- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് മേധാവി നിയമനത്തിൽ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപത്തിന് പരിഹാരം; ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം ഡിജിപി അനിൽ കാന്ത് സർക്കാരിന് കത്ത് നൽകിയതിനെ തുടർന്ന്; കളമൊരുങ്ങിയത് ഋഷിരാജ് സിങ് വിരമിച്ചതോടെ
തിരുവനന്തപുരം: ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ഡിജിപിയായാലും ഫയർഫോഴ്‌സ് മേധാവിയായി തുടരും. സന്ധ്യക്ക് ഡിജിപി റാങ്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അനിൽകാന്ത് സർക്കാരിന് കത്ത് നൽകിയിരുന്നു. പൊലീസ് മേധാവി നിയമനത്തിൽ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയർന്നതോടെയാണിത്.
സുദേഷ്‌കുമാർ, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് ഇവരേക്കാൾ ജൂനിയറായ അനിൽകാന്തിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്. എഡിജി.പിയായ അനിൽകാന്തിനെ മേധാവിയാക്കിയപ്പോൾ ഡിജിപി റാങ്കും നൽകിയിരുന്നു. സന്ധ്യക്ക് ലഭിക്കേണ്ട ഡിജിപി റാങ്കാണ് അനിൽകാന്തിന് നൽകിയത്. ഇതോടെ ജൂനിയറായ അനിൽകാന്തിന് ഡിജിപി റാങ്കും സീനിയറായ സന്ധ്യക്ക് എഡിജിപി റാങ്കും എന്ന സ്ഥിതിയായി.
അനിൽ കാന്ത് ഡിജിപി കേഡർ പദവിയിൽ പൊലീസ് മേധാവി ആയതോടെ സന്ധ്യയ്ക്കു ആ പദവിയിലെ മുൻതൂക്കം 1 മാസം നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് അനിൽ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകിയത്. താൽക്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നൽകാനായിരുന്നു നിർദ്ദേശം. കേന്ദ്ര അനുമതിയില്ലാതെ 1 വർഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്.
സംസ്ഥാനത്തു 4 ഡിജിപി കേഡർ തസ്തികയാണു കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ എന്നിവരായിരുന്നു ആ കസേരകളിൽ. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ് ബി.സന്ധ്യയും അനിൽ കാന്തും. ബെഹ്‌റ വിരമിച്ച ഒഴിവിൽ സീനിയോറിറ്റിയിൽ മുൻപിലായ സന്ധ്യയ്ക്കാണു ഡിജിപി ഗ്രേഡിൽ സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നത്.
എന്നാൽ 3 അംഗ പട്ടികയിൽ നിന്ന് അദ്ദേഹത്തെ പൊലീസ് മേധാവി ആക്കിയ ഉത്തരവിൽ ബെഹ്‌റ വിരമിച്ച ഒഴിവിലെ ഡിജിപി ഗ്രേഡും ചീഫ് സെക്രട്ടറിക്കു ലഭിക്കുന്ന അതേ ശമ്പള സ്‌കെയിലും നൽകി. ഇതോടെ സന്ധ്യ 1 മാസം പിന്നിലായി. സിങ് വിരമിച്ചതോടെ സന്ധ്യയ്ക്കു ഡിജിപി ഗ്രേഡ് നൽകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ