- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ താമസിച്ചത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ; അച്ഛനടക്കമുള്ള ബന്ധുക്കളെ കസ്റ്റഡിയിലെടുത്തപ്പോൾ മനംമാറി; ഓണഘോഷ ലഹരിയിൽ തസ്‌നിയെ വണ്ടിയിടിച്ചിട്ടത് താൻ തന്നെയെന്ന് ബൈജുവിന്റെ കുറ്റസമ്മതം
തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനീയറിങിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥി ജീപ്പിടിച്ച് മരിച്ച കേസിലെ പ്രധാനപ്രതി ബൈജു കെ. ബാലകൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. രാവിലെ സി.ഇ.ടിയിൽ ബൈജുവിനെ എത്തിച്ച് തെളിവെടുക്കും. ഇയാൾ മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊ
തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനീയറിങിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥി ജീപ്പിടിച്ച് മരിച്ച കേസിലെ പ്രധാനപ്രതി ബൈജു കെ. ബാലകൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. രാവിലെ സി.ഇ.ടിയിൽ ബൈജുവിനെ എത്തിച്ച് തെളിവെടുക്കും.
ഇയാൾ മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ കൊടേക്കനാലിൽ ആണ് ബൈജു ഒളിവിൽ താമസിച്ചത്. കോളജിലുണ്ടായ സംഭവത്തിനു ശേഷം ബൈക്കിലാണ് കൊടേക്കനാലിലേക്ക് കടന്നത്. വിദ്യാർത്ഥിനിയെ ഇടിച്ച ജീപ്പ് ഓടിച്ചിരുന്നത് ബൈജുവായിരുന്നു. മാതാപിതാക്കളെ ഇന്നലെ കസ്റ്റഡിയിലെടുത്തതോടെ ബൈജു കീഴടങ്ങുകയായിരുന്നു. അന്വേഷണം ഊർജിതമാക്കിയതിന്റെ ഭാഗമായി ഇയാളുടെ അടുത്ത ബന്ധുക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇക്കാര്യം അറിഞ്ഞ ബൈജു സുഹൃത്തുക്കൾക്കൊപ്പം എത്തി കീഴടങ്ങാൻ തയ്യാറാവുകയായിരുന്നു. രാവിലെ മൂന്ന് മണിയോടെയായിരുന്നു കീഴടങ്ങൽ.
തുടർന്ന് പൊലീസ് ബൈജുവിനെ വിശദമായി ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവരുടെ പേര് വിവരവും നൽകി. തസ്‌നിയെ ഇടിച്ച ജീപ്പിൽ ഇരുന്നും നിന്നും യാത്ര ചെയ്ത ഒൻപതു പേരിൽ ആറു പേരെ പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ബൈജുവിന്റെ മൊഴിയിലൂടെ ഇതിന് സ്ഥിരീകരണവുമായി ജീപ്പ് ഓടിച്ചത് ഏഴാം സെമസ്റ്റർ വിദ്യാർത്ഥി ബൈജു കെ. ബാലകൃഷ്ണനാണെന്നു നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ സഹപാഠികളെ കാട്ടിയാണു ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞത്.
മറ്റ് പ്രതികളേയും ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബൈജുവിന്റെ ബന്ധുക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിനുപിന്നാലെയായിരുന്നു ബൈജു കീഴടങ്ങിയത്. തന്ത്രത്തിന്റെ ഭാഗമായാണ് അച്ഛനേയും സഹോദരരേയും അടക്കമുള്ളവരെ പൊലീസ് വിളിച്ചുവരുത്തിയത്. ഇത് സുഹൃത്തുക്കൾ മുഖേന ബൈജു അറിഞ്ഞു. ഇതോടെയാണ് കീഴടങ്ങാൻ തീരുമാനിച്ചത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്.
ഹോസ്റ്റൽ സംഘത്തിലെ നൂറോളം വിദ്യാർത്ഥികളെ കയറ്റി കോളജ് മുറ്റത്തേക്ക് ഓടിച്ചുകയറ്റിയ ലോറി കഴക്കൂട്ടത്തു നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. തസ്‌നിയെ ഇടിച്ച ജീപ്പും ഇതിന് ഒപ്പമുണ്ടായിരുന്ന ഹോസ്റ്റൽ സംഘത്തിന്റെ മറ്റൊരു ജീപ്പും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവ കേസിന്റെ ഭാഗമാക്കാനാണു തീരുമാനം. കാലങ്ങളായി ഹോസ്റ്റലിൽ ഒളിപ്പിച്ചിരുന്ന രണ്ടു ജീപ്പുകളും ഇനി കുട്ടികൾക്കു വിട്ടുകൊടുക്കരുതെന്നു കോളജ് അധികൃതർ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോളജിൽ നടന്ന ഓണാഘോഷത്തിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‌നി ബഷീർ എന്ന വിദ്യാർത്ഥിനിക്ക് ജീപ്പിടിച്ച് പരുക്കേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് തസ്‌നി മരണത്തിന് കീഴടങ്ങി. ഇന്നലെ തസ്‌നിയുടെ സ്വദേശമായ നിലമ്പൂരിൽ സംസ്‌കാരം നടത്തി. സംഭവം നടന്നയുടൻ ബൈജു അടക്കമുള്ളവർ ഒളിവിൽ പോയി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ ബൈജുവിനെ കണ്ടത്താനുള്ള ശ്രമവും നടന്നില്ല. വൈകിട്ട് നാലരയ്ക്ക് നടന്ന സംഭവം പൊലീസ് അറിഞ്ഞത് രാത്രിയിലാണ്. അതും ബൈജുവിനും സുഹൃത്തുക്കൾക്കും ഒളിവിൽ പോകാൻ സഹായമാവുകയും ചെയ്തു.