പാലക്കാട്: സിനിമാ നിർമ്മാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിക്കപ്പെട്ട പരാതിയിൽ താരദമ്പതികൾക്കെതിരെ കേസ്. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു നടൻ ബാബുരാജ്, ഭാര്യ വാണി വിശ്വനാഥ് എന്നിവർക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. മുമ്പും നിരവധി വിവാദങ്ങൾ ബാബുരാജിനെതിരെ ഉയർന്നിട്ടുണ്ട്.

കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നു പരാതിയിൽ പറയുന്നു. തൃശൂരിലും കൊച്ചിയിലുമായിരുന്നു ചർച്ചകൾ. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയത്.

വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു ഇത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

നേരത്തെ ന്നാറിൽ ഭൂമിപാട്ടക്കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ബാബുരാജ് ആനവിരട്ടിയിലുള്ള തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന റിസോർട്ട് നേര്യമംഗലം സ്വദേശി അരുൺ കുമാറിന് പാട്ടത്തിനു നൽകി 40ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രതിമാസം 2.60 ലക്ഷം രൂപ വാടകയും 5000 രൂപ മെയിന്റനൻസും നൽകാമെന്ന കരാറിലാണ് റിസോർട്ട് നൽകിയത്. എന്നാൽ കൈയേറ്റഭൂമിയിലാണെന്നതിനാൽ റിസോർട്ട് പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതി വന്നെന്നും കരുതൽ ധനം തിരിച്ചു ചോദിച്ചിട്ടു നൽകിയില്ലെന്നും അരുൺ കുമാർ പിന്നീട് പരാതി നൽകുകയായിരുന്നു.

മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് റിസോർട്ടിന്റെ പേരിലാണ് ബാബു രാജാ പണം തട്ടിയതെന്നാണ് ആരോപണം. സാധുവായ പട്ടയം ഇല്ലാത്തതിന്റെ പേരിൽ റവന്യൂവകുപ്പ് കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ച സ്ഥലത്ത് സ്ഥാപിച്ച റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിന് നൽകി ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് അരുൺകുമാർ ആരോപിച്ചിരുന്നു. അരുൺകുമാർ നൽകിയ ഹർജ്ജിയിൽ ബാബുരാജിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ അടിമാലി കോടതി ഉത്തരവായിരുന്നു. ഇതുപ്രകാരം വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുക്കുകയായിരുന്നു.

മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം. ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിട്ടുള്ളത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾ പ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിരുന്നു.

ഈ സാഹചര്യം നിലനിൽക്കെ 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും അരുൺകുമാർ പറയുന്നു. 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നെന്നും ഇതും മറച്ചുവച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്നും അരുൺകുമാർ ആരോപിച്ചു.കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോയില്ല.