- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമെന്ന് വനംവകുപ്പ്; കേസെടുക്കരുതെന്ന് മന്ത്രിയും; പാലക്കാട്ടെ ആശുപത്രിയിൽ ബാബു ആരോഗ്യവാൻ; കാടുകയറ്റത്തിലെ കുറ്റം ഒഴിവാക്കാൻ വനം മന്ത്രി ഇടപെടുന്നു; കേരള ഫോറസ്റ്റ് ആക്റ്റിൽ നിന്ന് ബാബു രക്ഷപ്പെടുമോ? നിർണ്ണയകം മുഖ്യമന്ത്രിയുടെ മനസ്സ്
പാലക്കാട്: മലമ്പുഴയിലെ കാടുകയറ്റത്തിൽ ബാബുവിനെതിരേ കേസെടുക്കാനുള്ള വനംവകുപ്പ് നീക്കം തടഞ്ഞ് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ ഇടപെടൽ. ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെതിരെ നടപടി പാടില്ലെന്ന് മുഖ്യവനപാലകന് എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും സാഹചര്യം ചർച്ച ചെയ്യും.
നടപടി നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ നിയമപ്രശ്നമുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ നിയമപ്രശ്നം നിലനിൽക്കുമ്പോഴും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു നടപടിയിലേക്ക് പോകുന്നത് ഉചിതമാണോ എന്ന പ്രശ്നമാണ് സമൂഹത്തിൽ നിന്ന് ഉയർന്നുവരിക. അതുകൊണ്ട് തന്നെ ഈ സാഹചര്യം വിലയിരുത്തേണ്ടതുണ്ടെന്നു മന്ത്രി ശശീന്ദ്രൻ വിശദീകരിച്ചു. നേരത്തെ ബാബുവിനെ വനംവകുപ്പ് കേസെടുക്കുമെന്ന വാർത്തകൾ വന്നിരുന്നു.
ഇതിന് പിന്നാലെയാണ് മന്ത്രി ഇടപെട്ടത്. ജനരോഷം ഉയരാതിരിക്കാനാണ് ഇത്. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. ഗവൺമെന്റിന് ബാബുവിനോടും കുടുംബത്തോടുമാണ് അനുഭാവമുള്ളത്. ആ അനുഭാവം തന്നെയാണ് മുഖ്യമന്ത്രിക്കുള്ളതെന്നാണ് മനസിലാക്കുന്നത്. അതുമനസിൽ വെച്ചുകൊണ്ട് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ബാബുവിന് എതിരായ ഒരു നീക്കം ഇപ്പോൾ സമൂഹം അംഗീകരിക്കില്ല. അതു നമ്മൾ മനസിലാക്കേണ്ടതുണ്ട്-മന്ത്രി പരഞ്ഞു.
വനംവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി, വനംവകുപ്പ് മേധാവി, വന്യജീവി ചീഫ് വാർഡൻ എന്നിവരുമായി ചർച്ച നടത്തി സാഹചര്യങ്ങൾ വിലയിരുത്തും. വ്യവസ്ഥകൾ പാലിച്ചുകൊണ്ടല്ല അവർ വനത്തിലേക്ക് പോയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എങ്കിലും കേസ് വേണ്ടെന്നാണ് സർക്കാർ നിലപാട്.
സംരക്ഷിത വനംമേഖലയിൽ അതിക്രമിച്ച് കയറിയതിനാണ് ബാബുവിനെതിരേ കേസെടുക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. കേരള ഫോറസ്റ്റ് ആക്റ്റ് സെക്ഷൻ 27 പ്രകാരമാണ് വനംവകുപ്പ് ബാബുവിനെതിരേ കേസ് എടുക്കുൻ തീരുമാനിച്ചത്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കുമെന്നും സൂചനയുണ്ടായിരുന്നു.
രണ്ടു രാത്രിയും ഒരു പകലും ചെങ്കുത്തായ പാറക്കെട്ടിലെ ഇടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ ബാബുവിനെ മലമുകളിൽനിന്ന് 400 മീറ്ററിലേറെ താഴ്ചയിൽനിന്നാണ് സൈന്യം രക്ഷിച്ചത്. തുടർന്ന് ഹെലികോപ്റ്ററിലും പിന്നീട് ആംബുലൻസിലുമായി ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ