- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും യാത്രകൾ പോകും; ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല; കാൽ തെറ്റി ആണ് മലയിടുക്കിൽ വീണത്; ഭയമില്ലെന്നും ഡിസ്ചാർജ് ആയ ശേഷം ബാബു; ആശുപത്രിയിൽ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലെത്തി; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഉമ്മ റഷീദ; ചേറാട് കുമ്പാച്ചി മലയിടുക്കിലെ ഓപ്പറേഷൻ പൂർണ്ണ വിജയമാകുമ്പോൾ
പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബു വീട്ടിലെത്തി. ഇന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ബാബുവിനെ ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി. ഇനിയും യാത്രകൾ പോകും. ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. കാൽ തെറ്റി ആണ് മലയിടുക്കിൽ വീണത്. ഭയമില്ലെന്നും ഡിസ്ചാർജ് ആയ ശേഷം ബാബു പറഞ്ഞു.
'ഇത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു. എല്ലാത്തിനും കൂടെ നിന്നവർക്കും സൈനികർക്കും ബിഗ് സല്യൂട്ട്. ബാബുവിന് വേണ്ടി പ്രാർത്ഥിച്ച സകലരോടും നന്ദി പറയുന്നു. ചോദിക്കാതെ തന്നെ പലരും സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കുട്ടികൾ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളിൽ കയറാതിരിക്കണമെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണമെന്നും റഷീദ പറഞ്ഞു.
ബാബുവിനെതിരെ കാട്ടിൽ അനധികൃതമായി കയറിയതിന് കേസെടുക്കണമെന്ന നിലപാടിലായിരുന്നു വനം വകുപ്പ്. എന്നാൽ കേസ് വേണ്ടെന്ന് സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതൽ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂമ്പാച്ചിമല കയറാൻ പോയത്. പകുതിവഴി കയറിയപ്പോൾ കൂട്ടുകാർ മടങ്ങിയെങ്കിലും ബാബു കയറ്റം തുടർന്നു. മലയുടെ മുകൾത്തട്ടിൽനിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 48 മണിക്കൂറിനു ശേഷം സൈന്യവും എൻഡിആർഎഫും പൊലീസും പർവതാരോഹകരും ചേർന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.
ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടുമെന്നും നേരത്തേ മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചിരുന്നു. നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു കഴിഞ്ഞ ദിവസം പറഞ്ഞു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇ.സി.ജി അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ മാത്രമാണുള്ളത്.
ഇതിനിടെ ആശുപത്രിയിൽ കഴിയുന്ന ബാബുവിന് അപ്രതീക്ഷിത സമ്മാനവും ലഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കിൽ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്‌സും രക്ഷപ്പെടുത്താൻ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്. ആർമിയും എൻ.ഡി.ആർ .എഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചൊവ്വാഴ്ച രാത്രി ചെറാട് മലയിലെത്തിയ സൈന്യം ബുധനാഴ്ച രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ചുംബിച്ചാണ് ബാബു സ്‌നേഹം പ്രകടിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ