കൊച്ചി: അരുവിക്കര തെരഞ്ഞെടുപ്പാണ്. അതിന്റെ ചൂടിലാണ് മന്ത്രിമാരെല്ലാം. ജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ വീട്ടുകാര്യം മാറ്റി വച്ച് തെരഞ്ഞെടുപ്പ് ജോലിയിലാണ് എല്ലാവരും.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണെങ്കിൽ തിരകൊഴിഞ്ഞിട്ട് സമയമില്ല. പക്ഷേ ഇതൊക്കെയാണെങ്കിൽ കാശുള്ളവരുടെ കാര്യമാകുമ്പോൾ ഓടിയെത്തും. കല്ല്യാണം കൂടിയില്ലെങ്കിൽ മോശമല്ലെ. അങ്ങനെ മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയിലും കോഴിക്കോടുമായി ഓടിയെത്തി. കാശുള്ളതു കൊണ്ട് തന്നെ പത്രപര്യസ്യത്തിലൂടെ കാര്യങ്ങൾ മാലോകരെ വിവാഹവീട്ടുകാർ അറിയിക്കുകയും ചെയ്തു.

നിപ്പോൺ ടയോട്ട എംഡി ബാബു മൂപ്പന്റെ മകൾ ഷാദയുടെ വിവാഹത്തിനാണ് വിവിഐപികൾ ഒഴുകിയെത്തിത്. കണ്ണൂരിലെ വ്യവസായ പ്രമുഖൻ ഷാഹുൽ ഹമീദിന്റെ മകൻ നയിമായിരുന്നു വരൻ. മുഖ്യമന്ത്രി, മന്ത്രിമാരായ കെഎം മാണി, രമേശ് ചെന്നിത്തല, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വികെ ഇബ്രാഹിംകുഞ്ഞ്, കെ ബാബു, വി എസ് ശിവകുമാർ ഇങ്ങനെ പോകുന്നു ചടങ്ങിനെത്തിയ മന്ത്രിമാരുടെ നിര. സിപിഐ(എം) നേതാക്കളുൾ ഉൾപ്പെടെ മലബാറിലേയും കൊച്ചിയിലേയും എല്ലാ നേതാക്കളുമെത്തി. കൊഴുപ്പു കൂട്ടാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും ജയറാമും. അങ്ങനെ പോകുന്നു താരങ്ങളുടെ വിശേഷങ്ങൾ.

കല്ല്യാണ ദിവസം ഡൽഹിയിൽ സിപിഐ(എം) കേന്ദ്ര കമ്മറ്റിയായിരുന്നു. അതിനാൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വിവാഹത്തിനോ വിവാഹ സൽക്കാരത്തിനോ എത്തിയില്ല. പകരം ആശംസാ കത്തയച്ചു. അതു വിവാഹപരസ്യത്തിൽ വ്യക്തമായി തന്നെ കുറിച്ചിട്ടുണ്ട്. എല്ലാ പ്രധാന പത്രങ്ങളിലും ഈ വിവാഹവാർത്ത നൽകിയിട്ടുണ്ട്. അങ്ങനെ പത്രങ്ങൾ കൊടുക്കാത്ത കാര്യങ്ങൾ എങ്ങനെ ജനങ്ങളിലെത്തിക്കാമെന്ന് കൂടി തെളിയിക്കുകയാണ് ഈ ആഡംബര കല്ല്യാണം.

ആഡംബര കല്ല്യാണത്തിന് പോകരുതെന്ന് മുസ്ലിംലീഗിൽ നിർദ്ദേശമുണ്ട്. മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഇത്തരം കല്ല്യാണത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ടാകണം അബ്ദുൽ വഹാബിലും ഇബ്രാഹിംകുഞ്ഞിലുമായി ലീഗ് പ്രാതിനിധ്യം കുറഞ്ഞത്.