കോട്ടയം: ശബരിമല വിശ്വാസ സംരക്ഷണത്തിനായി 26ന് കാസർകോട് ഹൊസങ്കടിയിൽ നിന്ന് ആരംഭിക്കുന്ന അയ്യപ്പജ്യോതി കന്യാകുമാരി ത്രിവേണീ സംഗമം വരെ നീട്ടി. ഹൊസങ്കടി ശ്രീ ധർമ്മശാസ്താ ക്ഷേത്രം മുതൽ പാറശ്ശാല വരെ ജ്യോതി തെളിയിക്കാനായിരുന്നു തീരുമാനം. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ ഇതോടൊപ്പം നടക്കുന്നുണ്ട്. പത്ത് ലക്ഷത്തിന് മേൽ വിശ്വാസികൾ ജ്യോതിയിൽ പങ്കാളികളാകുമെന്നാണ് കണക്കുകൂട്ടൽ.

ശബരിമല കർമസമിതി തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യപ്രകാരമാണ് ജ്യോതി കന്യാകുമാരിവരെ നീട്ടിയത്. കൽയിക്കാവിള, മാർത്താണ്ഡം, തക്കല, പാർവതീപുരം, കന്യാകുമാരി, ത്രിവേണീസംഗമം വരെയുള്ള 64 കിലോമീറ്റർ ദൂരമാണ് കൂട്ടിയിട്ടുള്ളത്. 731.4 കിലോമീറ്റർ ജ്യോതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതോടെ 795 കിലോമീറ്റർ ദൂരമാകും അയ്യപ്പജ്യോതി തെളിയുക. ഒരു മീറ്റർ ഇടവിട്ടാണ് ജ്യോതി തെളിയിക്കുന്നത്. ഒരു മീറ്ററിൽ ഒരാൾ എന്ന നിലയിൽ 7,95,000 വിശ്വാസികൾ ജ്യോതി തെളിയിക്കുന്നതിന് മാത്രമായി എത്തിച്ചേരും.

ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി ക്ഷേത്രാചാരങ്ങളെ തകർക്കാനുള്ള നീക്കങ്ങൾക്ക് ഭക്തർ നൽകുന്ന മറുപടിയാകണമെന്നാണ് ശബരിമല കർമ്മ സമിതിയുടെ നിലപാട്. ഭരണകൂടം ഹൈന്ദവ സംസ്‌കാരത്തെ അവഹേളിക്കുകയാണ്. ആചാരങ്ങൾ ഭാവിതലമുറയ്ക്ക് സുരക്ഷിതമായി പകർന്ന് കൊടുക്കേണ്ട ധർമം ഏറ്റെടുത്ത് വേണം എല്ലാ വിശ്വാസികളും അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാൻ. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടാൻ ഹൈന്ദവ ഐക്യമല്ലാതെ മറ്റൊരു മാർഗമില്ലെന്ന് ഓർമിപ്പിക്കാനാണ് അയ്യപ്പ ജ്യോതി.

താലത്തിലേന്തിയ ചിരാതിൽ എള്ളുകിഴിയാണ് കത്തിക്കുന്നത്. വൈകിട്ട് 4.30ന് വിശ്വാസികൾ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചേരും. പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനങ്ങളോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. സമ്മേളനങ്ങൾ അഞ്ചിന് ആരംഭിക്കും. ശരണം മുഴക്കിയാവും സമ്മേളനങ്ങൾക്ക് തുടക്കം. കൊളത്തൂർ അദ്വൈത ആശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ അയ്യപ്പജ്യോതി സന്ദേശം സമ്മേളനത്തിൽ കേൾപ്പിക്കും. 5.45ന് സമ്മേളനങ്ങൾ അവസാനിക്കും.

ആറുമണിക്കു തന്നെ ദീപം തെളിക്കും. 6.30ന് അവസാനിക്കും. ഓരോ കിലോമീറ്ററിലും സാഹിത്യ-സാംസ്‌കാരിക നായകന്മാർ, സമുദായാചാര്യന്മാർ, സന്ന്യാസി ശ്രേഷ്ഠന്മാർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങൾ ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിക്കും.

അയ്യപ്പജ്യോതി വിജയിപ്പിക്കണം: നീലകണ്ഠൻ മാസ്റ്റർ

കോട്ടയം: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി വിജയിപ്പിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എൻ.കെ. നീലകണ്ഠൻ മാസ്റ്റർ പറഞ്ഞു.

കെപിഎംഎസ് വിശ്വാസികളുടെ പക്ഷത്താണ്. അതുകൊണ്ട് തന്നെ അയ്യപ്പജ്യോതിയിൽ എല്ലാവരും പങ്കാളികളാകും. നവോത്ഥാനം സംരക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് സിപിഎമ്മും സർക്കാരും ചില സംഘടനകളും ചേർന്ന് നടത്തുന്ന വനിതാ മതിൽ ജാതിമതിൽ തന്നെയാണ്. നവോത്ഥാന പോരാട്ടം ജാതിമതിലുകൾ പൊളിച്ചുകളഞ്ഞ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു.