള, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണു പ്രധാന്മന്ത്രി ജൻ ആരോഗ്യ അഭിയാൻ (പിഎംജെഎവൈ ആയുഷ്മാൻ ഭാരത്) എന്നാണു കേന്ദ്രം അവകാശപ്പെടുന്നത്. ഇത്രയും വമ്പൻ പദ്ധതിക്കു പണം എവിടെനിന്നാണെന്നു തോമസ് ഐസക് ചോദിക്കുന്നു.

കേരളത്തിന് പുറമേ തെലുങ്കാന, ഒഡീഷ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണു പദ്ധതിയുമായി സഹകരിക്കാത്തത്. ബിജെപി സർക്കാർ അവതരിപ്പിച്ച സ്വപ്‌ന പദ്ധതി തങ്ങളുടെ നാട്ടിൽ അവതരിപ്പിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമോ എന്ന ആശങ്കയും കേരളത്തിനുണ്ട്. നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച ആയുഷ്മാൻ ഭാരത് കാർഡ് ആണ് അംഗമാകുന്നവർക്ക് വിതരണം ചെയ്യുന്നത്. ഇത് ജനങ്ങളുടെ കയ്യിലെത്തിയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമാകുമെന്നും കേരള സർക്കാർ കരുതുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ ഭരണ പക്ഷമോ പ്രതിപക്ഷമോ ഈ പദ്ധതിയെ അനുകൂലിച്ചിട്ടില്ല. സർക്കാരിനെതിരെ ഉപയോഗിക്കാവുന്ന ഒരു വലിയ ആയുധമായിരുന്നിട്ടും കേരളത്തിലെ പ്രതിപക്ഷവും മൗനം പാലിക്കുന്നത് ഇത് തങ്ങൾക്കും പാരയാകുമെന്ന തിരിച്ചറിവിലാണ്. അതേസമയം ഈ പദ്ധതി കേരളത്തിൽ നടപ്പാക്കാത്തതിനെ ചോദ്യം ചെയ്തത് ബിജെപിക്കാർ മാത്രമാണ്. എന്നാൽ ഒന്നും ഒറ്റയുമായുള്ള ഈ ചർച്ചകൾ വലിയ ഒച്ചപ്പാടുകൾ ഉണ്ടാകാതെ നിൽക്കുകയും ചെയ്തു.

'നിലവിലുള്ള ആർഎസ്ബിവൈ പദ്ധതിപ്രകാരം 1250 രൂപ പ്രീമിയം അടച്ചാൽ 30,000 രൂപയുടെ ആനുകൂല്യമാണു കിട്ടുന്നത്. എന്നാൽ, 1,110 രൂപയുടെ പ്രീമിയത്തിന് അഞ്ചു ലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യം ലഭിക്കുമെന്നാണ് ആയുഷ്മാൻ ഭാരതിന്റെ വാഗ്ദാനം. കുറഞ്ഞ പ്രീമിയത്തിൽ ഇത്രയും കൂടിയ തുകയുടെ നേട്ടം കിട്ടുമെന്നതു സാധ്യമാണോ?' തോമസ് ഐസക് ചോദിച്ചു.  അതേസമയം, ആയുഷ്മാൻ ഭാരത് കേരളം വേണ്ടെന്നുവച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. മാനദണ്ഡങ്ങൾ സംബന്ധിച്ചു സംസ്ഥാനത്തിനു ചില ആശങ്കകളുണ്ട്.

കേരളത്തിലെ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ക്രോഡീകരിച്ചുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതി സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. ഈ രണ്ടിൽ ഏതാണു ജനങ്ങൾക്കു കൂടുതൽ പ്രയോജനകരമാകുക എന്നതിനെ അടിസ്ഥാനമാക്കിയാണു തീരുമാനമെടുക്കുക. കേന്ദ്രവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. രാജ്യത്തെ 10 കോടി കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയിൽ കേരളത്തിലെ ഗ്രാമീണ മേഖലയിൽ നിന്ന് 18.58 ലക്ഷവും നഗരമേഖലകളിൽ നിന്ന് അഞ്ചു ലക്ഷം കുടുംബങ്ങളും ഉൾപ്പെടും. 2011- സാമൂഹിക-സാമ്പത്തിക സെൻസസിന്റെ അടിസ്ഥാനത്തിലാണിത്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗമായാൽ അതിന്റെ ചെലവ് കേന്ദ്ര സർക്കാരും കേരള സർക്കാരും ചേർന്നാണ് വഹിക്കുക. 6:4 എന്ന അനുപാതത്തിലായിരിക്കും സർക്കാരുകൾ പണം മുടക്കുക.