പാലക്കാട്; ഐ ആം ഹാപ്പി.. താങ്ക് യു ഇന്ത്യൻ ആർമി. പുറകിലിരുന്ന് ബാലയാണ് പൊക്കി കൊണ്ടു വന്നതെന്ന് ഓർമ്മപ്പെടുത്തുന്ന ലെഫ് കേണൽ ഹേമന്ത് രാജ്. പിന്നാലെ ബാലയ്ക്ക് പൊന്നുമ്മ. അവസാന ദുരം നടന്നു കയറിയെങ്കിലും ചെങ്കുത്തായ മലയിൽ ബാല നടത്തിയ രക്ഷാപ്രവർത്തനം എന്തെന്ന് ബാബു തിരിച്ചറിഞ്ഞിരുന്നു. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന ഇന്ത്യൻ സൈന്യത്തെ വാക്കുകളിലൂടെ നന്ദി അറിയിച്ച് ജീവിതത്തിലേക്ക് മടങ്ങി എത്തുകായണ് ഈ മലയാളി യുവാവ്. ഒരു ജീവന് വേണ്ടി സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തനമാണ് ഇന്ത്യൻ സൈന്യം ചെയ്തത്. മലമുകളിൽ എത്തിയ ലെഫ് കേണൽ ഹേമന്ത് രാജും കൂട്ടരും കാണിച്ച ടീം വർക്ക്. ഇത് തന്നെയാണ് മലമ്പുഴയിൽ ചരിത്രം രചിച്ചതും.

സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പൊലീസ്, ഫയർഫോഴ്സ് , കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും ഒരുമിച്ചു. വഴികാട്ടിയായി ആദിവാസികളെത്തി. രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവും സൈന്യത്തെ അമ്പരപ്പിക്കുന്നുണ്ട്. ചുട്ട് പൊള്ളിയ പകലിനേയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.

സംസ്ഥാനത്ത് ഒരാൾക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്. സൈന്യവും എൻ.ഡി.ആർ.എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോൾ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. എന്നാൽ സൈന്യം എത്തിയതോടെ എല്ലാം വേഗത്തിലായി. സമാനതകളില്ലാത്ത രക്ഷാദൗത്യമായിരുന്നു ചേറായിലേത്. ഒരു വലിയ സംഘം തന്നെ ബാബുവിനായുള്ള രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു.

മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങി ജീവനും മരണത്തിനുമിടയിൽ കഴിഞ്ഞിരുന്ന യുവാവിന് സൈന്യം ജീവിതം തിരിച്ചുനൽകി. ബാബുവിനെ കരസേനയുടെ പർവ്വതാരോഹണ സംഘം രക്ഷിച്ച് മലമുകളിലെത്തിച്ചു. രാവിലെ 9.30 ഓടെ ആരംഭിച്ച മലകയറ്റം 10.10 ഓടെ വിജയകരമായി പൂർത്തിയായി. കുറച്ചുസമയം മലമുകളിൽ വിശ്രമിച്ച്, പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആഹ്ലാദം. എല്ലാവരും ഒരുമിച്ച് ഭാരത് മാതാ കി ജയ് വിളിച്ചു. സൈനികർക്ക് ബാബു നന്ദിയും പറഞ്ഞു. ഇതിനിടെയാണ് ബാലയ്ക്ക് മുത്തം നൽകിയത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സാഹസികത നിറഞ്ഞതായിരുന്നു രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷവും. 2018ലെ പ്രളയകാലത്ത് കണ്ടതിനേക്കാൾ സാഹസികമായിരുന്നു രക്ഷാപ്രവർത്തനം.

പർവ്വതാരോഹകർ അടങ്ങുന്ന വിദഗ്ധ സംഘമാണ് ബാബുവിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. പ്രതികൂല കാലാവസ്ഥയിൽ പൊലീസിനും അഗ്നിശമനസേനയ്ക്കും എൻഡിആർഎഫിനും നേവി ഹെലികോപ്ടറിനും രക്ഷാപ്രവർത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി 11മണിയോടെ കുനൂർ വെല്ലിങ്ടണിൽ നിന്നുള്ള കരസേന സംഘം മലമ്പുഴയിലെത്തിയത്. പുലർച്ചെ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ബാബുവിന്റെ അടുക്കലെത്തിയ സൈനികൻ ആദ്യം വെള്ളവും ഭക്ഷണവും നൽകി. സുരക്ഷാ ബെൽറ്റും ഹെൽമറ്റും ധരിപ്പിച്ച് തന്റെ ശരീരത്തോട് ചേർത്ത് കെട്ടിയാണ് ബാബുവിനെ ഓരോ ചുവടും വയ്പിച്ച് മുകളിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മലയിടുക്കിൽ കുടുങ്ങിയ ബാബു ഇതിനകം രണ്ട് രാത്രിയും ഒന്നര പകലുമായി 45 മണിക്കൂറോളം മലയിടുക്കിൽ കഴിഞ്ഞു.

പകൽ സമയത്തെ കടുത്ത ചൂടും രാത്രിയിലെ തണുപ്പും സഹിച്ച് മലയിടുക്കിൽ കഴിഞ്ഞുവെങ്കിലും ബാബു ആരോഗ്യവാനാണെന്നത് രക്ഷാപ്രവർത്തനത്തിന് ഏറെ ആശ്വാസകരമായി. വീഴ്ചയിലുണ്ടായ പരിക്കും ബാബുവിനുണ്ടായിരുന്നു. വളരെ സൂക്ഷ്മതയോടെയാണ് സൈനികനും ബാബുവും ഓരോ ചുവടും വച്ച് മുകളിലേക്ക് കയറിയത്. ഇടയ്ക്ക് പാറക്കെട്ടിൽ ഇരുന്ന് ഓരോ ചുവടും സുരക്ഷിതമാണെന്ന ഉറപ്പുവരുത്തിയാണ് മുകളിലേക്ക് കയറിയത്. 20 മിനിറ്റോളം മലകയറിയപ്പോൾ മറ്റൊരു സൈനികൻ കൂടി സഹായത്തിനെത്തി. പിന്നീട് ഇരുവരും ചേർന്നാണ് ബാബുവിനെ മുകളിലെത്തിച്ചത്.എൻഡിആർഎഫും സൈന്യത്തിന് സഹായവുമായി എത്തി.

ബെംഗളൂരുവിൽ നിന്നുള്ള സൈനിക സംഘവും മദ്രാസ് റെജിമെന്റിൽ നിന്നുള്ള ആർമി സംഘവും രക്ഷാപ്രവർത്തനത്തിനായെത്തിയപ്പോൾ എൻഡിആർഎഫിന്റെ ഒരു ബാച്ച് മുഴുവനായി, 21 പേരടങ്ങുന്ന സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇവരോടൊപ്പം തന്നെ ആന്റി ടെററിസ്റ്റ് ടീമും പൊലീസും ഉണ്ടായിരുന്നു. ലൈവ് വിവരങ്ങൾക്ക് വേണ്ടി സർവെയുടെ ഡ്രോൺ സംഘവും നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു.

ചെങ്കുത്തായ മല ആയതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം നടത്തുന്നവരിൽ മുൻപരിചയമുള്ള ആളുകളേയും ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ എവറസ്റ്റ് കീഴടക്കിയ രണ്ടു പേരെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. മദ്രാസ് റെജിമെന്റിൽ നിന്നുള്ള സംഘത്തിൽ നിന്നുള്ള രണ്ട് പേരായിരുന്നു ഇത്. ഇവരെകൂടാതെ പർവതാരോഹകരും ഉണ്ടായിരുന്നു. ആധുനിക സൗകര്യങ്ങൾ അടക്കമായിരുന്നു സംഘം രക്ഷാപ്രവർത്തനത്തിനായി എത്തിയത്.