തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കാനെത്തിയത് വയലിനിൽ വിസ്മയം തീർത്ത ബാലഭാസ്‌കറാണ്. ക്യാമ്പസിന്റെ മുക്കിലും മൂലയിലും വയലിനുമായെത്തി ബാലു സുഹൃത്തുക്കളെ ആനന്ദ ലഹരിയിലാക്കിയ കാലം. ഇതിനിടെയാണ് മനസിൽ പ്രണയം മൊട്ടിട്ടത്. ലക്ഷ്മിയോടായിരുന്നു മനസ്സ് അടുത്തത്. എന്നാൽ ആരാണ് ഈ ലക്ഷ്മിയെന്ന് ബാലുവിന് പോലും അറിയില്ലായിരുന്നു. ലക്ഷ്മിയോടുള്ള പ്രണയം സുഹൃത്തിനോട് പറയുന്ന ബാലു. തനിക്ക് ഈ കുട്ടിയെ ഇനിയും കണ്ടെത്താനാകില്ലെന്നും കൂട്ടിച്ചേർത്തു. സുഹൃത്തിന്റെ മനസ്സ് അറിയുന്ന സഹയാത്രികൻ ലക്ഷ്മിയെ ചൂണ്ടികാട്ടിക്കൊടുത്തു. എംഎ ഹിന്ദിക്ക് പഠിക്കുന്ന മിടുക്കി. സുഹൃത്തിനൊപ്പം ചെന്ന് പരിചയപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ മനസ്സിലെ ആഗ്രഹവും പറഞ്ഞു. വെജിറ്റേറിയൻ മാത്രം കഴിച്ചിരുന്ന ലക്ഷ്മിക്ക് വേണ്ടിയായി എംഎ സംസ്‌കൃതം പഠിക്കുകയായിരുന്ന ബാലുവിന്റെ പിന്നീടുള്ള സംഗീത യാത്രകൾ.

തനിക്കു ലക്ഷ്മിയോടു പ്രണയം മൊട്ടിടുകയായിരുന്നില്ല, ഒറ്റയടിക്ക് അതു കത്തിപ്പടരുകയായിരുന്നുവെന്നാണ് ബാലു പറയുമായിരുന്നത്. കണ്ടുമുട്ടലിന്റ മൂന്നാം ദിവസം ബാലു ലക്ഷ്മിയോട് ഇഷ്ടം പറഞ്ഞു. ലക്ഷ്മിയുടെ സമ്മതം വാങ്ങിയെടുക്കാൻ കാത്തിരുന്ന ഒന്നര വർഷത്തിനിടെയാണ്, ക്യാംപസുകൾ ഏറ്റെടുത്ത മ്യൂസിക് ആൽബങ്ങൾക്കു ബാലു ഈണമിട്ടത്. ആ പ്രണയഗാനങ്ങളെല്ലാം എഴുതിയത് പ്രണയത്തിനു കൂട്ടായ സുഹൃത്ത് ജോയിയായിരുന്നു. ഈ സുഹൃത്തിന്റെ വരികൾക്ക് ബാലുവിട്ട ഈണങ്ങൾ ക്യമ്പസ് ഏറ്റെടുത്തു. വീട്ടുകാരുടെ പിന്തുണയില്ലാതെ നടന്ന രജിസ്റ്റർ വിവാഹത്തിനും അനുനയ ചർച്ചകൾക്കും ബാലുവിന്റെ ട്യൂഷൻ ടീച്ചറായിരുന്ന വിജയമോഹനനും താങ്ങും തണലുമായി. അങ്ങനെ പ്രണയം പൂത്തുലഞ്ഞു. 2000 നവംബർ 18 നാണ് ആരോരുമറിയാതെ ഇരുവരും വിവാഹിതരായത്.

വീട്ടുകാർ എതിർത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിൽ ചെറുപ്രായത്തിൽത്തന്നെ വിവാഹത്തിന് ബാലഭാസ്‌കർ തയ്യാറായി. 22-ാം വയസ്സിലായിരുന്നു വിവാഹം. 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേജസ്വിനി ബാല ലക്ഷ്മിയുടെയും ബാലഭാസ്‌കറിന്റെയും ജീവിതത്തിലേക്ക് കടന്നു വരുന്നത്. വാഹനാപകടത്തിന്റെ രൂപത്തിൽ ബാലഭാസ്‌കറിനെയും തേജസ്വിനിയെയും മരണം കവർന്നെടുത്തപ്പോൾ ലക്ഷ്മി ഒറ്റയ്ക്കായി. പിജി വിദ്യാർത്ഥികളായിരുന്ന ബാലുവും ലക്ഷ്മിയും വീടുവിട്ടിറങ്ങി ഒരുമിച്ചു ജീവിക്കുകയായിരുന്നു. രജിസ്റ്റർ മാരീജ് കഴിഞ്ഞ് ഒരു മാസത്തിനു ശേഷമായിരുന്നു അത്. ജോലിയോ വരുമാനമോ ഇല്ലാതെ, പഠനം പൂർത്തിയാക്കാതെ, അവർക്ക് ഒരുമിച്ചു ജീവിച്ചു. പതിനാറ് വർഷത്തിന് ശേഷം ഇവർക്ക് കൂട്ടിന് തേജസ്വിനി ബാലയെന്ന ജാനിക്കുട്ടിയെത്തി.

ഇതോടെ ജീവിതം പുതിയ തലത്തിലും. ആരാധകരുടെയും സുഹൃത്തുക്കളുടെയും ഉറ്റവരുടെയും പ്രാർത്ഥനകൾ നിഷ്ഫലമാക്കി മകളും പതിനെട്ട് വർഷം കൂടെയുണ്ടായിരുന്ന ജീവന്റെ പാതിയും പോയതോടെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഇതോടെ ഒറ്റയ്ക്കായി. ഈ ദുരന്തം ലക്ഷ്മിയെ അറിയിക്കാൻ ആർക്കും ഇനിയും കഴിഞ്ഞിട്ടില്ല. ബാലു ചികിൽസയിലാണെന്ന വിശ്വാസത്തിലാണ് ലക്ഷ്മി അനന്തപുരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. ലക്ഷ്മിയോട് ഒന്നും പറയാൻ ആർക്കും ധൈര്യമില്ലെന്നതാണ് വസ്തുത. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാര്യ ലക്ഷ്മിയെക്കുറിച്ചും സംഭവബഹുലമായ വിവാഹത്തെക്കുറിച്ചും ബാലഭാസ്‌ക്കർ തന്നെ തുറന്നു പറഞ്ഞിരുന്നു.

ക്രിസ്തുമസ് അവധി തുടങ്ങുകയാണ്. അവളുടെ കല്യാണം നിശ്ചയിച്ചു ആ സമയത്ത്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്തവസ്ഥയായിരുന്നു. മറ്റ് മാർഗങ്ങൾ ഒന്നും തന്നെ എന്റെ മുന്നിൽ ഇല്ലായിരുന്നു. അവളോട് പറയാതെ ഞാനും എന്നെ ട്യൂഷൻ പഠിപ്പിക്കുന്ന വിജയ മോഹൻ സാറുമായി ലക്ഷ്മിയുടെ വീട്ടിൽ പോയി. പെണ്ണ് ചോദിക്കാനായിരുന്നു പോക്ക്. ബാലഭാസ്‌ക്കർ എന്ന് പറയുന്ന ഏതോ ഒരു സിനിമാക്കാരൻ അവളുടെ പുറകെ നടപ്പുണ്ടെന്ന് അവർ കേട്ടിരുന്നു. താടിയൊക്കെ വളർത്തിയ വലിയ ഒരാൾ എന്നായിരിക്കും അവർ പ്രതീക്ഷിച്ചിരുന്നത്. അന്ന് ഇതിനെക്കാളും വൃത്തികെട്ട കോലമായിരുന്നു എന്റേത്. ഇപ്പോഴാണ് കാണാൻ ഒന്ന് ഭേദമായത്. വിജയ മോഹൻ സാറു കൂടി വരാമെന്ന് ഏറ്റതോടെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടിൽ ലക്ഷ്മിയുടെ അച്ഛൻ ഉണ്ടായിരുന്നു. 'സാറ് കാര്യങ്ങൾ സംസാരിച്ചു. കുറച്ചുനാൾ കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു. വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തിക്കൊടുക്കാൻ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.-ഇങ്ങനെയാണ് ബാലു കാര്യങ്ങളെ വിശദീകരിച്ചത്.

എന്റെടുത്ത് ചോദിച്ചു, ഇയാളുടെ പേരെന്താണെന്ന്. എനിക്ക് ബാലഭാസ്‌കർ എന്നു പറയാൻ പെട്ടെന്നൊരു പേടി. ഞാൻ പറഞ്ഞു, കൃഷ്ണകുമാർ എന്നാണ് പേരെന്ന്. മലയാളത്തിലാണ് പഠിക്കുന്നതെന്നും പറഞ്ഞു. ഞങ്ങൾ പഠിക്കുന്ന അതേ കോളേജിലാണ് അവളുടെ അനുജനും പഠിക്കുന്നത്. അതു കൊണ്ട് തന്നെ അവന് എന്നെ അറിയാം. അവൻ എത്തിക്കഴിഞ്ഞാൽ പിന്നെ കൂടുതൽ പ്രശ്‌നമാകുമോയെന്നായിരുന്നു പേടി.കാര്യം നടക്കില്ലെന്ന് ഏകദേശം മനസിലായപ്പോൾ സാറിനോട് നമുക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു. പക്ഷേ സാറ് വീണ്ടും എനിക്ക് വേണ്ടി അവരെ നിർബന്ധിക്കുകയായിരുന്നു. അവസാനം എങ്ങനെയോ വിടിന് പുറത്തിറങ്ങി കോളേജിലെത്തി. കോളേജിലെത്തി ലക്ഷ്മിയോട് കാര്യങ്ങൾ പറഞ്ഞു. നിനക്കിന്ന് വീട്ടിൽ പോകുകയാണെങ്കിൽ പോകാം പക്ഷേ ഇനി നിനക്ക് തിരിച്ച് കോളേജിലേക്ക് വരാൻ സാധിക്കില്ല. അതുകൊണ്ട് രണ്ട് ചോയ്‌സ് നിനക്ക് മുന്നിൽ ഉണ്ട്. ഒന്നുകിൽ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കിൽ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ ശ്രമിക്കാം.

തുടക്കത്തിൽ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവൾക്കും ജോലിയില്ല, കയ്യിൽ സർട്ടിഫിക്കറ്റൊന്നുമില്ല, വസ്ത്രം പോലുമില്ല. പക്ഷേ ഞാൻ പറഞ്ഞു, ഒരു കാര്യം ഞാൻ ഉറപ്പ് പറയാം നിന്നെ പട്ടിണിക്കിടില്ല, വയലിൻ ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാം എന്ന്. ഏതൊരു കാമുകനും പറയുന്ന കാര്യം തന്നെയാണ് അത്. തന്റേടം കാണിക്കാൻ എടുത്ത തീരുമാനം ആയിരുന്നില്ല അത്. അങ്ങനെ ഒരു എസ്‌കേപിസം എനിക്ക് വേണ്ട സമയമായിരുന്നു. ഒരുപാട് കോമ്പ്ളിക്കേറ്റഡ് ആയ കുട്ടിക്കാലത്ത് ജീവിച്ച ആളാണ് ഞാൻ. എനിക്ക് ശരിക്കും പറഞ്ഞാൽ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ പറ്റിയ, എല്ലാ പിന്തുണയും നൽകുന്ന നല്ലൊരു സുഹൃത്തായിരുന്നു ലക്ഷ്മി. എന്റെ അച്ഛൻ എപ്പോഴും പറയും നീ ശരിക്കും രക്ഷപെട്ടതാണെന്ന്. കാരണം അവിടുന്നാണ് ഞാൻ ശരിക്കും എന്റെ ജീവിതം തുടങ്ങുന്നത്-ഇങ്ങനെയാണ് ബാലഭാസ്‌കർ വിവാഹത്തെ വിവരിച്ചിരുന്നത്.

തൊണ്ണൂറ്റിഒൻപതിലാണ് ബാലഭാസ്‌കർ യൂണിവേഴ്‌സിറ്റി കോളജിലെത്തുന്നത്. ബാലുവിന്റെ സംഗീതം പോലെ ശുദ്ധമായിരുന്നു ആ മനസ്സും. അതുകൊണ്ടു തന്നെ അവന്റെ സംഗീതത്തിനൊപ്പം കോളേജും അവന് സ്വന്തമായി. ആരോടും മുഖം കറുപ്പിക്കാത്ത വിദ്യാർത്ഥിയായിരുന്നു ബാലു.