- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാറുമായി കടന്നു; തിരുവമ്പാടി സ്വദേശിയെ രക്ഷിക്കാനുള്ള ഐവർ സംഘത്തിന്റെ ശ്രമം കെ എസ് ആർ ടി സി ജീവനക്കാരുടെ നിസ്സഹകരണത്താൽ തകർന്നു; കർഷക നേതാവിന്റെ ജീവനെടുത്തത് സമൂഹത്തിന്റെ അനാസ്ഥ; ഇൻഫാം ജനറൽ സെക്രട്ടറി ബേബി പെരുമാലിയുടെ മരണം മലയോരത്തിന് നൊമ്പരമാകുമ്പോൾ
കോഴിക്കോട്: കാരുണ്യം തൊട്ടുതീണ്ടാത്ത കെ എസ് ആർ ടി സി ജീവനക്കാർ വില്ലന്മാരുടെ വേഷമാടിയപ്പോൾ ജീവൻ നഷ്ടമായത് പൊതുപ്രവർത്തകന്. സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാറുമായി കടന്നുകളയുകായിരുന്നു. തിരുവമ്പാടി സ്വദേശിയെ രക്ഷിക്കാനുള്ള ബസ് യാത്രക്കാരായ അഞ്ചംഗ സംഘത്തിന്റെ ശ്രമം കെ എസ് ആർ ടി സി ജീവനക്കാരുടെ നിസ്സഹകരണത്താൽ തകരുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ നൂറു ശതമാനം രക്ഷപ്പെടുത്താമായിരുന്ന കർഷക സംഘടനാ നേതാവും എ കെ സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയും ദീപികയുടെ മുൻ റിപ്പോർറുമെല്ലാമായ ബേബി പെരുമാലി (64)യുടെ മരണം മലയോരത്തിന് നൊമ്പരമാവുന്നു. ഇതൊരു മന:സാക്ഷിയെ അക്ഷരാർഥത്തിൽ നടുക്കുന്ന ഒരു അനുഭവകഥയാണ്. ഒരിക്കലും നമുക്കിടയിൽ ഇങ്ങനെയുള്ളതൊന്നും സംഭവിക്കരുതേയെന്ന് ഏവരും പ്രർഥിക്കുമ്പോഴും ദയാരഹിതമായ ഭൂമിയിൽ അതെല്ലാം ആവർത്തിക്കുന്നു.
കോഴിക്കോട് മുക്കം റൂട്ടിലെ മണാശേരിയിൽ. ജൂലൈ 31ന് അർധരാത്രി (ഓഗസ്റ്റ് ഒന്ന് പുലർച്ചെ)യിൽ സ്‌കൂട്ടറിൽ കാറിടിച്ച് അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന തിരുവമ്പാടി സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ ബേബി പെരുമാലിനെ നേരത്തിന് ആശുപത്രിയിൽ എത്തിക്കാനായിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നാണ് ഇദ്ദേഹത്തെ ചികിത്സിച്ച കെ എം സി ടി മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നത്. സംഭവം നടന്ന് കഷ്ടി 10 മിനുട്ടിനകമാണ് തൊടുപുഴ മുത്തപ്പൻപുഴ റൂട്ടിൽ ഓടുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ഇതുവഴി കടന്നുപോകുന്നത്. ബസിലിരിക്കേ അപകടം കണ്ണിൽപ്പെട്ട യാത്രക്കാരായ സന്നദ്ധപ്രവർത്തകരായ അഞ്ചു യുവാക്കൾ ബസ് നിർബന്ധിച്ച് നിർത്തിച്ച് ഉടൻ പുറത്തിറങ്ങി, അപകട സ്ഥലത്തേക്കു ഓടിയടുക്കുന്നു. എല്ലാം സെക്കന്റുകൾക്കുള്ളിൽ നടന്നു. പക്ഷേ തങ്ങൾ ഇറങ്ങിയ ബസ് പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ഉത്സാഹിച്ചിരുന്നെങ്കിൽ നാടിന് പ്രയപ്പെട്ടവനായ ബേബി പെരുമാലിൽ എന്ന സാമൂഹിക പ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരിൽ ഉൾപ്പെട്ട അഖിലും ജംഷീർ ഓമശേരിയും പറയുന്നത്.
കൊച്ചിയിൽ നടന്ന ഇൻഫാം നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ട്രെയിൻ ഇറങ്ങി തിരുവമ്പാടിയിലേക്ക് വരികയായിരുന്നു ബേബി. ഹാച്ചിക്കോ അനിമൽ റെസ്‌ക്യൂ പ്രവർത്തകരായിരുന്നു അർധരാത്രി കൂരാകൂരിരുട്ടിലേക്കു ഇറങ്ങി ബേബിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. അപ്പോഴേക്കും ബസ് പോയതിനാൽ പാതിരാക്ക് മറ്റു വാഹനങ്ങളൊന്നും കിട്ടാതെ നടുറോഡിൽ ഇവർക്ക് നിസ്സഹായരായി ഏറെനേരം നോക്കിനിൽക്കാനെ സാധിച്ചുള്ളൂ. ജംഷീറീനും അഖിലിനുമൊപ്പം പ്രജീഷ്, ചന്ദ്രൻ, ശിവൻ എന്നിവരായിരുന്നു ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകിയത്. ജീവനക്കാരുടെ നിലപാടിൽ ഒരു ജീവൻ പൊലിഞ്ഞത് തങ്ങളിൽ എന്നും നോവായി നിലനിൽക്കുമെന്ന് ഈ അഞ്ചുപേരും പറയുന്നു. പിന്നീട് ആംബുലൻസെത്തി ആശുപത്രിയിലേക്കു എത്തിച്ചെങ്കിലും ബേബി പെരുമാലി (64) മരിച്ചിരുന്നു. തീർച്ചയായും രക്ഷിക്കാനാവുമായിരുന്ന ഒരു ജീവനാണ് ഇവിടെ പൊലിഞ്ഞിരിക്കുന്നത്. പുലർച്ചെ 12:20- ഓടു കൂടി അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ മണാശ്ശേരിക്കു സമീപത്തുവച്ച് കാറിടിക്കുകയായിരുന്നു.
ആദ്യം അജ്ഞാത വാഹനം ഇടിച്ചായിരുന്നു അപകടമെന്നായിരുന്നു വാർത്തയെങ്കിലും മുക്കം പൊലിസിന്റെ ജാഗ്രതയോടുകൂടിയ അന്വേഷണത്തിലാണ് രാവിലെ തന്നെ പ്രതിയെ പിടികൂടിയത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാമെന്നു പ്രതിജ്ഞയെടുത്തു കെ എം സി ടി മെഡിക്കൽ കോളജിൽനിന്നു എം ബി ബി എസ് നേടിയ തൊടുപുഴ സ്വദേശിയായ ഡോക്ടർ മുഹമ്മദ് ബിലാൻ (27) തന്റെ വാഹനം നിർത്തി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ബേബിയെ എത്തിക്കാൻ കൂട്ടാക്കിയിരുന്നെങ്കിൽ നാടിന് പ്രിയപ്പെട്ട പൊതുപ്രവർത്തകനെയും വീട്ടുകാർക്ക് ഗൃഹനാഥനെയും നഷ്ടമാവില്ലായിരുന്നു. ഡോ. ബിലാൽ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും ആദ്യപടിയെന്നോണം ഇയാൾക്കെതിരേ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുന്നതായും മുക്കം പൊലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാനുള്ള തിടുക്കത്തിനിടയിൽ ജംഷീറും അഖിലുമെല്ലാം ഉൾപ്പെട്ട സംഘം തങ്ങളുടെ ബാഗുകൾ ബസ്സിൽ വച്ചാണ് പുറത്തിറങ്ങിയത്. റോഡ് അപകടത്തിൽപ്പെട്ട രോഗിയെ രക്ഷിക്കുന്നതിന് സഹായിക്കുകയോ, രക്ഷിക്കാൻപോയ ആളുകളുടെ വരവിനായി കാത്തുനിൽക്കുകയോ ചെയ്യാതെ തികച്ചും നിരുത്തരവാദിത്തപരമായി കെ എസ് ആർ ടി സി ബസ് ജിവനക്കാർ പെരുമാറിയത് ഗതാഗത മന്ത്രിയുടെ ശ്രദ്ധയിലേക്കും എത്തിയിരിക്കയാണ്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നാണ് മന്ത്രിയുടെ ഓഫിസിൽനിന്നുള്ള പ്രതികരണം. ബസുകളുടെ ഉത്തരവാദിത്തം കണ്ടക്ടർമാർക്കാണെന്നാണ് നമ്മുടെ നാട്ടിലെ നിയമം.
എന്നാൽ തനിക്കല്ല ഡ്രൈവർക്കാണെന്ന മറുപടിയായിരുന്നു ഈ കണ്ടക്ടറിൽനിന്നു പിന്നീടുണ്ടായത്. ഇറങ്ങിപ്പോയവർക്കോ, അപകടത്തിൽ പരുക്കേറ്റയാൾക്കോ എന്തുസംഭവിച്ചുവെന്നുപോലും അന്വേഷിക്കാൻ നിൽക്കാതെ ബസുമായി മുത്തപ്പൻപുഴക്ക് പോയെന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വ്യക്തമാക്കി. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റകരമായ അനാസ്ഥായാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ബേബിയുടെ മൃതദേഹം നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ സംസ്‌കരിക്കും
ബേബിയുടെ മരണം അറിഞ്ഞതോടെ മലയോര മേഖലയിൽ ബസ് ജീവനക്കാർക്കെതിരേ വൻ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. മനുഷ്യജീവനോട് ഇത്രയധികം നിസംഗതാ ഭാവം പുലർത്തുന്ന ചിലരൊക്കെയാണ് കെ എസ് ആർ ടി സി ജീവനക്കാർ എന്നുള്ളത് ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ കുറച്ചൊന്നുമല്ല ബാധിക്കുക. ഇത്തരം ആളുകളുടെ കൈകളിൽ സഹജീവികളുടെ ജീവിതം സുരക്ഷിതമാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. രാത്രികാലങ്ങളിൽ ഉണ്ടാവുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെപ്പറ്റി ഏറ്റവും കരുതൽ ഉണ്ടായിരിക്കേണ്ടത് ഈ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്കു തന്നെയാണ്. പ്രസ്തുത ജീവനക്കാരെ കണ്ടെത്തി മാതൃകാപരമായ തരത്തിലുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് എല്ലാ അർത്ഥത്തിലും അത്യാവശ്യമാണെന്നും നാട്ടുകാർ ഒന്നടങ്കം പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇന്ന് ഉച്ചക്ക് ഒന്നരയോടെ കോഴിക്കോട്ടുനിന്നു വിലാപയാത്രയായി തിരുവമ്പാടിയിലെ വീട്ടിലേക്കു എത്തിക്കും. അവിടെ പൊതുദർശനം കഴിഞ്ഞ് നാളെ രാവിലെ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിലെ പാരിഷ് ഹാളിലേക്കു കൊണ്ടുവന്നു പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് ശേഷം മൂന്നിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിലാണ് ബേബിയുടെ സംസ്‌കാരം നടക്കുകയെന്നു കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ: സാലി പോരൂർ (വയനാട്), എടാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: സോണിയ (നഴ്സ്, കാനഡ), ഡാനിയ (ദുബായ്), ജൂലിയ (ദുബായ്). മരുമക്കൾ: ലിജിൽ എളപ്പുപാറ കണിയാരം, വയനാട് (കാനഡ), സുബിൻ കൊടകല്ലേൽ ചെമ്പുകടവ് (ദുബായ്).
മറുനാടന് മലയാളി ബ്യൂറോ