- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജമൗലിക്ക് പ്രഭാത സാവാരിയും നിർമ്മാതാവിന് സൈക്കിൾ യാത്രയും ചെയ്യാം; ആദിവാസികൾ പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ 'തടങ്കലിലും'; കണ്ണവം കാട്ടിലെ ബാഹുബലി ചിത്രീകരണം കോടതി കയറും
കണ്ണൂർ: ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിന് കണ്ണവം വനമേഖല അനുവദിച്ചതിനെ വനംവകുപ്പിനെതിരെ ആദിവാസികൾ ഹൈക്കോടതിയിൽ പരാതി നൽകുന്നു. ആദിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട്, വനാവകാശനിയമപ്രകാരം ആദിവാസികൾക്കു ലഭിച്ചിട്ടുള്ള കണ്ണവം വനഭൂമി ബാഹുബലിയുടെ ചിത്രീകരണസംഘം കൈയടക്കി വച്ചിരിക്കയാണ്. ബാഹുബലി സംവി
കണ്ണൂർ: ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിന് കണ്ണവം വനമേഖല അനുവദിച്ചതിനെ വനംവകുപ്പിനെതിരെ ആദിവാസികൾ ഹൈക്കോടതിയിൽ പരാതി നൽകുന്നു. ആദിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട്, വനാവകാശനിയമപ്രകാരം ആദിവാസികൾക്കു ലഭിച്ചിട്ടുള്ള കണ്ണവം വനഭൂമി ബാഹുബലിയുടെ ചിത്രീകരണസംഘം കൈയടക്കി വച്ചിരിക്കയാണ്. ബാഹുബലി സംവിധായകൻ രാജമൗലിക്ക് കാട്ടിനുള്ളിൽ പ്രഭാതസവാരിക്കും നിർമ്മാതാവ് ശോഭുയാർ ലഗദ്ദക്ക് സൈക്കിൾ സവാരിനടത്താനും അധികാരം നൽകുമ്പോൾ നൂറ്റാണ്ടുകളായി കണ്ണവം കാട്ടിൽ അധിവസിക്കുന്ന ആദിവാസികളുടെ വഴിയും ആരാധനാ സ്വാതന്ത്രവും തടയുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്.
മുമ്പ് പഴശിരാജയുടെ ചിത്രീകരണം ഈ വനത്തിൽ നടക്കുമ്പോൾ അവർ ആദിവാസികളുടെ അവകാശങ്ങളെ മാനിച്ചുകൊണ്ടായിരുന്നു പെരുമാറിയത്. കുറിച്യ വിഭാഗം ആദിവാസികൾ മാത്രം താമസിച്ചുവരുന്ന ഈ മേഖലയിൽ പരമ്പരാഗതമായി സഞ്ചരിക്കുന്ന ചങ്ങല ഗേറ്റും പെരുവയും കനത്ത നിയന്ത്രണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തിയും കോളനികളിലേക്കുള്ള വഴികളിൽ കമ്പകെട്ടിയും ആദിവാസികളെ കഴിഞ്ഞ ഒരാഴ്ചയിലധികമായി ദ്രോഹിക്കുന്ന സമീപനമാണ് വനംവകുപ്പിന്റെ അനുമതിയോടെ നടക്കുന്നത്. ഇതിനെതിരെയാണ് വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകുന്നതെന്ന് കുറിച്യ മുന്നേറ്റ സമിതി പ്രസിഡണ്ട് സുശാന്ത് 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. നൂറുക്കണക്കിന് വാഹനങ്ങളും മറ്റുമായി വനത്തെ മലിനീകരിക്കാനുള്ള എല്ലാ അനുമതിയും വനം വകുപ്പ് നൽകിയിരിക്കയാണ്.
2006 ൽ പാർലമെന്റ് പാസാക്കിയ വനാവകാശ നിയമപ്രകാരം ഈ പ്രദേശത്തിന്റെ നിയന്ത്രണം വനഭൂമിയിൽ താമസിക്കുന്നവർക്കാണ്. വനം, വനവിഭവങ്ങൾ, പുഴകൾ, എന്നിവ സംരക്ഷിക്കേണ്ടതും ആദിവാസികളിൽ നിക്ഷിപ്തമാണ്. വനാവകാശ നിയമത്തിന്റെ പ്രത്യക്ഷ ലംഘനമാണ് ബാഹുബലി ചിത്രീകരിക്കാൻ അനുവദിച്ചതിലൂടെ വനം വകുപ്പ് ചെയ്യുന്നത്. ആദിവാസികൾ സഞ്ചരിക്കുന്നത് തടയാനോ അവകാശങ്ങൾ നിഷേധിക്കാനോ വനം വകുപ്പിന് അവകാശമില്ല. അതുകൊണ്ട് വനം വകുപ്പിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കുറിച്യ മുന്നേറ്റ സമിതി ഭാരവാഹികൾ പറയുന്നു. കുറിച്യരുടെ പ്രധാന ആരാധനാകേന്ദ്രമായ കാടോത്ത് ശിവക്ഷേത്രത്തിനടുത്താണ് ഷൂട്ടിങ് ലൊക്കേഷൻ ഒരുക്കിയിട്ടുള്ളത്. സ്ത്രീകളടക്കമുള്ള ഭക്തജനങ്ങൾ പുഴയിൽ കാൽ കഴുകിയാണ് ഇവിടെ പ്രവേശിക്കാറുള്ളത്. എന്നാൽ ഷൂട്ടിങ് ആരംഭിച്ചതുമുതൽ ഇവിടം മാലിന്യം വ്യാപിച്ചിരിക്കയാണ്. പുഴയിൽ ഇറങ്ങാൻ പോലും ആകുന്നില്ല.
ഈ മാസം 20 -ാംതീയതിയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കണ്ണവം വനത്തിൽ ചിത്രീകരണം ആരംഭിച്ചത്. ആചാരങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസ്തത പുലർത്തുന്ന കണ്ണവം വനമേഖലയിലെ കുറിച്യരുടെ ജീവിതായോധനത്തെ തടസ്സപ്പെടുത്തും വിധമാണ് ചിത്രീകരണത്തിനു മുമ്പ് തന്നെ ബാഹുബലിയുടെ സംഘാടകർ ചെയ്തത്. കണ്ണവം വനത്തിലെ അഞ്ചു കിലോമീറ്ററോളം ദൂരം അവർ കൈയടക്കി വച്ചിരിക്കയാണ്. ആദിവാസികൾ തങ്ങളുടേതെന്ന് കരുതിയ കാട് ഇപ്പോൾ ബാഹുബലിയുടെ സംഘാടകർക്ക് വനം വകുപ്പ് അടിയറ വച്ചിരിക്കയാണ്.
പുലർകാലെയുള്ള വന്യജീവികളുടെ ഇരതേടിയുള്ള സഞ്ചാരവും വൈകീട്ടുള്ള തിരിച്ചു വരവും എല്ലാം താളം തെറ്റിയിരിക്കയാണെന്നു കുറിച്യ നേതാക്കൾ പറയുന്നു. കണ്ണവം വനത്തിൽ ബാഹുബലി ചിത്രീകരണത്തിന് ഏതു മാനദണ്ഡ പ്രകാരമാണ് അനുമതി നൽകിയതെന്ന് ആവശ്യപ്പെട്ട് കേളകത്തെ സാമൂഹ്യപ്രവർത്തകനായ നാരായണ കുമാർ ചീഫ് സെക്രട്ടറിക്ക് പരാതി അയച്ചിട്ടുണ്ട്. ആദിവാസി കോൺഗ്രസ്സും ഇന്നു മുതൽ സമരത്തിനിറങ്ങും