കൊച്ചി: സിനിമാ നിർമ്മാണത്തിനായി വാങ്ങിയ 3 കോടി രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിച്ചു തനിക്കും ഭാര്യ വാണി വിശ്വനാഥിനും എതിരെ എടുത്തതു കള്ളക്കേസാണെന്നും അതിനെതിരെ കോടതിയെ സമീപിക്കുമെന്നും നടൻ ബാബുരാജ് പറയുമ്പോഴും നിറയുന്നതെല്ലാം ദുരൂഹതകൾ. വാങ്ങിയ പണം തിരികെ നൽകുന്നതിന് തെളിവില്ലെന്ന് ബാബുരാജും സമ്മതിക്കുകയാണ്. എന്നാൽ പണം തന്റെ അക്കൗണ്ടിൽ വന്നുവെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഇതോടെ അടിമുടി ദുരൂഹമായി മാറുകയാണ് നടന്റെ മറുപടി.

'ഡിനു തോമസ് സംവിധാനം ചെയ്ത് 2017ൽ പുറത്തിറക്കിയ 'കൂദാശ'യുടെ ഷൂട്ടിങ് മൂന്നാറിൽ ആയിരുന്നു. ഒഎംആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിയാസ്, ഒമർ എന്നിവരായിരുന്നു നിർമ്മാണം. താമസവും ഭക്ഷണവും എന്റെ റിസോർട്ടിൽ ആയിരുന്നു. അന്നു ഷൂട്ടിങ് ചെലവിലേക്കായി നിർമ്മാതാക്കൾ പണം അയച്ചതു റിസോർട്ടിന്റെ അക്കൗണ്ട് വഴിയാണ്. നിർമ്മാതാക്കളുടെ കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ വന്നപ്പോൾ എന്റെ നിർമ്മാണ കമ്പനി വഴി ആണു ചിത്രം റിലീസ് ചെയ്തത് എന്നും ബാബുരാജ് പറയുന്നു. അതായത് പണം അക്കൗണ്ടിലെത്തി സിനിമ വിതരണം ചെയ്തതും താനാണെന്ന് ബാബു രാജ് സമ്മതിക്കുന്നു.

ഇങ്ങനെ വിതരണത്തിലൂടെ കിട്ടിയ തുക തിരിച്ചു നൽകിയതിന് തെളിവുണ്ടോ എന്നതിനും വ്യക്തതയില്ല. ഇതെല്ലാം കേസിൽ ബാബു രാജിന് തിരിച്ചടിയാകും. അതിനിടെ മറ്റൊരു വാദവും ബാബു രാജ് ഉന്നയിക്കുന്നു. 'നിർമ്മാതാക്കളുടെ ആവശ്യപ്രകാരം സാറ്റലൈറ്റ് അവകാശം വിൽക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട്, ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ എസ്‌പി ഓഫിസിൽ പരാതി നൽകി. നിർമ്മാതാക്കളെ പൊലീസ് പലവട്ടം വിളിച്ചിട്ടും സ്റ്റേഷനിൽ വന്നില്ല' ബാബുരാജ് പറഞ്ഞു. താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാണ് ബാബുരാജ്. മുമ്പും പലതരം കേസുകൾ ബാബുരാജിനെതിരെ ഉയർന്നിട്ടുണ്ട്.

അതിനിടെ സിനിമാ നിർമ്മാണത്തിനെന്ന പേരിൽ വാങ്ങിയ 3 കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിക്കപ്പെട്ട പരാതിയിൽ താരദമ്പതികൾക്കെതിരെ തെളുകൾ ശേഖരിക്കാൻ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പരാതിക്കാരന് കൈവശമുള്ള തെളിവുകൾ അടയിന്തിരമായി ഹാജരാക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഒറ്റപ്പാലം എസ് എച്ച ഒ സുജിത് ആണ് ഇത് സംബന്ധിച്ച നോട്ടീസ് അയച്ചത്. മൂന്ന കോടി നടൻ ബാബു രാജും ഭാര്യയും നടിയുമായ വാണി വിശ്വനാഥും കൈപററിയുണ്ടെന്ന് തെളിവുകളുടെ പിൻബലത്തിൽ ഉറപ്പിച്ച ശേഷമാകും ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.

അടുത്ത ദിവസങ്ങളിൽ തൃശൂർ തിരുവില്വാമല സ്വദേശിയായ റിയാസ് നേരിട്ടെത്തി പൊലീസിന് മുന്നിൽ തെളിവുകൾ കൈമാറുമെന്നാണ് അറിയുന്നത്. ബാബുരാജിന്റെ മറ്റു പശ്ചാത്തലങ്ങളും അടുത്തിടെ ഉണ്ടായ മറ്റു കേസുകളും പരിഗണിച്ച് കേസിൽ പ്രാഥമികമായി തന്നെ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. എന്നാൽ പ്രതികൾ താരദമ്പതികൾ ആയതിനാൽ നടപടി സ്വീകരിക്കും മുൻപ് കേസിൽ പ്രതികൾക്കുള്ള പങ്ക് ഉറപ്പിച്ച ശേഷമാകും മുന്നോട്ടു പോകുക. പരാതിക്കാരന്റെ കൈയിൽ കൂടുതലും ബാങ്ക് സ്റ്റേറ്റ് മെന്റും ഡിജിറ്റൽ തെളിവുകളുമാണ്.

ഇതിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് പൊലീസ് ഒറ്റപ്പാലത്തെ ബാങ്കിൽ കൊണ്ടു വന്ന് പരിശോധിക്കും. ബാങ്ക് ജീവനക്കാരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും. അതേ സമയം കേസിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ ബാബു രാജും വാണി വിശ്വനാഥും മുൻ കൂർ ജാമ്യ സാധ്യത ആരാഞ്ഞുവെന്നാണ് വിവരം. ചില മുതിർന്ന അഭിഭാഷകരെ വിളിച്ച്്് കേസിന്റെ കാര്യങ്ങൾ സംസാരിച്ചുവെന്നാണ് സൂചന.. ചില സിനിമ സുഹൃത്തുക്കളെയും ബന്ധപ്പെട്ടു. കഴിഞ്ഞ എപ്രിലിലും നടൻ ബാബു രാജിനെതിരെ തട്ടിപ്പ് കേസ് പുറത്തു വന്നിരുന്നു.

40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.. മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിന് നൽകിയാണ് നടൻ കബളിപ്പിച്ചതെന്നു കാട്ടി കോതമംഗലം തലക്കോട് സ്വദേശി അരുണാണ് അന്ന് പരാതി നൽകിയത്. 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.