കോട്ടയം: വേദനിക്കുന്ന നിരവധി ഹൃദയങ്ങളുടെ പ്രാർത്ഥനകൾ വിഫലമായി. സ്‌നേഹിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിച്ച് ബാബുജി യാത്രയായി.

എരുമേലിക്കു സമീപം ഇടകടത്തി തുമരയ്ക്കകുഴിയിൽ പരേതനായ ദാമോദരന്റെ മകൻ ബാബുജി ജീവൻ വെടിഞ്ഞത് ശനിയാഴ്ച രാത്രി ഏഴേകാലോടെയാണ്. സ്വന്തം ശരീരത്തിൽ ജീവിതം ഇനി തുടരാനാകില്ലെങ്കിലും ബാബുജിയുടെ ആന്തരികാവയവങ്ങൾ ഇനി മറ്റുള്ളവർക്കു വെളിച്ചമാകും.

വ്യാഴാഴ്ചയാണ് ബാബുജിക്ക് അപകടം പറ്റിയത്. ഇലക്ട്രിക് ലൈൻ മാറ്റുന്ന പണിക്കിടെ കെഎസ്ഇബി കരാർ തൊഴിലാളിയായ ബാബുജിയെ ശബരിമലയിലേക്കു പോകുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുക്കൂട്ടുതറ അസീസി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബാബുജിക്ക് ബോധം നഷ്ടമായിരുന്നു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇവിടെ നിന്ന് ആംബുലൻസിൽ കാഞ്ഞിരപ്പള്ളിയിലെ മേരി ക്യൂൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലച്ചോറിനുള്ളിൽ ചെറിയ പരിക്കുണ്ട് എന്ന് സ്‌കാനിംഗിൽ തിരിച്ചറിഞ്ഞതോടെ അവിടെ നിന്നും മറ്റൊരു ആംബുലൻസിൽ കോട്ടയത്തെ കാരിത്താസിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പോകും വഴി തിരുവഞ്ചൂർ കവല കഴിഞ്ഞ ഉടൻ ആംബുലൻസ് അപകടത്തിൽ പെട്ടു. അപകടത്തിൽ ആംബുലൻസിന്റെ മുൻ ഭാഗം തകർന്ന് പോയി. ആംബുലൻസിന്റെ ഡോർ തുറന്ന് ബാബുജി അടക്കം എല്ലാവരും തെറിച്ചു പോയിരുന്നു. ഡോക്ടർമാർ രണ്ടു ദിവസം കിണഞ്ഞു പരിശ്രമിച്ചിട്ടും ശസ്ത്രക്രിയകൾ നടത്തിയിട്ടും ബാബുജിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ആദ്യത്തെ അപകടത്തിൽ ബാബുജിക്ക് ആന്തരിക പരിക്കുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ, രണ്ടാമതുണ്ടായ അപകടം ബാബുജിക്കു ജീവിതത്തിലേക്കു മടങ്ങി എത്താൻ കഴിയാത്ത വണ്ണം സാരമായ പരിക്കുകൾ ഏൽപ്പിച്ചിരുന്നു. തലച്ചോറിൽ ഏറ്റ ക്ഷതങ്ങൾക്കു ചികിത്സിക്കാൻ അടിയന്തിരശസ്ത്രക്രിയ തന്നെ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ അതുമതിയാകുമായിരുന്നില്ല.

ഒടുവിൽ ഇന്നു സന്ധ്യക്ക് മരണത്തോടു കീഴടങ്ങുമ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും താൽപര്യപ്രകാരം ബാബുജിയുടെ ആന്തരികാവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കരൾ ലേക്ക് ഷോർ ആശുപത്രിയിലേക്കും വൃക്കകളിലൊന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും രണ്ടാമത്തേത് ലൂർദ് ആശുപത്രിയിലേക്കും നൽകുമെന്ന് കോട്ടയം കാരിത്താസ് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനായുള്ള നടപടികൾ ആശുപത്രിയിൽ തുടരുകയാണ്.

അറിയപ്പെടുന്ന കർഷകൻ കൂടിയായ ബാബുജി നാട്ടുകാരുടെ എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തികൂടിയായിരുന്നു. പഞ്ചായത്തിലെ മികച്ച കർഷകനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുസുമമാണ് ഭാര്യ. ആശിഷ് ബാബു, ചിഞ്ചിൽ എന്നിവർ മക്കൾ. മരുമകൻ ജോബി.