തിരുവനന്തപുരം: വനിതാ മതിലിന്റെ വെല്ലുവളി മറികടക്കാനായിരുന്നു അയ്യപ്പജ്യോതി. ഹൊസങ്കടി മുതൽ കന്യാകുമാരി വരെ നീണ്ട അയ്യപ്പജ്യോതി. മനുഷ്യ ചങ്ങലയും മനുഷ്യ മതിലും നടത്തി വിജയിപ്പിച്ച സിപിഎമ്മിന് അല്ലാതെ മറ്റാർക്കും ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കാൻ കഴിയുമെന്ന് പോലും ആരും കരുതിയിരുന്നില്ല. എന്നാൽ ഏവരേയും ഞെട്ടിച്ച് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാൻ ഭക്തർ ഒഴുകിയെത്തിയപ്പോൾ ശബരിമലയിലെ ആചാര സംരക്ഷണ പോരാട്ടത്തിന് അത് കരുത്തായി മാറി. തോളോട് തോൾ ചേർന്ന് നിന്ന് ഭക്തർ വിളക്ക് കൊളുത്തുമ്പോൾ അത് ശബരിമല കർമ്മ സമിതിയുടെ വിജയമായി. പന്തളം കൊട്ടരവും എൻ എസ് എസും യോഗക്ഷേമ സഭയുമെല്ലാം അയ്യപ്പജ്യാതിയുടെ ഭാഗമായതോടെ ശബരിമല കർമ്മ സമിതിയുടെ കേരളമൊട്ടുക്കുള്ള വിളക്ക് തെളിയിക്കൽ വൻ വിജയവുമായി.

പയ്യന്നൂർ കണ്ടോത്ത് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായി. പെരുമ്പയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി. നിരവധിപേർക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകർ അയ്യപ്പജ്യോതിയെ ആക്രമിച്ചുവെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് ആരോപിച്ചു. മലബാർ ഭാഗത്ത് ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം അക്രമങ്ങളിൽ ആരുടേയും പരിക്ക് ഗുരുതരമല്ല. സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ബദലായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർകോടുവരെ അയ്യപ്പജ്യോതി തെളിച്ചു. ദേശീയപാതയിലും എം.സി റോഡിലുമായി 795 കിലോമീറ്റർ ദൂരത്തിൽ ആയിരക്കണക്കിനുപേർ അയ്യപ്പജ്യോതി തെളിക്കാൻ അണിനിരന്നു.

വൈകീട്ട് ആറു മുതൽ 6.30 വരെ ആയിരുന്നു പരിപാടി. മുൻ ഡിജിപിമാരായ ടി.പി സെൻകുമാർ, എം.ജി.എ രാമൻ, സുരേഷ് ഗോപി എംപി, മാടമ്പ് കുഞ്ഞിക്കുട്ടൻ, കെ.എസ് രാധാകൃഷ്ണൻ, പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ അയ്യപ്പജ്യോതി തെളിക്കാനെത്തി. ശബരിമല സന്നിധാനത്തും അയ്യപ്പജ്യോതി തെളിച്ചു. ആറ്റിങ്ങലിൽ മുൻ ഡിജിപി ടി.പി സെൻകുമാർ നേതൃത്വം നൽകി. കളിയിക്കാവിളയിൽ സുരേഷ്‌ഗോപി എംപി അയ്യപ്പജ്യോതിക്ക് നേതൃത്വം നൽകി. ചങ്ങനാശേരിയിൽ ജ്യോതി തെളിയിച്ചത് എൻഎസ്എസ് ആസ്ഥാനത്തിനു മുന്നലായിരുന്നു ഇത്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി ജി സുകുമാരൻ നായർ ഈ സമയം അവിടെയുണ്ടായിരുന്നു. അയ്യപ്പ ജ്യോതി തെളിയിക്കുന്ന സമയത്താണ് ജി സുകുമാരൻ നായർ മന്നം സമാധിയിലെത്തിയത്. പന്തളത്ത് ദീപം തെളിയിച്ചത് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ ആയിരുന്നു. ശബരിമല സന്നിധാനത്ത് അയ്യപ്പ കർമസമിതി പ്രവർത്തകർ ജ്യോതി തെളിയിച്ചു

വലിയ പങ്കാളിത്തമാണ് അയ്യപ്പജ്യോതിയിൽ ഉണ്ടായത്. ഇതോടെ വനിതാ മതിലിന്റെ പ്രസക്തിയും കുറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാണ് വനിതാ മതിൽ സർക്കാർ പ്രഖ്യാപിച്ചത്. പിന്നീട് വിവാദമൊഴിവാക്കാൻ അതിനെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഗൂഢാലോചനയാക്കി. ഇതിനിടെയാണ് അയ്യപ്പജ്യോതി വൻ വിജയമാകുന്നതും.അയ്യപ്പജ്യോതിയുടെ ആഹ്വാനം നടത്തിയത് സംഘപരിവാർ സംഘടനകളാണ്. ശബരിമല കർമ്മ സമിതിയും ആർഎസ്എസ് നിയന്ത്രണത്തിലാണ്. എന്നാൽ അയ്യപ്പവിശ്വാസ സംരക്ഷണത്തിന് പരിവാറുകാരല്ലാത്ത നിരവധി പേരെത്തി. എൻ എസ് എസ് അടക്കമുള്ളവരുടെ പിന്തുണയുമുണ്ടായി.

ആർഎസ്എസ് നേതൃത്വം മുൻകൈയെടുത്തിട്ടും ഭക്തർ അയ്യപ്പജ്യോതി തെളിക്കാൻ ഒഴുകിയെത്തുകയായിരുന്നു. ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള ശരണമന്ത്രമാണ് മുഴങ്ങിയത്.

കരിവെള്ളൂരും ആളൂരും അക്രമം, ഇന്ന് പ്രതിഷേധം

കണ്ണൂർ ജില്ലയിലെ കരിവെള്ളൂരും പയ്യന്നൂർ കണ്ടോത്തും അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. വാഹനങ്ങളിലെത്തിയവർ അയ്യപ്പജ്യോതി തെളിക്കുന്നതും ഒരു സംഘം തടഞ്ഞു. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നു ശബരിമല കർമസമിതി ആരോപിച്ചു. പാർട്ടി ഗ്രാമങ്ങളിലെ ഭക്തർ അയ്യപ്പജ്യോതിയിൽ പങ്കടുത്തതാണു സിപിഎമ്മിനെ പ്രകോപിച്ചതെന്നു ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പറഞ്ഞു. കാസർകോട് ആളൂരിനടുത്ത് അയ്യപ്പ ജ്യോതി തെളിയിക്കാൻ പോയവർ സഞ്ചരിച്ച 3 ബസുകൾക്കു നേരെ കല്ലേറുണ്ടായി.

അയ്യപ്പജ്യോതിയിൽ പങ്കെടുത്ത ഭക്തർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാൻ ശബരിമല കർമ സമിതിയുടെ ആഹ്വാനം. കർമ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നു ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ.കുമാർ അറിയിച്ചു.ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പജ്യോതി ഭക്തജന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമായി. 310 സ്ഥലങ്ങളിൽ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗങ്ങളും നടന്നു. കേരളത്തിനു പുറത്ത് 11 സംസ്ഥാനങ്ങളിലും അയ്യപ്പജ്യോതി തെളിച്ചു.

അയ്യപ്പ ജ്യോതിയുടെ വിജയം കണ്ട് വിറളി പൂണ്ട മാർക്‌സിസ്റ്റ് പാർട്ടി ഗുണ്ടകൾ പല സ്ഥലങ്ങളിലും അയ്യപ്പജ്യോതിയിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഭക്തർക്കെതിരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. പയ്യന്നൂർ അടുത്ത് പെരുമ്പ, കണ്ണൂർ - കാസർകോട് അതിർത്തിയായ കാലിക്കടവ്, കരിവെള്ളൂർ, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂർ എന്നീ പ്രദേശങ്ങളിൽ വ്യാപകമായ അക്രമമുണ്ടായി. ഗുരുതരമായ പരിക്കുകളോടെ 10 സ്ത്രീകളും 3 കുട്ടികളും ഉൾപ്പടെ 31 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 60 പേർക്ക് പലതരത്തിലുള്ള പരുക്കേറ്റിട്ടുണ്ടെന്നും എസ്.ജെ.ആർ കുമാർ പറഞ്ഞു.

താരസാന്നിധ്യമായി മേനകയും രാധയും ജലജയും

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിൽ ബിജെപിയുടെ നിരാഹാര സമരപ്പന്തലിനു മുന്നിലാണ് ജ്യോതി തെളിച്ചത്. ഒ. രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, നിരാഹാരമനുഷ്ഠിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ശബരിമല കർമസമിതി ദേശീയ നിർവാഹക സമിതി അംഗം ഡോ. ബി. തങ്കമണി, നടിമാരായ മേനക, രാധ, ജലജ, നിർമ്മാതാവ് ജി. സുരേഷ്‌കുമാർ, സംവിധായകൻ വിജി തമ്പി തുടങ്ങിയവർ പങ്കെടുത്തു.

ചെങ്ങന്നൂരിൽ ശബരിമല തന്ത്രി കുടുംബാംഗം കണ്ഠര് മോഹനരുടെ ഭാര്യ ആശ അന്തർജനം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശ്, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു. ശബരിമല സന്നിധാനത്തും തീർത്ഥാടകർ അയ്യപ്പജ്യോതി തെളിച്ചു. പന്തളത്തുകൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാരവർമ ദീപം പകർന്നു. തൃശൂരിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ, ഹിന്ദു ഐക്യവേദി സംസ്ഥന അധ്യക്ഷ കെ.പി.ശശികല, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
കണ്ണൂരിലെ ചെറുവത്തൂരിൽ പടന്നക്കാട് നെഹ്‌റു കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി.വി. പുഷ്പജ ജ്യോതി തെളിച്ചു.

ഡൽഹിയിൽ കേരള ഹൗസിനു മുന്നിൽ വി. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. കർണാടകയിൽ ബെംഗളൂരുവിലെ ജാലഹള്ളി ക്ഷേത്രം ഉൾപ്പടെയുള്ള വിവിധ അയ്യപ്പ ക്ഷേത്രങ്ങളിൽ ജ്യോതി തെളിച്ചു.