തിരുവനന്തപുരം: കെഎസ്ഇബിയിൽ മാധ്യമങ്ങൾ പറയുന്നത് പോലെ കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക്. ഉദ്യോഗസ്ഥ സംഘടനകളുടെ സങ്കുചിത ചിന്തയും ചില നേതാക്കളുടെ ഈഗോയുമാണ് ഇപ്പോഴുള്ള ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കി. കുറച്ചു കാലം അസോസിയേഷന്റെ തലപ്പത്തിരുന്നപ്പോൾ തങ്ങളാണ് ബോർഡെന്നും, ചെയർമാനും മറ്റ് ഡയറക്ടർമാരും അവരുടെ സേവകരാണെന്നുമുള്ള തോന്നലുണ്ടായി. ബോർഡിനു മേൽ സംഘടനയ്ക്ക് അധികാരമുണ്ടെന്ന ചിന്തയാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്നം അശോക് ചൂണ്ടിക്കാട്ടി.

സംഘടനകളുടെ നിർദ്ദേശങ്ങൾ കേൾക്കാൻ ബോർഡ് തയ്യാറാണ്. എന്നാൽ ആ നിർദ്ദേശങ്ങൾ എല്ലാം തന്നെ നടപ്പിലാക്കണമെന്ന് നിർബന്ധം പിടിക്കരുത്. അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യാറല്ല. അതേസമയം സംഘടനകൾക്ക് കമ്പനിയുടെ വളർച്ചയിൽ വളരെയധികം സഹായിക്കാനാകുമെന്നും എന്നാൽ അവരുടെ തെറ്റായ ചിന്തയാണ് പ്രശ്‌നമെന്നും ബി അശോക് വ്യക്തമാക്കി. 2013ൽ കമ്പനിയായ ശേഷം 600 കോടി രൂപയിൽ കൂടുതൽ പ്രവർത്തന ലാഭം നേടിയ സന്തോഷത്തിലാണ് മാനേജ്മെന്റ്. ഈ സന്തോഷത്തിൽ എല്ലാ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സാധിക്കുന്നില്ല എന്നതിൽ വിഷമമുണ്ട്. അതിനു കാരണം എന്താണെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ തന്നെ സ്വയം ആത്മ പരിശോധന നടത്തി മനസ്സിലാക്കി സ്വന്തം തെറ്റുകൾ തിരുത്താൻ തയ്യാറാവണം.

തിരുത്തലിന് തയ്യാറാവുമെങ്കിൽ മാനേജ്മെന്റിന് ആരോടും വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കമ്പനിയിൽ എല്ലാ മാസവും എതെങ്കിലും ഒരു സംഘടന പ്രക്ഷോഭത്തിന് വന്നിട്ടുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ കിട്ടിയില്ലെന്ന് പറഞ്ഞ് ഒരാളും കെഎസ്ഇബിയിൽ സമരം ചെയ്യുന്നില്ല. മാനേജ്മെന്റ് എടുക്കുന്ന തീരുമാനങ്ങളിൽ ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ടാണ് സംഘടനകൾ പ്രക്ഷോഭത്തിന് വന്നിട്ടുള്ളത്. സുപ്രീം കോടതി തടഞ്ഞു വച്ചിരിക്കുന്ന ചില പ്രമോഷനുകൾ ഒഴിച്ചാൽ മറ്റ് എല്ലാവരുടെയും ആനുകൂല്യങ്ങൾ സമയബന്ധിതമായി തന്നെ നൽകിയിട്ടുണ്ട്. 99 ശതമാനം കെഎസ്ഇബി ഉദ്യോഗസ്ഥരും കമ്പനിയുടെ പ്രതീക്ഷയ്ക്ക് മുകളിലാണ് പ്രവർത്തിക്കുന്നത്. വളരെ കുറച്ച് പേർക്കെതിരെ മാത്രമേ പരാതികൾ ഉള്ളുവെന്നും ചെയർമാൻ പറഞ്ഞു.

വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സസ്പെൻഷനും സമരവുമായി യാതൊരു ബന്ധവുമില്ല. താൻ വനിതാ ജീവനക്കാരിയോട് അപമര്യാദയായി സംസാരിച്ചിട്ടില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ ജീവനക്കാരിയെ അപമാനിച്ചുവെന്ന പേരിൽ നോട്ടീസ് പുറത്തിറക്കിയത് സമ്മർദ്ദ തന്ത്രമാണ്. ഇത് ബോർഡിൽ ആദ്യത്തെ സംഭവമല്ല. സ്ത്രീകളെ ഉപയോഗിച്ച് കൊണ്ട് ഉന്നത ഉദ്യോഗസ്ഥരെ ബ്ലാക്മെയിൽ ചെയ്യുക എന്നത് സംഘടനാ നേതാക്കളുടെ സ്ഥിരം തന്ത്രമാണ്. ഇത് അടുത്ത കാലത്ത് വരെ സംഭവിച്ചതാണ്. ഇതിൽ തനിക്ക് പരാതിയുണ്ട് എന്നിരുന്നാലും ഇത് കൈകാര്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്നും ബി അശോക് പ്രതികരിച്ചു.

ഒരു സംഘടന അതിന്റെ മാനേജ്മെന്റിനോട് പുലർത്തേണ്ട സാമാന്യ മര്യാദ പോലും അവർ പുലർത്തിയില്ല. അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന പല നിർദേശങ്ങളും പ്രായോഗികമല്ല. അതിനാൽ അസോസിയേഷൻ പറയുന്നതനുസരിച്ച് മാനേജ്മെന്റിന് പ്രവർത്തിക്കാൻ സാധിക്കില്ല. കമ്പനിക്ക് അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാകില്ല. അച്ചടക്കം പാലിച്ചാൽ ആർക്കും പ്രശ്‌നമില്ല. സമരം ചെയ്യുന്നതിനും കമ്പനി എതിരല്ല. സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ കമ്പനിക്കുള്ളിൽ അക്രമം നടത്തുകയും ഉപഭോക്താക്കളെ നിരാശപ്പെടുത്തുകയും, കമ്പനിയുടെ സ്വത്ത് വകകൾ നശിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ അനുവദിക്കാനാവില്ല.

ഇപ്പോഴുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ കമ്പനി തയ്യാറാണ്. ചെറിയ പ്രശ്‌നങ്ങളെ ഇത്രത്തോളം വലുതാക്കരുത്, അവ വിട്ടു കളയുന്നതാണ് നല്ലത്. കെഎസ്ഇബി ഏതു സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്നും ഉദ്യോഗസ്ഥർ തെറ്റ് സമ്മതിച്ച് തിരിച്ചു വരണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള കാരണം അച്ചടക്ക നടപടി തന്നെയാണ്. അദ്ദേഹം സാമാന്യ മര്യാദ പോലും പാലിക്കാത്ത ഉദ്യോഗസ്ഥനാണ്. മന്ത്രിയെയും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും പേരെടുത്താണ് വിളിക്കുന്നത്.

ചെയർമാൻ ഓൺലൈനായി പങ്കെടുക്കുന്ന ബോർഡിന്റെ യോഗങ്ങളിൽ അദ്ധ്യക്ഷനിരിക്കേണ്ട കസേരയിൽ ഇയാൾ ഇരിക്കുന്നതും യോഗം നിയന്ത്രിക്കുന്നതും താൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇയാൾക്ക് വകതിരിവിന്റെ പ്രശ്‌നം രൂക്ഷമാണ്. യാതൊരു കഴിവുമില്ലാത്ത ശരാശരിക്കാരനായ എഞ്ചിനീയറാണ് ഇയാളെന്നും അശോക് വിമർശിച്ചു.