കൊടുങ്ങല്ലൂർ: അഴീക്കോട് അവിഹിതബന്ധം ആരോപിച്ച് മത്സ്യത്തൊഴിലാളിയെ നഗ്നാക്കി കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ അഞ്ചുപേരെ പൊലീസ് പിടികൂടി. സിയാദ്, ബാബു, മിഖിൽ, സായിക്കുമാർ, ഷിക്കു എന്നിവരാണ് പിടിയിലായത്. കൂടുതൽ പേരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

അഴീക്കോട് മേനോൻ ബസാറിൽ ശനിയാഴ്‌ച്ച രാത്രിയിലാണ് വടക്കെ ഇന്ത്യൻ മോഡൽ ശിക്ഷാരീതി നടപ്പിലാക്കിയത്. മേനോൻ ബസാർ പള്ളിപ്പറമ്പിൽ സലാം സുലൈമാനെ ഒരു സംഘം ആളുകൾ ചേർന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ബ്രിട്ടനിലെ പ്രമുഖ പത്രമായ ദ സൺ വരെ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.

അഴീക്കോട് സദാചാര ഗുണ്ടായിസം നടത്തിയവർക്കെതിരേ ശക്തമായ വകുപ്പുകൾ ചാർത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. യുവാവിനെ നഗ്‌നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് തല്ലിച്ചതച്ചതിന് ശേഷം ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

മണിക്കൂറുകളോളം നീണ്ട വിചാരണക്കൊടുവിൽ പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സാരമായി പരിക്കേറ്റ സലാം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഘം ചേർന്നുള്ള മർദ്ദനത്തിൽ സലാമിന്റെ പല്ലുകൾ നഷ്ടപ്പെട്ടു.

കൊടുങ്ങല്ലൂരിലെ സദാചാര പൊലീസ് ചമഞ്ഞു ചില തൽപര കക്ഷികൾ നടത്തിയ ഈ ആക്രമണത്തിൽ നടപടി ശക്തമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നതിന് വേണ്ടി മനുഷ്യാവകാശ പ്രവർത്തകർ മുൻകൈ എടുക്കണമെന്നും സാമൂഹ്യ പ്രവർത്തകരായ ഇ എസ് സാബു, കെ പി സുനിൽകുമാർ, പി എസ് മണിലാൽ, ടി എസ് സുദർശൻ ആവശ്യപ്പെട്ടു.