തിരുവനന്തപുരം: വീണ്ടും നാണംകെട്ട് വനം മന്ത്രി എകെ ശശീന്ദ്രൻ. മുട്ടിൽ മരം മുറിയിലെ ക്ഷീണം മാറുമ്പേ അടുത്ത വിവാദം എത്തുകയാണ് മന്ത്രിയെ തേടി. റിസർവ് വനത്തിനകത്ത് അതിക്രമിച്ചു കയറിയതിനു പാലക്കാട് മലമ്പുഴ സ്വദേശി ആർ.ബാബുവിനും കൂട്ടർക്കുമെതിരെ കേസെടുക്കേണ്ടെന്ന് ആദ്യം പറഞ്ഞ മന്ത്രി എ.കെ.ശശീന്ദ്രൻ നിലപാടു മാറ്റിയതു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കർശന നിലപാടിലാണ്. മന്ത്രിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് അവർ തുറന്നു പറഞ്ഞു. ഇതോടെ ശശീന്ദ്രൻ പിന്നോക്കം പോയി.

ആ അമ്മയുടെ കണ്ണീരു കണ്ടാൽ എങ്ങനെ ബാബുവിനെതിരെ കേസെടുക്കുമെന്നായിരുന്നു ശശീന്ദ്രൻ ചോദ്യം. എന്നാൽ കുറ്റം ചെയ്യുന്ന ആർക്കെതിരേയും കേസെടുക്കാൻ കഴിയില്ലെന്ന ഉപദേശം കിട്ടി. ഇതിനൊപ്പം ബാബു ആർ എസ് എസുകാരനാണെന്ന തരത്തിലെ പ്രചരണങ്ങളോടെ സിപിഎം സൈബർ സഖാക്കളും നിലപാട് കടുപ്പിച്ചു. ജനം ടിവിക്കും മറ്റും ആർഎസ്എസ് ആഭിമുഖ്യം നൽകി ബാബു നൽകിയ പരാമർശത്തോടെ മന്ത്രിയും വെട്ടിലായി. ഇതോടെ കേസെടുക്കാൻ തത്വത്തിൽ തീരുമാനമായി. ഇതിന് പിന്നാലെ നിയമക്കുരുക്കാകുമോയെന്ന അപകടം മണത്ത്. കേസെടുത്തില്ലെങ്കിൽ കോടതി കയറുമെന്നു നിയമ വിദഗ്ധരും ഉന്നത വനം ഉദ്യോഗസ്ഥരും ഉപദേശിച്ചതോടെയാണു മന്ത്രി മലക്കം മറിഞ്ഞത്.

കേസ് എടുക്കില്ലെന്ന മന്ത്രിയുടെ നിലപാടിനെതിരെ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തുവന്നിരുന്നു. ബാബുവിനും കൂട്ടർക്കുമെതിരെ കേസെടുത്തില്ലെങ്കിൽ ഭാവിയിൽ അത്തരം സംഭവങ്ങൾക്കും നിയമപ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്നും മന്ത്രി കുടുങ്ങുമെന്നും വനം ഇന്റലിജൻസും മുന്നറിയിപ്പു നൽകിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ മറ്റൊരാൾ മലയിൽ കയറിയതും ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായി. ബാബുവും സംഘവും വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയതു വനംവകുപ്പിന്റെ സുരക്ഷാ വീഴ്ചയാണെന്നും ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.

മന്ത്രിക്കെതിരെ വനം വകുപ്പിലെ പ്രമുഖ സംഘടന പരസ്യമായി രംഗത്തു വന്നതും നിലപാടു മാറ്റാൻ പ്രേരിപ്പിച്ചു. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് വനം വകുപ്പ് ഇന്റലിജൻസും മന്ത്രിക്ക് റിപ്പോർട്ടു നൽകിയിരുന്നു. വനത്തിനുള്ളിൽ അതിക്രമിച്ചു കയറി മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കണം എന്നായിരുന്നു പാലക്കാട്ടെ വനം വകുപ്പ് അധികൃതർക്കെങ്കിലും, ഇതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനമായിരുന്നു വനം വകുപ്പ് ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥർക്കുണ്ടായിരുന്നത്.

മകന്റെ ഭാവിയെ കരുതി ക്ഷമിക്കണമെന്നും കേസടുക്കരുതെന്നും ബാബുവിന്റെ ഉമ്മ അഭ്യർത്ഥിച്ചിരുന്നു. അവരുടെ വേദന നാടിന്റെ ആവശ്യമായി കാണുന്നു. ബാബുവിനെതിരെ കേസെടുത്താൽ അതിൽ അനൗചിത്യം ഉണ്ടെന്നു പൊതുസമൂഹം കരുതും. ബാബുവിന് എതിരായ ഒരു നീക്കവും ഇപ്പോൾ സമൂഹം അംഗീകരിക്കില്ല. ഇക്കാര്യം നമ്മൾ മനസ്സിലാക്കണം. വ്യവസ്ഥകൾ പാലിച്ചു കൊണ്ടല്ല ബാബുവും കൂട്ടരും വനത്തിനുള്ളിലേക്ക് പ്രവേശിച്ചത് എന്നാണ് പ്രാഥമിക വിവരം. എന്നാൽ, നിയമപരമായ വഴി മാത്രം സ്വീകരിക്കുന്നത് എല്ലാ ഘട്ടത്തിലും ഉചിതമാകില്ല. വനം വകുപ്പിന്റെ അനുവാദമില്ലാതെ വനത്തിനുള്ളിൽ എന്തിനു പ്രവേശിച്ചു എന്ന ചോദ്യവുമുണ്ട്'-ഇതായിരുന്നു മന്ത്രിയുടെ ആദ്യ നിലപാട്.

തൊട്ടുപിന്നാലെ മന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമർശിച്ച് വനം വകുപ്പിലെ പ്രമുഖ സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. അസോസിയേഷൻ ജില്ലാ നേതൃത്വം പാലക്കാട് യോഗം ചേരുകയും, അനുമതിയില്ലാതെ വനഭൂമിയിൽ ട്രക്കിങ് നടത്തിയത് കേരള വനനിയമ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്നും, ബാബുവിനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അനധികൃത ട്രെക്കിങിനും വന്യജീവി വേട്ടയ്ക്കും, കഞ്ചാവ് കൃഷി നടത്താനും സാധ്യതയുണ്ടെന്നും അസോസിയേഷന്റെ പത്രക്കുറിപ്പിറക്കി.

വനനിയമം ലംഘിച്ചിട്ടും കേസെടുക്കാൻ നിർദ്ദേശിക്കാത്തതിന്റെ പേരിൽ ഭാവിയിൽ, മന്ത്രിയായാലും കുടുങ്ങുമെന്നു നിയമരംഗത്തെ ചിലർ ചൂണ്ടിക്കാട്ടിയതോടെയാണ് ശശീന്ദ്രൻ നിലപാടു മാറ്റിയത്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ചു കടക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വർഷം മുതൽ 5 വർഷം വരെ തടവും, 1000 മുതൽ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. വനത്തിനുള്ളിൽ ഇല പറിച്ചാലും, ചെടി നട്ടാലും, വേരോടെ പിഴുതെടുത്താലും കൃഷി ചെയ്താലും കുടുങ്ങും. വനത്തിന് നാശം ഉണ്ടാക്കിയാൽ നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക.

കേരള വനനിയമത്തിലെ (1961) 27ാം (1) വകുപ്പിലാണ് (ഇ) സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടക്കുന്നത് കുറ്റകരമാണെന്നു വിവരിക്കുന്നത്. വനത്തിനുള്ളിൽ നിരോധിക്കപ്പെട്ട പ്രവൃത്തികളെക്കുറിച്ച് നിയമത്തിലെ 27(1)ാം വകുപ്പിൽ (എ മുതൽ ഇ വരെ) പരാമർശിക്കുന്നുണ്ട്. റിസർവ് വനത്തിനും, റിസർവ് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തും നിരോധിത പ്രവൃത്തികൾ നടത്തിയാൽ ഒരേ ശിക്ഷയാണ്.

അശ്രദ്ധ മൂലം വനത്തിന് നാശം വരുത്തിയാലും കുറ്റക്കാരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാം. വനത്തിനുള്ളിൽ നിയമവിരുദ്ധമായി കാർഷിക വിളകളോ, മറ്റു വിളകളോ കൃഷി ചെയ്യുകയോ, ഷെഡുകളും മറ്റും നിർമ്മിച്ച കുറ്റത്തിന് ഒരു വ്യക്തി ശിക്ഷിക്കപ്പെട്ടാൽ കേരള വന നിയമത്തിലെ 27ാം(3)വകുപ്പു പ്രകാരം അത്തരത്തിലെ കൃഷിയും മറ്റും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് മജിസ്‌ട്രേറ്റിന് ഉത്തരവ് പുറപ്പെടുവിക്കാനും അധികാരമുണ്ട്.