ചങ്ങനാശ്ശേരി: സുപ്രീംകോടതി വിധിയെ തുടർന്ന് കേരളത്തിൽ അയ്യപ്പഭക്തരുടെ രോഷം അണപൊട്ടി ഒഴുകുന്ന അവസ്ഥയാണ്. തെക്കൻ കേരളത്തിലാണ് ഈ രോഷപ്രകടനം വൻ റാലികളായി മാറുന്ന സ്ഥിതിയാണ്. ചങ്ങനാശ്ശേരി നഗരത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു പടുകൂറ്റൻ പ്രകടമാണ് ഇന്ന് നടന്നത്. ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന അയ്യപ്പ നാമജപയാത്രയായിരുന്നു നടന്നത്. ചങ്ങനാശ്ശേരി നഗരം ചുറ്റി എൻഎസ്എസ് ആസ്ഥാനത്തിന് സമീപത്തായി അവസാനിക്കുന്ന വിധത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്.

എസ്എൻഡിപിയും എൻഎസ്എസും അടക്കം 17 ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര നടത്തിയത്. സ്ത്രീകളുടെ വൻ പങ്കാളിത്തം തന്നെയായിരുന്നു ഈ യാത്രയുടെ പ്രത്യേകതയും. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും യാത്രയിൽ പങ്കാളികളായി. സേവ് ശബരിമല, റെഡി ടു വെയ്റ്റ് മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളേന്തിയാണ് ആളുകൾ എത്തിയത്. ശരണം വിളികളും അയ്യപ്പന്റെ ചിത്രങ്ങളും ഏന്തി ആളുകളെത്തി. യാത്രയുടെ ഘട്ടത്തിൽ മൂന്ന് തവണ ശ്രീകൃഷ്ണ പരുന്ത് അകമ്പടിയായി എത്തിയത് ഭക്തജനങ്ങൾക്ക് ആവേശമായി മാറി.

വരും ദിവസങ്ങളിൽ കോട്ടയം ജില്ലയുടെ കൂടുതൽ ഭാഗങ്ങളിൽ സമരം സംഘടിപ്പിക്കാനാണ് തീരുമാനം. അയ്യപ്പ സമാജത്തിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. അതേസമയം ഒരു വശത്ത് അയ്യപ്പഭക്തരെ അണിനിരത്തി ഭരണസിരാകേന്ദ്രത്തിലേക്കും മാർച്ച് നടത്താൻ ഹിന്ദു സംഘടനകൾ ആലോചിക്കുന്നുണ്ട്. ഈ മാസം 14 ന് അഞ്ച് ലക്ഷം അയ്യപ്പഭക്തരെ അണിനിരത്തി ഭരണസിരാകേന്ദ്രം സ്തംഭിപ്പിക്കാനുള്ള പദ്ധതിയുമായി ഹൈന്ദവ സംഘടനകൾ. സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി റിവ്യു പെറ്റീഷൻ നൽകിക്കുകയും, ഓർഡിനൻസ് ഇറക്കിക്കുകയുമാണ് ഹൈന്ദവ സംഘടനകൾ ലക്ഷ്യമിടുന്നത്.

അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, അയ്യപ്പ ധർമ്മ പരിപാലന സംഘം, ക്ഷേത്ര സംരക്ഷണ സമിതി, റെഡി ടു വെയിറ്റ് അംഗങ്ങൾ, അയ്യപ്പ ധർമ്മ സേന, വിവിധ സാമുദായിക സംഘടനകൾ, തുടങ്ങി നിരവധി സംഘടന പ്രവർത്തകർ മാർച്ചിന്റെ ഭാഗമായി അണിനിരക്കും. ശരണ മന്ത്രങ്ങൾ മുഴക്കി, വിശ്വാസികൾക്ക് കാൽനടയായോ, ഇരുചക്ര വാഹനങ്ങളിലോ, മറ്റ് വാഹനങ്ങളിലോ ലോങ്ങ് മാർച്ചിന്റെ ഭാഗമായി അണിനിരക്കാം. പ്രകോപന മുദ്രാവാക്യങ്ങൾ മാർച്ചിൽ പങ്കെടുക്കുന്ന ആരും മുഴക്കരുതെന്നും എല്ലാവരും കറുപ്പണിഞ്ഞ് എത്തിച്ചേരണമെന്നുമാണ് ലോങ്ങ് മാർച്ച് സംഘാടകർ ആവശ്യപ്പെടുന്നത്.

ശബരിമലയിലേക്ക് അയ്യപ്പഭക്തരെത്തുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി വിവിധ ഗൃഹസമ്പർഗ പരിപാടികളും മറ്റും സംഘടിപ്പിച്ചുകൊണ്ട്, അതാത് പ്രദേശത്തെ, ഹൈന്ദവ സംഘടനകളെ ഉപയോഗിച്ച് 14 ന് തലസ്ഥാനത്തേക്ക് ലക്ഷങ്ങളെ എത്തിക്കാനാണ് ശബരിമല സംരക്ഷണസ സമിതിയും എ.എച്ച്.പിയും ശ്രമിക്കുന്നത്. കേരളത്തിൽ താലൂക്കുകൾ തോറും സമാന മനസ്‌ക്കാരായ ആളുകളെ ചേർത്ത് പ്രക്ഷോഭ കമ്മിറ്റികൾ രൂപീകരിക്കും. തുടർന്ന് ഈ കമ്മിറ്റികൾ ക്ഷേത്രപരിസങ്ങളിലും സാമുദായിക സ്ഥാപനങ്ങളിലും കുടുംബ യോഗങ്ങൾ വിളിച്ചു ചേർക്കാനുമാണ് പദ്ധതി.

വിദേശങ്ങളിൽ നിന്നടക്കം അയ്യപ്പ വിശ്വാസികൾ ലീവ് എടുത്ത് വന്ന് ഈ സമരത്തിന്റെ ഭാഗമാകണമെന്നുള്ള ആഹ്വാനമാണ് സംഘാടകർ നൽകിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് അയ്യപ്പപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്, രാഹൂൽ ഈശ്വർ അടക്കമുള്ള 12 പേരെ കരുതൽ തടങ്കലിൽ എടുക്കാനുള്ള ആലോചനയിലാണ് സംസ്ഥാന പൊലീസ്. ഇവരുടെ പ്രവർത്തനങ്ങൾ സദാസമയവും സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ച് വരുകയാണെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

അതിനിടെ ശബരിമല വിഷയത്തിൽ അന്തരീക്ഷം വഷളാക്കാൻ നോക്കുന്നവരുണ്ടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പരിപാവനമായ ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. വിശ്വാസികളുടെ വികാരം സർക്കാർ മാനിക്കണം. സർവകക്ഷി യോഗം വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാൻ സമവായമുണ്ടാക്കണം.

വിശാല താൽപര്യം പരിഗണിച്ചു സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണം. സർക്കാർ അതിനു തയാറായില്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവർ റിവ്യൂ ഹർജി നൽകണം. കക്ഷി ചേരണമെങ്കിൽ കോൺഗ്രസ് ഹർജിയിൽ കക്ഷി ചേരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.