പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിടുക്കിൽ കുടുങ്ങിയ ബാബു ജീവിതത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനുശേഷം മലയിടുക്കിൽനിന്ന് രക്ഷിച്ച ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്ന പാലക്കാട് ഗവ. ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരുന്നത് നല്ല വാർത്തകളാണ്. ബാബുവിന്റെ ആരോഗ്യം സാധാരണ നിലയിലായി കഴിഞ്ഞു. ലെഫ് കേണൽ ഹേമന്ദ് രാജും കൂട്ടരും നടത്തിയ അതിസാഹസിക രക്ഷാദൗത്യം എങ്ങനെ എല്ലാ അർത്ഥത്തിലും വിജയമാകുകയാണ്.

കേരളത്തെ ചതിച്ച പ്രളയകാലത്തും രക്ഷകരായെത്തിയ സൈന്യത്തിനൊപ്പം ഈ ഏറ്റുമാനൂരുകാരനുമുണ്ടായിരുന്നു. 2018-ലെ പ്രളയത്തിൽ ചെങ്ങന്നൂർ, ആലപ്പുഴ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഈ സേവനത്തിന് 2019-ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് അർഹനായി. തൊട്ടടുത്ത വർഷം മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടിയപ്പോഴും രക്ഷാദൗത്യവുമായി ഹേമന്ദും സംഘവുമെത്തി. ഈ സൈനിക കരുത്താണ് ചെറാട് മലയിലും കണ്ടത്.

അവിടെ എത്തിപ്പെടുന്നതിലെ പ്രയാസമൊഴിച്ചാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം സർവസാധാരണമായ ദൗത്യമായിരുന്നു മലമ്പുഴയിലേത്. കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമൊക്കെ ഞങ്ങൾ സ്ഥിരമായി ഇത്തരം ദൗത്യത്തിൽ ഏർപ്പെടുന്നവരാണ്' ലഫ്. കേണൽ ഹേമന്ത് രാജിന്റേതാണ് ഈ വാക്കുകൾ. സംഘാംഗങ്ങളെല്ലാം പർവതാരോഹണത്തിൽ ഉൾപ്പെടെ പരിശീലനം നേടിയവരായതിനാൽ കാര്യമായ പ്രതിസന്ധികൾ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി മുന്നൊരുക്കങ്ങൾ നടത്തിയാണു മലമ്പുഴയിലേക്കു തിരിച്ചത്. ബാബു കുടുങ്ങിക്കിടന്ന പ്രദേശത്തെപ്പറ്റി മുൻപരിചയമില്ലാത്തതിനാൽ ഗൂഗിൾ മാപ് ഉപയോഗിച്ചു പഠനം നടത്തി.

ബാബുവിനെ ജീവിതത്തിലേക്കു നയിച്ച കരുതൽ ബാലയുടേതായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ വടത്തിലൂടെ ഇറങ്ങി രക്ഷിച്ചത് ഊട്ടി വെല്ലിങ്ടനിലെ സൈനികനായ ബി.ബാലകൃഷ്ണനാണ് (ബാല). ബാബുവിനു വെള്ളം നൽകിയതും ബാലതന്നെ. മുകളിലെത്തിയ ബാബു, ബാലയ്ക്കു മുത്തം നൽകുന്ന വിഡിയോ വൈറലായി. ഇന്ത്യൻ സൈനികർക്കു ബാബു ജയ് വിളിക്കുന്നുമുണ്ട്. 'ബാബുവിന്റെ ജീവനായിരുന്നു ഞങ്ങൾക്കു പ്രധാനം, ഒപ്പം, അവന്റെ മനോധൈര്യത്തെ അഭിനന്ദിക്കുന്നു' എന്നായിരുന്നു ബാലയുടെ പ്രതികരണം.

കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഏഴംഗ സൈനികർ ബുധനാഴ്ച രാവിലെ ആറരയോടെയാണ് ദൗത്യം തുടങ്ങിയത്. ദേശീയ ദുരന്ത നിവാരണസേനയുടേതുൾപ്പെടെയുള്ള പ്രവർത്തകരും സഹായിക്കാൻ മുകളിൽ അണിനിരന്നു. കൂർമ്പാച്ചി മലയുടെ മുകളിൽനിന്ന് മറ്റൊരു ഭാഗത്തേക്ക് 400 മീറ്ററോളം താഴ്ചയിലാണ് ബാബു ഇരുന്നിരുന്നത്. ബാബുവിന് വെള്ളമെത്തിക്കുയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി ഡ്രോണുകൾ ഉപയോഗിച്ച് ബാബു ഇരിക്കുന്ന പ്രദേശത്തിന്റെ ഘടന മനസ്സിലാക്കി.

തുടർന്ന് കയർ കെട്ടി ഒരു സൈനികൻ അല്പദൂരം ഇറങ്ങി സ്ഥിതി വിലയിരുത്തി. ഇതിനുശേഷമാണ് സൈനികൻ ബി. ബാലകൃഷ്ണൻ വടം ഉപയോഗിച്ച് താഴെയിറങ്ങി ബാബുവിന് സമീപമെത്തിയത്. പിന്നെ എല്ലാം അതിവേഗമായിരുന്നു. 10.10 ആയപ്പോഴേക്ക് ആ സന്തോഷ വാർത്ത എത്തി. പിന്നാലെ സൈന്യത്തിനൊപ്പം ഇരുന്ന് ഭാരത് മാതാ കി ജയ് വിളിക്കുന്ന ബാബുവിനേയും കണ്ടു. രക്ഷപ്പെട്ട ബാബു ഏറെ സന്തോഷവാനായിരുന്നെങ്കിലും ഛർദിയും ഭക്ഷണമില്ലാത്തതും കാരണം ഏറെ തളർന്നനിലയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ത്ത് പന്ത്രണ്ടോടെയാണ് ബാബുവിനെ കൊണ്ടുപോകാൻ ഹെലികോപ്റ്റർ എത്തിയത്.

ബാബുവിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയായി. പക്ഷേ ആശുപത്രിയിൽ ബാബു എല്ലാ ശാരീരിക അസ്വസ്ഥതകളേയും മറികടക്കുകയാണ്. ഇന്ന് അല്ലെങ്കിൽ നാളെ ബാബുവിനെ ആശുപത്രിയിൽ നിന്നും വിട്ടയയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഹേമന്ദ്രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സേനാസംഘം എത്തിയത്. നാട്ടുകാരിൽ ചിലരെ ഒപ്പംകൂട്ടി കരസേനാംഗങ്ങൾ മലകയറി. ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും അസ്ഥാനത്തായില്ല, ദൗത്യം വിജയിക്കുകയും ചെയ്തു.

ഏറ്റുമാനൂർ തവളക്കുഴി മുത്തുച്ചിപ്പി വീട്ടിൽ റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. രാജപ്പന്റയും സി.എസ്. ലതികാ ഭായിയുടെയും മകനാണ്. തവളക്കുഴിയിൽ ദന്ത ക്ലിനിക്ക് നടത്തുന്ന കോഴിക്കോട് പയ്യോളി സ്വദേശി ഡോ. തീർത്ഥയാണ് ഭാര്യ. അയാൻ ഹേമന്ദ് മകനാണ്. ഏറ്റുമാനൂരിലുള്ള ഹേമന്ദ് രാജിന്റെ വീട്ടിലേക്ക് ഒട്ടേറെ പേരാണ് അഭിനന്ദനങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി വി.എൻ. വാസവൻ തുടങ്ങിയവർ ഹേമന്ദിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.