തിരുവനന്തപുരം: കെ എസ് ഇ ബി ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. ബി അശോകിനെ മാറ്റണമെന്ന നിലപാടിലേക്ക് ഭരണ അനുകൂല യൂണിയനുകൾ എത്തിയിട്ട് നാളേറെയായി. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച ഉദ്യോഗസ്ഥനെ മാറ്റുന്നതിന് എതിരായിരുന്നു.

മുൻ സർക്കാരിന്റെ കാലത്തു നടന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ചെയർമാന്റെ പോസ്റ്റ് വലിയ വിവാദമായിരുന്നു. മൂന്നാറിലെ സൊസൈറ്റിക്ക് കെ.എസ്.ഇ.ബി.യുടെ ഭൂമി പതിച്ചുകൊടുക്കാൻ ശ്രമം നടന്നുവെന്നായിരുന്നു അശോകിന്റെ ആരോപണം. എം.എം.മണി വകുപ്പുമന്ത്രിയായിരുന്ന കാലത്തെക്കുറിച്ചാണ് ആരോപണം ഉന്നയിച്ചത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡ് അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടുനൽകി. നൂറു കണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ വാണിജ്യ പാട്ടത്തിന് കൊടുത്തുവെന്നും ആരോപിച്ചിരുന്നു. സിപിഎം സംഘടനകൾക്ക് കെ എസ് ഇ ബി ഭൂമി പതിച്ചു കൊടുത്തുവെന്ന ആരോപണം മുമ്പും ഉയർന്നിരുന്നു. ഇതാണ് അശോക് ഉന്നയിച്ചത്. സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ ആരോപണങ്ങൾ അംഗീകരിക്കില്ലെന്നായിരുന്നു മുന്മന്ത്രി എംഎം മണിയുടെ നിലപാട്. സിപിഎമ്മിന്റെ കണ്ണിലെ കരടായ അശോകിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പിന്തുണയുണ്ടായിരുന്നു.

സത്യസന്ധൻ എന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ് അശോക്. അഴിമതിക്കെതിരെ പട പൊരുതുന്ന വ്യക്തി. കെ എസ് ഇ ബിയിലെ ഫയൽ ചോർച്ചയും മറ്റും അശോക് ചർച്ചയാക്കി. എന്നാൽ, തന്റെ കാലത്തെ ഭരണനടപടികൾക്കെതിരെ വിമർശനം ഉന്നയിച്ച അശോകിനെതിരെ കടുത്ത നടപടി എടുക്കണമെന്നായിരുന്നു മണിയാശാന്റെ മനസ്സിലിരുപ്പ്.

വൈദ്യുതി ബോർഡിനെ രക്ഷിച്ചെടുക്കാനായിരുന്നു അശോക് സകല നടപടികളും എടുത്തത്. എല്ലാ ജീവനക്കാരേയും കൊണ്ട് പണിയെടുപ്പിക്കാനായിരുന്നു തീരുമാനം. ഇതിന് വേണ്ടി നടത്തിയ പരിഷ്‌കാരങ്ങൾ ഇടതു യൂണിയന് പിടിച്ചില്ല. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വൈദ്യുതി മന്ത്രിയായ കൃഷ്ണൻകുട്ടിയുടെ പിന്തുണയിൽ അശോക് മുമ്പോട്ടു പോകുന്നത് തടയാൻ സംഘടനകൾ സമരത്തിന് ഇറങ്ങി. ഇതിനിടെയാണ് ചില സത്യങ്ങൾ അശോക് വിളിച്ചു പറഞ്ഞത്. സർക്കാരിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അശോക് വിശദീകരിച്ചപ്പോഴും അങ്ങനെ അല്ലെന്ന് വരുത്താനായിരുന്നു സംഘടനകളുടെ ശ്രമം. ഇതിന് വേണ്ടിയാണ് ഇടുക്കിയിൽ നിന്ന് മണിയാശാനെ തന്നെ രംഗത്തിറക്കിയത്. അതിൽ സംഘടനകൾ കുറയൊക്കെ വിജയം കണ്ടു. എന്നിരുന്നാലും അശോകിനെ മാറ്റണമെന്ന ആഗ്രഹം നടപ്പായില്ല.

മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്. സിവിൽ സർവ്വീസിൽ ഒറ്റയാൾ പോരാട്ടം ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥരിൽ പ്രമുഖൻ. നേരത്തെ ബി.അശോകിനെ ഊർജ, ജലവിഭവ വകുപ്പിൽ നിന്നു മാറ്റി സിവിൽ സപ്ലൈസ് സിഎംഡി ആക്കിയതിന് പിന്നിൽ പലരുടേയും ഇഷ്ടക്കേടുണ്ടായിരുന്നു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തെത്തിയത് ബി അശോകിലൂടെയാണെന്ന വിലയിരുത്തൽ അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്നു. ഇതിന് പിറകെ നെതർലണ്ട് കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്യണമെന്ന ഫയലിൽ കുറിച്ചതും പുറത്തു വന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ പിന്നിൽ സഹായം നൽകിയ കമ്പനിക്ക് വഴിവിട്ട് കരാർ കൊടുക്കണമെന്നതായിരുന്നു അന്ന് പുറത്തു വന്ന രേഖ. ഇതെല്ലാം വിവാദമായിരുന്നു.

ഇതിനെല്ലാം പിന്നിൽ സർക്കാരും ഐഎഎസ് ലോബിയും സംശയ നിഴലിൽ നിർത്തിയത് ബി അശോകിനെയാണ്. ജേക്കബ് തോമസിനെ പോലെ സത്യസന്ധനായ ഐപിഎസുകാരനെ അഴിമതിക്കുരുക്കിൽ കുടുക്കിയ അതേ ലോബി വീണ്ടും അന്ന് എത്തി. വയനാട്ടിൽ ബി അശോകിന് റിസോർട്ടുണ്ടെന്നും ഈ റിസോർട്ടിലേക്ക് അശോക് വൈദ്യുതി എടുത്തത് വൈദ്യുതി ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്നും അന്ന് വാർത്ത എത്തി. എന്നാൽ ഇതിന് പിന്നിലെ കള്ളം പുറത്തു വരികയും ചെയ്തു. വയനാട്ടിൽ അശോക് ജോലി നോക്കിയിരുന്നു. അന്ന് വയനാടിനോടുള്ള താൽപ്പര്യം കാരണം വാങ്ങിയ ഭൂമിയിൽ വീടു വച്ചു. ഇത് വാടകയ്ക്കോ ഹോംസ്റ്റേയ്ക്കോ കൊടുത്തിട്ടില്ലെന്നതാണ് വസ്തുത.

ഇതിനിടെയാണ് ഇതൊരു റിസോർട്ടാണെന്ന തരത്തിൽ വാർത്ത വന്നതും. അശോക് വച്ച വീട്ടിന് അടുത്ത് റിസോർട്ടുണ്ടെന്നതാണ് വസ്തുത. എന്നാൽ ഇതിന് അശോകിന്റെ വീടുമായി യാതൊരു ബന്ധവുമില്ല. തനിക്ക് വയനാട്ടിൽ വീട് മാത്രമേ ഉള്ളൂവെന്നും റിസോർട്ടില്ലെന്നും അശോക അന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ അശോകിനെ സസ്പെന്റ് ചെയ്യാനുള്ള വലിയ ഗൂഢാലോചന അന്ന് പൊളിഞ്ഞു. കെ എസ് ഇ ബിയിലെ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറുമായുള്ള തർക്കം ആളിക്കത്തിച്ച് അശോകിനോട് പ്രതികാരം വീട്ടാൻ മറ്റു ചിലരും അണിയറയിൽ കളി നടത്തിയിരുന്നു.

കോവിഡിന്റെ ഒന്നാം തരംഗ കാലത്ത് ബി അശോക് എഴുതിയ ലേഖനം നേരത്തെ ചർച്ചയായിരുന്നു. സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ അതിലുണ്ടെന്ന നിഗമനം സിപിഎം കേന്ദ്രങ്ങൾ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിരപ്പള്ളിയിൽ കേരളത്തെ പ്രതിക്കൂട്ടിലാക്കുന്ന വാർത്ത വന്നത്. ഇടതു പക്ഷത്ത് പോലും അത് ഭിന്നതയുടെ ചർച്ചകൾക്ക് കാരണമായി. എല്ലാവരും ചേർന്ന് സർക്കാരിനെ എതിർത്തു. കേന്ദ്ര സർക്കാരിൽ നിന്ന് എൻ ഒ സി തേടാനുള്ള നീക്കം അങ്ങനെ ചർച്ചയായി. ഇതിന് പിന്നാലെ അശോകിനെ സ്ഥലം മാറ്റി.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ സർക്കാർ വെട്ടിലായി. ഇടതുമുന്നണിയിൽ നേരത്തെയുണ്ടായിരുന്ന ധാരണ വകവയ്ക്കാതെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നേടാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് എൻഒസി നൽകിയത്. സിപിഐയുടെ നിലപാട് വ്യക്തമായിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് ഇടതുമുന്നണിയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. അതിരപ്പള്ളിക്ക് സംസ്ഥാന സർക്കാൻ എൻഒസി നൽകിയെന്ന വാർത്ത ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവർത്തകരും കേട്ടത്. ഇതിന് പിന്നാലെ ഈ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന വാർത്തയും വന്നു. ഏഷ്യാനെറ്റ് ന്യൂസിന് ഫയലുകളും കിട്ടി. ഈ ഫയൽ നൽകിയത് അന്നത്തെ ഊർജ്ജ സെക്രട്ടറിയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സജീവമായി.

ഇതിന് പുറമേ ടോം ജോസുമായും അശോക് രസത്തിൽ അല്ലായിരുന്നു. ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി ടോം ജോസിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനം വൈകാനുള്ള കാരണവും ജലഗതാഗത സെക്രട്ടറി കൂടിയായ അശോകിന്റെ ഇടപെടലാണെന്ന ചർച്ച സജീവമായിരുന്നു. വിരമിച്ച ചീഫ് സെക്രട്ടറിയെ നിയമിക്കാനുള്ള ഫയലിൽ അശോക് ഒപ്പിട്ടാൻ വൈകിയെന്നാണ് ആക്ഷേപം. ഇതോടെ അശോകിനെ കണ്ടാൽ ടോം ജോസ് മിണ്ടാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. അതിരപ്പള്ളിക്കൊപ്പം ഇതും അശോകിനെ മുലയ്‌ക്കൊതുക്കാൻ കാരണമായി. ഊർജ്ജ വകുപ്പിൽ നിന്ന് ബി.അശോകിനെ സിവിൽ സപ്ലൈസിലേക്ക് മാറ്റി.

കോവിഡ് കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് വരുന്നവരുടെ വഴി തടയാനോ വരവ് കുറയ്ക്കാനോ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ഡോ ബി അശോക് ലേഖനം എഴുതിയിരുന്നു. മികച്ച ചികിത്സ സൗകര്യവും സാങ്കേതിക വിദ്യകളും ലഭ്യമായ ഇവിടേക്ക് ഒരു രോഗത്തെ ഭയന്ന് സ്വന്തം സഹോദരങ്ങളെ നാട്ടിലെത്താൻ അനുവദിക്കാതിരുന്ന സ്ഥലമായി കേരളം മാറരുതെന്ന് ഡോ അശോക് കേരള കൗമുദി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നു. പ്രവാസികളുടെ വരവിനോട് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടുകളോട് കടുത്ത വിയോജിപ്പുകളാണ് ലേഖനത്തിൽ പ്രകടിപ്പിച്ചിത്.

ഇതിന് ശേഷം വൈദ്യുതി ബോർഡ് ചെയർമാൻ സ്ഥാനത്തും അദ്ദേഹം യുദ്ധം തുടർന്നു.ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ബി.അശോകിന്റെ പോസ്റ്റ് വിവാദമായിരുന്നു, ഇതിനെതിരെ അസോസിയേഷൻ രംഗത്തെത്തിയതോടെ ചെയർമാൻ പോസ്റ്റ് പിൻവലിച്ചു. സിപിഎം അസോസിയേഷനിൽപ്പെട്ട ഉന്നത നേതാക്കളെ സ്ഥലം മാറ്റിയതും തർക്കത്തിനിടയാക്കി. ബോർഡിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ അച്ചടക്കം അനിവാര്യമെന്ന നിലപാടാണ് അശോക് സ്വീകരിച്ചത്. മാടമ്പിത്തരം കാട്ടിയാൽ വെച്ചുപൊറുപ്പിക്കില്ല എന്ന് അദ്ദേഹം ക്യത്യമായി വ്യക്തമാക്കിയപ്പോൾ, ഇതുവരെയുണ്ടായിരുന്ന കഥ തിരുത്തി എഴുതുകയയായിരുന്നു. യൂണിയനുകളുടെ ധാർഷ്ട്യവും, താൻപ്രമാണിത്വവും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം തുടക്കത്തിൽ തന്നെ നൽകി. ബോർഡ് ഓഫീസ് വളഞ്ഞാലും ബോർഡും ചെയർമാനും വളയില്ലെന്നും അദ്ദേഹം നേരത്തെ പരിഹസിച്ചിരുന്നു.

ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്നു മാന്യമായി പറയുമെന്നും കയ്യോടെ നടപടിയെടുക്കുമെന്നും ബി അശോക് കേരളശബ്ദം ദ്വൈവാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാടമ്പിത്തരം കുടുംബത്തു മടക്കിവെച്ച് മര്യാദയ്ക്ക് ജോലിക്ക് വരണമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. മുഖ്യമന്ത്രി വകുപ്പ് ഭരിച്ചപ്പോൾ പോലും സംസ്ഥാന നേതാക്കൾക്കെതിരെ നടപടി ഉണ്ടായിട്ടുണ്ടെന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും ഭരണനേതൃത്വത്തിൽ നിന്നുള്ള പിന്തുണ സൂചിപ്പിച്ച് ബി അശോക് പറഞ്ഞു.അച്ചടക്ക ലംഘനം ഇനി വെച്ചു പൊറുപ്പിക്കാനാകില്ല. എടാ പോടാ എന്ന് ദുർബല സമുദായത്തിൽപ്പെട്ട ഡയറക്ടറിനെ വിളിച്ചാൽ ഇരിക്കെടോ എന്ന് മാന്യമായി പറയും. അല്ലെങ്കിൽ കയ്യോടെ മെമോ കൊടുക്കും. നടപടിയുണ്ടാകും. ആരുടെയും മുറുക്കാൻ ചെല്ലം താങ്ങിയുള്ള രീതി ഇനി നടക്കില്ലെന്നും അശോക് പറഞ്ഞിരുന്നു.

കെഎസ്ഇബിയിലെ തൊഴിലന്തരീക്ഷത്തിന് ഒരു പ്രശ്‌നവുമില്ല. ചെയർമാന്റെയും ബോർഡിന്റെയും മുന്നിൽ വന്ന എല്ലാ തൊഴിൽ പ്രശ്‌നങ്ങളും രമ്യമായി പരിഹരിച്ചു കൊണ്ടിരിക്കുന്നു. ഓഫീസർമാരിൽ ചുരുക്കം ചിലരുടെ അസ്വസ്ഥത പുതിയതല്ല. നിയമനങ്ങൾ, നയപരിപാടികൾ എന്നിവ വിശദമായി കൂടിയാലോചിച്ച് ബോർഡ് നിശ്ചയിക്കും. ഏതെങ്കിലും സംഘടന നേതാക്കളുടെ ദൈനംദിന നിയന്ത്രണം ചെയർമാന്റെയോ ബോർഡിന്റെയോ പുറത്ത് തീരെ അനുവദിക്കില്ല എന്നു വ്യക്തമാക്കിയത് മുതൽ ചിലർക്ക് അസ്വസ്ഥതയുണ്ട്. സംഘടനാ നേതൃത്വത്തിലുള്ള ചില വ്യക്തികളെ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകാനാകില്ല. രാഷ്ട്രീയ വിഭാഗീയത താൽപര്യങ്ങൾക്ക് മുന്നിൽ വൈദ്യുതി ബിസിനസ്സ് ഫലപ്രദമായി ചെയ്യാനാവില്ലെന്നും ബി അശോക് തുറന്നു പറഞ്ഞിരുന്നു. ഓഫീസേഴ്‌സ് അസോസിയേഷനുമായുള്ള തർക്കം മന്ത്രിതലത്തിൽ നിരവധി ചർച്ചകൾക്കു ശേഷമാണ് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലും എം എം മണിയുടെ അനിഷ്ടത്തിനും പാത്രമായ ഉദ്യോഗസ്ഥൻ ആ പദവിയിൽ എത്രകാലം ഉണ്ടാകുമെന്ന ചോദ്യം നേരത്തെ ഉയർന്നിരുന്നു. ഏതായാലും മുഖ്യമന്ത്രി കൂടി കൈവിട്ടതോടെ, അശോകിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി കൃഷി വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്.