പത്തനംതിട്ട: സ്‌കൂൾ വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞുനിർത്തി 'ഞാൻ ബാബറി' എന്ന സ്റ്റിക്കർ നിർബന്ധപൂർവം വസ്ത്രത്തിൽ പതിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. മതസ്പർധ വളർത്താൻ ശ്രമിക്കുക, മതസൗഹാർദം തകർക്കാൻ ശ്രമിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എസ്ഡിപിഐ പ്രവർത്തകരായ ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്നു നസീർ, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കെതിരെ കേസെടുത്തത്. ഇവർ ഒളിവിലാണ്. ഇവരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്.

കുട്ടികളുടെ രക്ഷിതാക്കളടക്കമുള്ളവരുടെ പരാതികളും ലഭിച്ചിട്ടുണ്ടെന്നു പെരുമ്പെട്ടി പൊലീസ് അറിയിച്ചു. എസ്ഡിപിഐയുടെ പ്രധാന പ്രവർത്തകരാണ് സംഭവത്തിൽ ഉൾപ്പെട്ട മൂന്നു പേരും. ഇവർ മുൻപും ഇത്തരത്തിലുള്ള മതസ്പർദ്ദ വളർത്തുന്ന വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിപ്പിക്കുന്നവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളുടെ നെഞ്ചിൽ ഞാൻ ബാബരി എന്നെഴുതിയ ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.ബാഡ്ജ് ധരിപ്പിക്കുന്ന ഒരാളുടെ മുഖവും ചിത്രങ്ങളിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വിഷയത്തിൽ ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ള പരാതി നൽകിയിരുന്നു.

കൊച്ചുകുട്ടികൾ ബാഡ്ജുമായി സ്‌കൂളിൽ എത്തിയപ്പോഴാണ് വിവരമറിയുന്നതെന്നു ഹെഡ്‌മാസ്റ്റർ ജോസ് മാത്യു പറഞ്ഞു. അപ്പോൾത്തന്നെ ബാഡ്ജ് നീക്കം ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞു ചേർന്ന പിടിഎ കമ്മിറ്റിയോഗം പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി. സ്‌കൂൾ മാനേജരെയും തിരുവല്ല ഡിഇഒയെയും വിവരം അറിയിച്ചതായും ഹെഡ്‌മാസ്റ്റർ അറിയിച്ചു.

അതേസമയം, ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ സംഘർഷം സൃഷ്ടിക്കാനുള്ള ചില സംഘടനകളുടെ ആസൂത്രിത നീക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ചുങ്കപ്പാറ കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്‌കൂളിലെ കുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ സ്‌കൂൾ കവാടത്തിനു സമീപം ചിലർ വഴിയിൽ തടഞ്ഞു വസ്ത്രത്തിൽ ബാഡ്ജുകൾ കുത്തിയത്. 'ഐ ആം ബാബറി' എന്നെഴുതിയ ബാഡ്ജാണ് ധരിപ്പിച്ചത്.

ആൺകുട്ടികളുടെ ഷർട്ടിൽ ബാഡ്ജ് കുത്തുകയും പെൺകുട്ടികൾക്കു കൈയിൽ നൽകുകയുമായിരുന്നു. ചുങ്കപ്പാറ സ്വദേശിയായ ഒരാളുടെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ ബാഡ്ജ് കുത്തിക്കൊടുക്കുന്നതും കുട്ടികൾ ഇതുമായി നിൽക്കുന്നതുമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് രക്ഷിതാക്കൾ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നത്.

വിവിധ മതസ്ഥരായ കുട്ടികളെ നിർബന്ധിച്ചു ബാബറിയുടെ ബാഡ്ജ് ധരിപ്പിച്ചതിൽ നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ പത്തനംതിട്ട പൊലീസ് മേധാവിയോടു റിപ്പോർട്ട് ആവശ്യപ്പെടുമെന്നു കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുംഗോ അറിയിച്ചു.