- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടത്തരം 'ഡിസ്‌കോമായി' ഒതുങ്ങേണ്ട കമ്പനിയല്ല കെ.എസ്.ഇ.ബി.എൽ; ചെലവു കുറച്ച്, സേവന ഗുണനിലവാരം കൂട്ടിയാൽ 5000 കോടി പ്രതിവർഷ ലാഭം നേടാം; 'യൂണിയൻ അതിപ്രസരം' എന്നൊക്കെ പറഞ്ഞ് ലളിതവൽക്കരിക്കാനില്ല; ദൗത്യമാണ് ഏതു നേതാവിലും വ്യക്തിയിലും വലുത്; നേട്ടങ്ങൾ പറഞ്ഞും നന്ദിയറിയിച്ചും ബി. അശോക്
തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ പദവി ഒഴിയുന്ന സാഹചര്യത്തിൽ ജീവനക്കാർ യൂണിയൻ-അസോസിയേഷൻ വ്യത്യാസമില്ലാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞും നന്ദിയറിയിച്ചും നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ബി. അശോക്. കൃഷി വകുപ്പ് സെക്രട്ടറിയായി സ്ഥാനമേൽക്കുന്നതിന് മുൻപ് ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ബി. അശോകിന്റെ തുറന്നു പറച്ചിൽ.
വൈദ്യുതി ബോർഡിൽ യൂണിയൻ നേതാക്കളുമായുള്ള പോരിനെ തുടർന്നാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയത്. വൈദ്യുതി ബോർഡിൽ താൻ പ്രവർത്തിച്ച ഒരു വർഷ കാലയളവിലെ നേട്ടങ്ങളും ഭാവിയിലേക്ക് വേണ്ടിയുള്ള നിർദേശങ്ങളും അടങ്ങുന്നതാണ് അശോകിന്റെ കുറിപ്പ്.
കമ്പനി ധനകാര്യ - മാനേജ്മെന്റ് തത്വങ്ങൾ മിതമായെങ്കിലും പാലിച്ച്, മാനേജ്മെന്റ് വളരെ പ്രൊഫഷണൽവൽകരിച്ച്, ചെലവു കുറച്ച്, സേവന ഗുണനിലവാരം കൂട്ടിയാൽ കെ.എസ്.ഇ.ബി.എൽ-ന് 50,000 മില്ല്യൺ യൂണിറ്റ് സംഭരിച്ച് വിറ്റ് 30,000-35,000 കോടി രൂപയുടെ വിറ്റുവരവും 5000 കോടി പ്രതിവർഷ ലാഭവും നേടാൻ നിശ്ചയമായും കഴിയുമെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
ഒരേ അളവ് വൈദ്യുതിക്ക് ഇതിനെല്ലാം ശരാശരി ഉപഭോക്താവ് കൂടുതൽ പണം നൽകേണ്ടി വന്നു. മാറ്റങ്ങൾക്കുനേരെ പുറം തിരിഞ്ഞു നിൽക്കാതെ സക്രിയമായി; സ്വന്തം താൽപര്യത്തിന്റെ അതിരിനുമപ്പുറം പശ്ചാത്തലവും നമ്മൾ ഒന്നിച്ചു നിർമ്മിക്കേണ്ട ഭാവിയെയും നമ്മൾ കാണണം. നമ്മുടെ സങ്കുചിതത്വം എല്ലാവരെയും ബാധിക്കുന്ന സ്ഥിതി വരരുത്.
കെ.എസ്.ഇ.ബി. നിലവിൽ ശരാശരിക്കുമീതേ പ്രകടനമുള്ള, ദേശീയ മികവിന് എല്ലാ സാധ്യതയുമുള്ള ഒരു പൊതുമേഖലാ കമ്പനിയാണ്. അതിന്റെ ജീവനക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും നല്ല കർമ്മശേഷിയുണ്ട്. ആത്മാർത്ഥതയും, കമ്പനിയോടും ജനങ്ങളോടും പ്രതിബദ്ധതയും ദേശസ്നേഹവുമുണ്ട്. എന്നാലാ മികവ് സാധ്യത പ്രയോജനപ്പെടുത്തി, ഇന്ത്യയിലെ മികവുറ്റ കമ്പനിയാവുക, കേരളം കെ.എസ്.ഇ.ബി.യാൽ ഇന്ത്യയാകെ അറിയപ്പെടുക എന്ന ലക്ഷ്യം വളരെയങ്ങ് വിദൂരമായ ഭാവിയിലാക്കാൻ പാടില്ലെന്നും തന്റെ കുറിപ്പിൽ ബി അശോക് ഓർമ്മപ്പെടുത്തുന്നു.
കെ.എസ്.ഇ.ബിയെ ലാഭകരമാക്കുന്നതിന് തടസ്സമാകുന്ന കാര്യങ്ങളെ 'യൂണിയൻ അതിപ്രസരം' എന്നൊക്കെ പറഞ്ഞ് ലളിതവൽക്കരിക്കാനില്ലെന്നും. അതൊക്കെ പത്രഭാഷയിലെ പ്രചാരം സിദ്ധിച്ച 'ക്ലീഷേ' മാത്രമാണെന്നും അദ്ദേഹം പറയുന്നു. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
കെ എസ് ഇ ബി എൽ ശക്തിയായി മുന്നോട്ട്...
ഇരുപത്തിയഞ്ചു വർഷം പൊതുഭരണത്തിൽ ചെലവിട്ട്, അതിൽ മൂന്ന് ധനവർഷം ഊർജ്ജ മേഖലയിൽ, കെ.എസ്.ഇ.ബി.യിൽ സി.എം.ഡി., ഊർജ്ജ സെക്രട്ടറി (ഡയറക്ടർ) എന്നീ നിലകളിൽ ചെലവിട്ട പരിചയത്തിൽ ഒരു നന്ദിവാക്ക് പറയട്ടെ...
• കേരളത്തിന്റെ സുസ്ഥിര വികസനത്തിൽ, അടുത്ത 50 വർഷത്തെ ഏറ്റവും സുപ്രധാനമായ ഊർജ്ജ സുരക്ഷയ്ക്കും വികസനത്തിനും ചുമതലപ്പെട്ടവർ എന്ന നിലയിൽ ഈ കമ്പനിയുടെ വിജയവും ശ്രേയസ്സും ഉറപ്പാക്കുന്നതിൽ കേരളത്തിന്റെയാകെ ശ്രദ്ധ വേണ്ടതാണ്.
• ജൂലൈ 2021-ൽ ടീം വർക്കാരംഭിക്കുമ്പോൾ ഞാനീ ദൗത്യത്തിന് പേരിട്ടത് 'നവ കേരളത്തിന് നവീന കെ.എസ്.ഇ.ബി.എൽ' എന്നാണ്. പലരും കരുതിപ്പോരുന്നതുപോലെ 1.33 കോടി ഉപഭോക്താക്കൾക്ക് 26,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി കുറെ സ്വയം ഉൽപാദിപ്പിച്ചും ബാക്കി വാങ്ങിയും വിൽക്കുന്ന ഒരു ഇടത്തരം 'ഡിസ്‌കോമായി' ഒതുങ്ങേണ്ട കമ്പനിയല്ല കെ.എസ്.ഇ.ബി.എൽ.
കമ്പനി ധനകാര്യ - മാനേജ്മെന്റ് തത്വങ്ങൾ മിതമായെങ്കിലും പാലിച്ച്, മാനേജ്മെന്റ് വളരെ പ്രൊഫഷണൽവൽകരിച്ച്, ചെലവു കുറച്ച്, സേവന ഗുണനിലവാരം കൂട്ടിയാൽ കെ.എസ്.ഇ.ബി.എൽ-ന് 50,000 മില്ല്യൺ യൂണിറ്റ് സംഭരിച്ച് വിറ്റ് 30,000-35,000 കോടി രൂപയുടെ വിറ്റുവരവും 5000 കോടി പ്രതിവർഷ ലാഭവും നേടാൻ നിശ്ചയമായും കഴിയും.
• 5% വാർഷിക വളർച്ചയുള്ള വൈദ്യുതി ഡിമാന്റ്, വ്യവസായവൽകൃത സംസ്ഥാനങ്ങളിൽ വലിയ വൈദ്യുതി ആവശ്യമാണ് ഉയർത്തിയിരിക്കുന്നത്. ഈ വൈദ്യുതി മാർക്കറ്റുകൾ, മദ്ധ്യകാല മാർക്കറ്റുകളിലും റിയൽ ടൈം മാർക്കറ്റിലും ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ, കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനു തന്നെ ഒരു മുതൽക്കൂട്ടാകാം.
• എന്നാൽ, ദേശീയ ഡിമാന്റിന്റെ ഒരു ശതമാനം മാത്രമായ കേരളത്തിന്റെ ആഭ്യന്തര ഡിമാന്റ് പരിഹരിക്കുന്നതിലേക്കൊതുങ്ങി, കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാതെയും മത്സരക്ഷമമായ ഐ.ടി. സങ്കേതങ്ങളും ബിസിനസും വിപുലീകരിച്ച്, വ്യവസായങ്ങൾക്കും വാണിജ്യ സംരംഭങ്ങൾക്കും ചെലവു കുറഞ്ഞ വൈദ്യുതിയുടെ വിറ്റുവരവു കൂട്ടി മെച്ചപ്പെടുത്താതെയും പോകുന്നത് വലിയ അവസരത്തിന്റെ നഷ്ടപ്പെടുത്തലാണ്. ഒരർത്ഥത്തിൽ ക്രോണിക് ഷോർട്ടേജ് - ഇംപോർട്ട് സബ്സ്റ്റിറ്റിയൂഷൻ ഇക്കോണമിയുടെ ശീലങ്ങളാണ് കെ.എസ്.ഇ.ബി.യെ ഒരു ഇടത്തരം കമ്പനിയായി ഇനിയും നിലനിർത്തുന്നത്.
• സത്വരമായി വളരാനും കൂടുതൽ വൈദ്യുതി വിൽക്കാനും ശരാശരി യൂണിറ്റിന്റെ വിനിമയച്ചെലവ് പ്രതിവർഷം കുറയ്ക്കാനുമാണ് കമ്പനി സത്വരമായി ശ്രമിക്കേണ്ടത്.
• എന്താണ് ഇതിനു തടസ്സം എന്ന് ഇതു വായിക്കുന്നവർ ചോദിക്കും. 'യൂണിയൻ അതിപ്രസരം' എന്നൊക്കെ പറഞ്ഞ് ലളിതവൽക്കരിക്കാൻ ഞാനില്ല. അതൊക്കെ പത്രഭാഷയിലെ പ്രചാരം സിദ്ധിച്ച 'ക്ലീഷേ' മാത്രമാണ്; പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ്. എല്ലാം മാനവിക സ്ഥാപനങ്ങളാണ്. യൂണിയൻ - അസോസിയേഷൻ - മാനേജ്മെന്റുകൾക്ക് ഒക്കെ തിരുത്തേണ്ട പലതുമുണ്ടാകും. അത് ഇക്കഴിഞ്ഞ മാസങ്ങളിൽ നമ്മൾ നേരിൽ തന്നെ പലവട്ടം ഫലപ്രദമായി സംസാരിച്ചിട്ടുള്ളതാകയാൽ ഇനിയത് ആവർത്തിക്കേണ്ടതില്ല.
• ജീവനക്കാർ യൂണിയൻ-അസോസിയേഷൻ വ്യത്യാസമില്ലാതെ ശ്രമിക്കേണ്ട മൂന്നു കാര്യങ്ങൾ മാത്രം ചെയർമാന്റെ പദവിയൊഴിയുന്ന വേളയിൽ ആവർത്തിക്കുന്നു.
1. ഗുണമേന്മയുള്ള വൈദ്യുതി സേവനം ഏറ്റവും ചെലവു കുറച്ചും കമ്പനിയുടെ നിക്ഷേപത്തിനാനുപാതികമായിട്ടും നൽകിക്കൊണ്ട് പരമാവധി നഷ്ടം കുറച്ച്, കടം പരമാവധി കുറച്ച് പരിപാലിച്ചേ മുന്നോട്ടു പോകാവൂ. 16,000 കോടി രൂപ വാർഷികമായി ലഭിക്കുമാറ് ഉപഭോക്താക്കൾ ദ്വൈമാസം തോറും ബില്ലടയ്ക്കുന്ന കമ്പനിക്ക് എല്ലാ വർഷവും (2021-22 ഒഴികെ) 1200 കോടി രൂപ നഷ്ടവും 1000 കോടി കടവും വരുത്തി സുസ്ഥിരമായി മുന്നോട്ടു പോകാനുള്ള പരിസരമില്ല. ഒരു സ്വകാര്യ/പൊതു പവ്വർ കമ്പനിക്കും ഇതു സാധിക്കില്ല. ഒരു ബിസിനസ്സ് സ്ഥാപനത്തിനും ഈ ശൈലിയിൽ വിജയിക്കാനാവില്ല. മാനേജ്മെന്റിനോട് സഹകരിച്ചുകൊണ്ട്, മാനവവിഭവശേഷി റീസ്ട്രക്ച്ചറിങ് നടപ്പാക്കണം. സാങ്കേതിക വിദ്യ ഉപയോഗിച്ച് വേണ്ടതിലധികമുള്ള തസ്തികകൾ ക്രമേണ കുറയ്ക്കണം. ജീവനക്കാർക്കു കരിയർ ദോഷമില്ലാതെ, ഓട്ടോമേഷന്റെയും ഐ.ടി. സാങ്കേതിക വിദ്യയുടെയും സാമ്പത്തിക നേട്ടം ഉപഭോക്താവിനു നമ്മൾ കൈമാറണം. പ്രതി യൂണിറ്റിന് കുറഞ്ഞത് 1 - 1.50 രൂപ ഇപ്രകാരം 5 വർഷം കൊണ്ട് ചെലവും താരിഫും കുറയ്ക്കാം.
2. തുടർച്ചയായി നഷ്ടത്തിൽ തുടർന്നാൽ, കമ്പനി ഏറ്റെടുത്ത ജീവനക്കാരുടെ പെൻഷൻ ബാധ്യതകൾ നിറവേറ്റാൻ വരും വർഷങ്ങളിൽ ശ്രമകരമാകും. പ്രതിമാസം നിലവിലെ 150 കോടി രൂപയിൽ നിന്നും പ്രതിമാസം 1000 കോടി രൂപ വരെ ഒരു സമയം പെൻഷൻ ബാധ്യത ഉയരുന്ന ഘടനയാണ് 20,000 കോടി രൂപ വരുന്ന ബാധ്യതാ ഘടനയ്ക്കുള്ളത്. ഇത് വിതരണം ചെയ്യാനുള്ള മാസ്റ്റർ ട്രസ്റ്റ് പ്രൊഫഷണൽ മാനേജ്മെന്റോടെ മുന്നോട്ടു കൊണ്ടുവരേണ്ടതുണ്ട്. മാസ്റ്റർ ട്രസ്റ്റിന് ആവശ്യമായ ധനകാര്യ മുന്നൊരുക്കം ഉടൻ നടത്തിയില്ലെങ്കിൽ 4-5 വർഷത്തിനകം വിരമിക്കുന്ന ജീവനക്കാർ ദുരിതത്തിലാകും. കിട്ടേണ്ട പൊതു കുടിശ്ശിക ബഡ്ജറ്റിൽ നിന്നും ക്രമീകരിച്ചു കിട്ടിയില്ലെങ്കിൽ ഡ്യൂട്ടി തുക പുനഃക്രമീകരിച്ച് അതു നിറവേറ്റേണ്ടതുണ്ട്. തീരുമാനങ്ങളില്ലാതെ ഇതു നീട്ടിക്കൊണ്ടു പോയാൽ ഈ ഭാരം നിറവേറ്റാനാവാതെ കെ.എസ്.ആർ.ടി.സി.യെപ്പോലെ ഒറ്റയടിക്ക് ദുരിതമുണ്ടാക്കും. കമ്പനിയായി 10 വർഷത്തിനു ശേഷവും സാമ്പത്തിക - മാനവവിഭവശേഷി പുനഃക്രമീകരണം പൂർണ്ണമാകാത്തത് ഖേദകരമാണ്.
3. എന്റെയൊരനുഭവത്തിൽ ശരാശരി കെ.എസ്.ഇ.ബി. ജീവനക്കാരൻ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സത്യസന്ധമായി സേവനം ചെയ്യാൻ തൽപരനാണ്. മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിമുഖത വളരെ കുറച്ചു പേർക്കേയുള്ളൂ. 'തൽസ്ഥിതി സദാ തുടരും' എന്ന ഒരു പിശകായ ബോധ്യമുള്ള ചിലരുടെ സ്വാധീനത്തിൽ ആഴ്ന്നു പോകുന്നവരാണ് നമ്മളിൽ മിക്കവരും. അവർക്കായി തത്വചിന്തകൻ ജോൺ ഷാറിന്റെ ഒരു ഉദ്ധരണി വിനയപൂർവ്വം ചേർക്കുന്നു.
'ഭാവി ഇതിനകം നമ്മൾ നിർമ്മിച്ചിട്ടില്ലാത്ത ഒരിടമാണ്.
നമ്മൾ ഒന്നിച്ച് അതിന്റെ നിർമ്മിതിയിലാണ് എന്നതാണ് സത്യം.
നമുക്ക് ലഭ്യമായ പാതകളിലൂടെ സഞ്ചരിച്ചു കൊണ്ടു മാത്രമല്ല;
പുത്തൻ പാതകൾ വെട്ടിത്തെളിച്ചു കൊണ്ടേ ആ
നവ നിർമ്മിതിയിലേക്കെത്താൻ കഴിയൂ.'
ഇക്കഴിഞ്ഞ കാലത്ത് വിശിഷ്ടങ്ങളായ പല ദൗത്യങ്ങളും എന്നെ ഏൽപിക്കാനുള്ള വിശ്വാസം ബഹു. കേരള സർക്കാരും കേന്ദ്ര സർക്കാരും പ്രധാന സ്വയംഭരണ സ്ഥാപനങ്ങളും കാട്ടിയിട്ടുണ്ട്.
• അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് വലിയ ജനപങ്കാളിത്തത്തോടെ കുടിവെള്ളം എത്തിച്ച 'ജലനിധി', നാന്നൂറു കോടിയിലധികം രൂപ പശ്ചാത്തല സൗകര്യവും 30-ലധികം അക്കാദമിക് പരിപാടികളും അഞ്ചോളം ഉന്നത ദേശീയ വിദേശ അക്കാദമിക് സംവിധാനങ്ങളുമായി ഒരു പുതിയ സർവ്വകലാശാല, ബുദ്ധിമുട്ടുള്ള സദാ മഞ്ഞണിഞ്ഞ ഹിമാലയത്തിലെ കൊടുമുടിയായ 'ഭരാസു (Bharasu) പാ'സ്സടക്കം പത്തു വർഷത്തിനു ശേഷം കയറിപ്പറ്റിയ ഐ.എ.എസ്. ട്രെയിനിങ് കോഴ്സിന്റെ ഡയറക്ടർ, കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ ഓഫീസിന്റെ ഭരണച്ചുമതല, ജലവിഭവവും ഊർജ്ജവും ആരോഗ്യവും അടക്കം പ്രധാന വകുപ്പുകളുടെ ചുമതല, പഠിച്ച വിദേശത്തെ പ്രധാന സർവ്വകലാശാലകൾ ഇവിടെയൊക്കെയുള്ള കുറെ പരന്ന പരിചയം എന്നെ പഠിപ്പിച്ചത് നമ്മൾ നമ്മുടെ കാലഘട്ടത്തിന്റെ സങ്കേതങ്ങളെയും ആശയങ്ങളെയും കണ്ണടച്ചു തിരസ്‌കരിക്കരുത് എന്നാണ്. തുറന്ന മനസ്സോടെ പരിഹാരത്തെ കാണണം എന്നാണ്. ചൈനീസ് ഹൈകു പറഞ്ഞതുപോലെ ''ഒരു നദിയിലേക്ക് ഒരാൾക്കും രണ്ടു വട്ടം ഇറങ്ങാനാവില്ല''.
• സ്മാർട്ട് മീറ്ററുകളുടെ കാര്യം തന്നെയെടുക്കാം. അത് പൊതുമേഖലയ്ക്ക് എതിരാണ് എന്നു പ്രചരിപ്പിക്കുന്നത് പിശകാണ്. ഗ്രിഡിൽ വൈദ്യുതി പ്രസരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നിടത്തൊക്കെ കൃത്യമായി അളന്നേ വൈദ്യുതി വ്യാപാരം മെച്ചപ്പെടുത്താനാകൂ. ഉപഭോക്താവിന് ശരാശരി 5-10% ഉപഭോഗം നിയന്ത്രിച്ചു ചെലവു കുറയ്ക്കാൻ കഴിയുന്ന സങ്കേതമാണ് ഇത്. നമ്മളതിനെ വേണ്ടതില്ല എന്നു കാണുകയും പുറം തിരിഞ്ഞു നിൽക്കുകയും ചെയ്യുന്നത് നമ്മുടെ ഗ്രിഡിനെ കാലക്രമേണ പഴഞ്ചനാക്കും.
• വിൽക്കുന്ന വൈദ്യുതിയുടെ 70% സ്വകാര്യ കമ്പനികളിൽ നിന്നും വാങ്ങുന്ന നമ്മൾ, ഉപയോഗിക്കുന്ന മീറ്ററും സോഫ്റ്റ് വെയറും സ്വയം നിർമ്മിക്കണം എന്നു പറയുന്നതിൽ വൈരുദ്ധ്യമുണ്ട്. 700 കോടി മുതൽമുടക്കിയ ഐ.ടി. സങ്കേതങ്ങൾ കെ.എസ്.ഇ.ബി.യുടെ ഓവർലോഡ് ചെലവ് കുറച്ചോ കൂട്ടിയോ? നമ്മൾ സത്യസന്ധമായി പരിശോധിക്കണം. യൂറോപ്പിൽ ശരാശരി വിതരണ കമ്പനികൾ ഐ.ടി. നിർമ്മിത കൃത്രിമ ബുദ്ധിസങ്കേതം ഉപയോഗിച്ച് 30-40% വിതരണച്ചെലവു കുറച്ചു. നമുക്ക് ഐ.ടി.യിലും മാനവ വിഭവ ശേഷിയിലും നിക്ഷേപം നടന്നെങ്കിലും വിതരണച്ചെലവ് കൂടിയതേയുള്ളൂ. ഇത് ഉപഭോക്താവിനു ബാധ്യതയാവരുത്.
• ഒരേ അളവ് വൈദ്യുതിക്ക് ഇതിനെല്ലാം ശരാശരി ഉപഭോക്താവ് കൂടുതൽ പണം നൽകേണ്ടി വന്നു. മാറ്റങ്ങൾക്കുനേരെ പുറം തിരിഞ്ഞു നിൽക്കാതെ സക്രിയമായി; സ്വന്തം താൽപര്യത്തിന്റെ അതിരിനുമപ്പുറം പശ്ചാത്തലവും നമ്മൾ ഒന്നിച്ചു നിർമ്മിക്കേണ്ട ഭാവിയെയും നമ്മൾ കാണണം. നമ്മുടെ സങ്കുചിതത്വം എല്ലാവരെയും ബാധിക്കുന്ന സ്ഥിതി വരരുത്.
• കെ.എസ്.ഇ.ബി. നിലവിൽ ശരാശരിക്കുമീതേ പ്രകടനമുള്ള, ദേശീയ മികവിന് എല്ലാ സാധ്യതയുമുള്ള ഒരു പൊതുമേഖലാ കമ്പനിയാണ്. അതിന്റെ ജീവനക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും നല്ല കർമ്മശേഷിയുണ്ട്. ആത്മാർത്ഥതയും, കമ്പനിയോടും ജനങ്ങളോടും പ്രതിബദ്ധതയും ദേശസ്നേഹവുമുണ്ട്. എന്നാലാ മികവ് സാധ്യത പ്രയോജനപ്പെടുത്തി, ഇന്ത്യയിലെ മികവുറ്റ കമ്പനിയാവുക, കേരളം കെ.എസ്.ഇ.ബി.യാൽ ഇന്ത്യയാകെ അറിയപ്പെടുക എന്ന ലക്ഷ്യം വളരെയങ്ങ് വിദൂരമായ ഭാവിയിലാക്കാൻ പാടില്ല.
• കഴിഞ്ഞ ഒരു വർഷം, കെ.എസ്.ഇ.ബി.എൽ എനിക്ക് വ്യക്തിഗതമായി വലിയ കരുത്താണ് പകർന്നതെന്നാണ് വിശ്വാസം. തുടർന്നു വരുന്ന സി.എം.ഡി. ശ്രീ. രാജൻ ഖോബ്രഗഡെ ഞാൻ ബഹുമാനിക്കുന്ന മികച്ച ഉദ്യോഗസ്ഥ സുഹൃത്താണ്. അദ്ദേഹത്തിന് എനിക്കു ലഭിച്ചതിലധികം പിന്തുണ നൽകണം. ഇക്കഴിഞ്ഞ ദിവസം സ്നേഹത്തോടെ വിളിച്ച ഉപഭോക്താവിൽ ഒരാൾ ഒട്ടൊക്കെ വാത്സല്യത്തോടെ പറഞ്ഞത് എന്നും ഓർക്കും. ''എന്തിന് നാലഞ്ചു കൊല്ലം നമ്മൾ ഒരിടത്തിരിക്കണം? ഇരുന്ന ഒരു വർഷം സാമാന്യം നല്ല ഒരു ടീമുണ്ടാക്കി; കമ്പനി നേടിയ മുന്നോട്ടു പോക്ക്. അതു പോരേ?'' പിന്നെ കമ്പനിയുടെ മാനേജ്മെന്റാണ് എല്ലാവരേയും കേട്ടും സംവദിച്ചും വഞ്ചി മുന്നോട്ടെടുക്കേണ്ടത്. ഇതിനുള്ളിലെ ഇൻഫോർമൽ പവ്വർ സ്ട്രക്ച്ചറല്ല;. അത് വ്യക്തമായി. വലിയ പാഠമാണത്.''
ആ നിരീക്ഷണം വിനയത്തോടെ സ്വീകരിക്കുന്നു.
• കേവലം വാണിജ്യം മാത്രമല്ല കെ.എസ്.ഇ.ബി. 2021-22-ൽ ചെയ്തത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാർക്ക് 2 വർഷത്തെ ചൈൽഡ് കെയർ ചട്ടത്തിൽ ആനുകൂല്യങ്ങൾ നൽകി; വൈദ്യുതാഘാതത്താൽ കൈ നഷ്ടപ്പെട്ട പെയിന്ററുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്തു; വിദേശത്ത് തൊഴിൽ നേടി നഷ്ടപ്പെട്ട് ദുരിതത്തിൽവീണ മുൻ എഞ്ചിനീയർക്ക് ഒട്ടൊക്കെ അസാധ്യമായ പുനർനിയമനം നൽകി; ഇന്നലെ ഒടുവിൽ, അജ്ഞത കൊണ്ട് സമയത്ത് അപ്പീൽ നൽകാതിരുന്ന ആദിവാസി വർക്കറെ അഞ്ചു വർഷത്തിനു ശേഷം തിരിച്ചെടുത്തു. പട്ടികജാതി-പട്ടികവർഗ്ഗ ജീവനക്കാരുടെ ക്ഷേമത്തിനുള്ള ലെയ്സൺ ഓഫീസർക്ക് പ്രത്യേക ഓഫീസുമായി. വൈദ്യുതി ഭവനിൽ ചെറിയ കുട്ടികളുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പരിചിതമായിത്തുടങ്ങി. ഓഫീസ് ആധുനീകരണവും എമർജൻസി കൺട്രോൾ റൂമും നടക്കുന്നു.
• കമ്പനിയിലെ ഓരോ ദിവസവും നിങ്ങളുടെ സേവനത്തിന്റെ മികവിനും സംതൃപ്തിക്കുമായാണ് നീക്കി വച്ചത്. വ്യക്തിഗതമായി വലിയ സംതൃപ്തി തരുന്ന ഒരു വർഷമായിരുന്നു എനിക്ക് 2021-22. ഒട്ടൊക്കെ നിസ്സാരമായ എന്റെ സേവന ജീവിതത്തിലെ 365 ദിവസത്തെ കർമ്മജീവിതം സമ്പുഷ്ടമാക്കിയ; നാടിനു നേട്ടം പകരുന്ന കർമ്മത്തിൽ കൈത്താങ്ങായെത്തിയ; നിസ്വാർത്ഥരും സ്നേഹം നിറഞ്ഞവരുമായ കെ.എസ്.ഇ.ബി.യിലെ ഡയറക്ടർമാർ മുതൽ ഓഫീസ് അറ്റൻഡന്റുമാർ വരെയുള്ളവരും, സ്വന്തം ജീവൻ തൃണവൽഗണിച്ചും നാടിനു വെളിച്ചം നൽകാൻ സദാ ജാഗരൂകരായിരിക്കുന്ന എന്റെ തൊഴിലാളി സുഹൃത്തുക്കളും ഉൾപ്പെടെ 32,000 സഹോദരങ്ങളുടെ സ്നേഹത്തിന് എന്റെ വിനീതമായ നന്ദി.
• ഊർജ്ജത്തിലെ സങ്കീർണ്ണതകൾ പൂർണ്ണ ഊർജ്ജത്തോടെ, ക്ഷമയോടെ അഭ്യസിപ്പിച്ചതിന്; പിശകിയപ്പോൾ നന്നായി വിമർശിച്ചതിന്; തിരുത്തിയതിന്; അങ്ങനെ എന്റെ ഗുരുക്കളായിക്കൂടി മാറിയ സഹപ്രവർത്തകർക്ക്; പ്രോത്സാഹനം മാത്രം തന്ന ബഹു. മുഖ്യമന്ത്രിക്കും ബഹു. വൈദ്യുതി മന്ത്രിക്കും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും സ്റ്റാഫിനും; ചീഫ് സെക്രട്ടറി, ഊർജ്ജ സെക്രട്ടറി എന്നിവർക്കും നന്ദി.
• പുതിയ ദൗത്യത്തിലേയ്ക്കു മാറുമ്പോൾ കെ.എസ്.ഇ.ബി.എൽ-ന് ഭാവുകങ്ങൾ മാത്രം. സ്നേഹാദരങ്ങൾ മാത്രം. കെ.എസ്.ഇ.ബി. എന്ന വലിയ കുടുംബത്തിന് വിജയാശംസകൾ! ദൗത്യമാണ് ഏതു നേതാവിലും വ്യക്തിയിലും വലുത്. അവിടെ നമ്മളുറച്ചു നിൽക്കുക.
• ഇനി ഞാൻ കെ.എസ്.ഇ.ബി.യുടെ എളിയ ഒരു ഉപഭോക്താവും അഭ്യുദയകാംക്ഷിയും മാത്രം.
എന്നെന്നും നവകേരളത്തിനും നവീന കെ.എസ്.ഇ.ബി.യോടുമൊപ്പം!
-ഡോ. ബി. അശോക്
മറുനാടന് മലയാളി ബ്യൂറോ