തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെയും കൊല്ലപ്പെട്ട അയ്യപ്പൻ അടക്കമുള്ള ഹോട്ടൽ ജീവനക്കാരുടെയും ഫോൺരേഖകൾ പൊലീസ് പരിശോധിക്കാൻ ഒരുങ്ങി പൊലീസ്. ഇതിന് വേണ്ടിയുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രതി അജീഷിന്റെ മുൻ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്ന അജീഷിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

മറ്റെങ്കിലും കാരണ ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. മാത്രമല്ല അസ്വാഭാവികമായിട്ടാണ് ഇയാൾ പെരുമാറുന്നത്. ഇതേ ദിവസം തന്നെ മറ്റ് രണ്ട് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും അവരെ അന്വേഷിച്ച് പോയതായും ഇയാൾ പറഞ്ഞിരുന്നു. ഇതും പൊലീസ് പരിശോധിച്ചുവരികയാണ്. അജീഷിന്റെ ഭാര്യ രഞ്ജിനിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഹോട്ടലിൽ തർക്കമുണ്ടായെന്ന് പറയുന്ന ഒക്ടോബർ 28-ന് ശേഷം ഒരുതവണ മാത്രമേ അജീഷിനെ കണ്ടിട്ടുള്ളൂവെന്നാണ് ഇവർ പറഞ്ഞത്. അമ്മയും കുട്ടികളും ഒപ്പമുണ്ടെന്ന് പറഞ്ഞാണ് 28-ന് ഓവർബ്രിഡ്ജിലെ സിറ്റി ടവർ ഹോട്ടലിലേക്ക് അജീഷ് വിളിച്ചത്. എന്നാൽ, ഇത് കളവാണെന്ന് മനസ്സിലാക്കിയതോടെ ഹോട്ടലിൽനിന്നു തിരിച്ചുപോവുകയായിരുന്നു.

തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് അജീഷ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനെ തുടർന്ന് പൊലീസ് വിളിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ വച്ചാണ് അവസാനമായി കണ്ടതെന്നാണ് രഞ്ജിനിയുടെ മൊഴി. അജീഷിന്റെ അക്രമങ്ങൾ സഹിക്കാനാവാതെ വന്നതോടെയാണ് ഇയാളിൽനിന്നു മാറിത്താമസിക്കാൻ തുടങ്ങിയതെന്നും രഞ്ജിനി പറഞ്ഞു. ആ ദിവസം രാത്രി അജീഷ് ഹോട്ടലിൽ ബഹളമുണ്ടാക്കുകയും മറ്റു മുറികളിൽ തട്ടിവിളിക്കുകയും ചെയ്തു. തുടർന്നാണ് അയ്യപ്പനടക്കമുള്ള ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടായത്.

വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് അജീഷിനെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ നടക്കുകയുള്ളൂ. അതേസമയം അജീഷ് അയ്യപ്പനെ കൂടാതെ മറ്റ് രണ്ട് പേരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നുണ്ട്. ലഹരിക്ക് അടിമയായ ഇയാൾ ഒരു സൈക്കോ ആണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

സിറ്റി ഹോട്ടലിലെ റിസപ്ഷനിസ്റ്റായ നീലൻ എന്ന അയ്യപ്പനെ (34) വകവരുത്തിയ ശേഷം നെടുമങ്ങാട് കല്ലിയോട് തന്റെ വീടിന് സമീപത്തുള്ള രണ്ട് പേരെക്കൂടി വകവരുത്താനായിരുന്നു ഇയാളുടെ ശ്രമം. മുമ്പ് അജീഷിന്റെ സുഹൃത്തുകളായിരുന്ന ഇരുവരും പിന്നീട് ഇയാളുമായി തെറ്റിപ്പിരിയുകയും പലതവണ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. അയ്യപ്പനെ വെട്ടിനുറുക്കി കൊന്ന ശേഷം ഇവരെ ലക്ഷ്യമിട്ടായിരുന്നു അജീഷ് പോയത്. ഇതാണ് പകക്ക് കാരണമായതും.

അയ്യപ്പനെ വകവരുത്തിയ ശേഷം ഇരുവരെയും അന്വേഷിച്ച് ഇവരുടെ വീടുകളിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ശ്രമം പരാജയപ്പെടുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കഞ്ചാവ്, മയക്കുമരുന്നിന് അടിയമായ അജീഷ് വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ഓവർബ്രിഡ്ജിലെ സിറ്റി ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ വകവരുത്തിയത്. ലഹരിപദാർഥങ്ങളുടെ നിരന്തര ഉപയോഗം ഇയാളെ 'സൈക്കോ' ആക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അയ്യപ്പൻ മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷിന്റെ വാക്കുകൾ. ഒമ്പത് തവണ കേസിൽ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ഞാൻ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും'- അജീഷ് പറഞ്ഞതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൊലപാതകത്തിലൂടെ നാലാളറിയുന്നതിന് വേണ്ടിയാണ് നഗരഹൃദയത്തിൽ തന്നെ പട്ടാപ്പകൽ കൊലപാതകം നടത്താൻ തീരുമാനിച്ചതും മറ്റ് രണ്ട് കൊലകൾ കൂടി ആസൂത്രണം ചെയ്തിരുന്നതും.

ആനായിക്കോണം പാലത്തിന് സമീപം പൊലീസ് ഇയാളെ പിടികൂടാനെത്തിയ വേളയിൽ പൊലീസുകാർക്കെതിരെയും ഇയാൾ അക്രമം അഴിച്ചുവിട്ടിരുന്നു. തുടർന്ന് അതിസാഹസികമായാണ് നെടുമങ്ങാട് പൊലീസും ഷാഡോസംഘവും ചേർന്ന് ഇയാളെ പിടികൂടിയത്. ഓവർബ്രിഡ്ജിലെ സിറ്റി ടവർ ഹോട്ടലിന് നെടുമങ്ങാടുമായും ബന്ധമുണ്ട്. അതുകൊണ്ടാണ് സംശയങ്ങൾ. എന്തുകൊണ്ടാണ് സ്ഥിരമായി ഈ ഹോട്ടലിൽ അജീഷ് മുറിയെടുത്തത് എന്നതിൽ സംശയമുണ്ട്. എന്നാൽ അന്വേഷണം അജീഷിൽ മാത്രമൊതുങ്ങാനും സാധ്യത ഏറെയാണ്. കുറ്റിച്ചൽ രാധാകൃഷ്ണൻ എന്ന പ്രവാസി വ്യവസായിയുടേതാണ് ഈ ഹോട്ടൽ. കുറ്റിച്ചൽ രാധാകൃഷ്ണൻ നെടുമങ്ങാട്-ആര്യനാട് മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യവസായിയാണ്. ഈ വ്യവസായിയോടുള്ള ആരുടെയെങ്കിലും പകയും ആക്രമത്തിന് കാരണമായിട്ടുണ്ടോ എന്ന സംശയം സജീവമാണ്.

1996ൽ പുറത്തിറങ്ങിയ മയൂരനൃത്തം എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് ഗൾഫിൽ നിരവധി സ്ഥാപനങ്ങളുള്ള രാധാകൃഷ്ണൻ. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായ വിക്രമായിരുന്നു ഈ സിനിമയിലെ നായകൻ. നെടുമങ്ങാട്-ആര്യനാട് മേഖലയിലെ സാമൂഹിക പ്രശ്‌നങ്ങളിൽ അടക്കം നിരന്തരം ഇടപെടൽ നടത്തുന്ന വ്യക്തിയാണ് കുറ്റിച്ചൽ രാധാകൃഷ്ണൻ. അതുകൊണ്ട് തന്നെ രാധാകൃഷ്ണന്റെ വിശ്വസ്തന്റെ മരണം ഈ മേഖലയേയും ഞെട്ടിച്ചിട്ടുണ്ട്.