തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണവിവരം ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. അനന്തപുരി ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിൽ ലക്ഷ്മി ചികിൽസയിലാണ്. അപകട നില തരണം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഏവരേയും നൊമ്പരപ്പെടുത്തി ബാലഭാസ്‌കറിന്റെ മരണമെത്തുന്നത്. ഒന്നും അറിയാത്ത ലക്ഷ്മിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് രണ്ട് അമ്മമാർക്ക് ഒരു എത്തും പിടിയുമില്ല. ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയും ഈ ആശയക്കുഴപ്പത്തിലാണ്.

വസതിയായ തിരുമല വിജയമോഹിനി മില്ലിനു സമീപം എൽഐസി ലെയ്‌നിൽ 'ഹിരൺമയ'യിലേക്കു ബാലഭാസ്‌കറിന്റെ ചേതനയറ്റ മൃതദേഹം എത്തിയപ്പോൾ രണ്ട് അമ്മമാരും അലമുറയിട്ടു കരഞ്ഞു. ലക്ഷ്മിയോട് എന്ത് പറയുമെന്നതാണ് ഇവരുടെ ചോദ്യം. ബാലഭാസ്‌കറും ലക്ഷമിയും ഒരുമിച്ച് ജീവിതം തുടങ്ങിയത് ഇവിടെയാണ്. തേജസ്വിനിയെന്ന ജാനിക്കുട്ടിയുടെ കളി ചിരികൾ ആസ്വദിച്ച വീട്. ഈ വീട് ഇന്ന് ദുരന്ത ഭൂമി പോലെയാണ്. ആർക്കും വീട്ടിലുള്ളവരുടെ വേദനകൾക്ക് മറുപടി നൽകാനാകുന്നില്ല. മകന്റെ മുഖത്തേക്കു വീണ്ടും നോക്കാനാകാതെ ശാന്തകുമാരി മോഹാലസ്യപ്പെട്ടു. ബന്ധുക്കൾ ചേർന്ന് ഇരുവരെയും അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ബാലഭാസ്‌കറിന്റെ അച്ഛൻ സി.കെ.ഉണ്ണിയും (ചന്ദ്രൻ) ലക്ഷ്മിയുടെ അച്ഛൻ സുന്ദരേശൻ നായരും ദുഃഖം താങ്ങാനാവാതെ തളർന്ന നിലയിലാണ്.

ബാലഭാസ്‌കറും ലക്ഷ്മിയും ഒരുമിച്ചു ജീവിതം തുടങ്ങിയ വീടാണിത്. ഇന്നലെ വൈകിട്ടു ബാലഭാസ്‌കറിന്റെ ശരീരം ലക്ഷ്മി വീട്ടിലില്ല. അപകടത്തിൽ ഗുരുതര പരുക്കേറ്റ ലക്ഷ്മി കണ്ണു തുറക്കുമ്പോൾ ലക്ഷ്മിയോട് എന്തു പറയുമെന്ന് ആർക്കുമറിയില്ല. എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും ഒരു എത്തും പിടിയുമില്ല. കോളജ് പഠനത്തിനിടെ പ്രണയിച്ച് 22ാം വയസിൽ ബാലുവിനെ വിവാഹം ചെയ്തു. അതും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്. അതിന് ശേഷം രണ്ട് വീട്ടുകാരും സ്വീകരിച്ചു. പതിനാറ് വർഷത്തെ കാത്തിരിപ്പിന് ശേഷം മകൾ തേജസ്വിനിയും എത്തി. തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകൾ ജാനിക്കും സംഭവിച്ച ദുരന്തം ലക്ഷ്മിക്ക് താങ്ങാനാകില്ലെന്ന് ആവർക്കും അറിയാം. അതുകൊണ്ട് തന്നെ ലക്ഷ്മിയെ സമാധാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്ന ചിന്തയാണ് ഹിരൺമയയിൽ നിറയുന്നത്.

ബാലു ഓർമ്മയിലേക്ക് മായുമ്പോൾ ലക്ഷ്മിയെ ഓർത്താണ് ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയുടേയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുടേയും കണ്ണീരത്രയും. ഹിരൺമയയിലേക്ക് ഇപ്പോഴും ഒഴുകിയെത്തുന്ന ആരാധകരും സുഹൃത്തുക്കളും അമ്മമാരുടെ ഈ വേദനയ്ക്ക് മുമ്പിൽ പകച്ച് നിൽക്കുകായണ്. വയലിൻ സംഗീതത്തിലൂടെ ആരാധകരെ വിസ്മയിപ്പിച്ച ബാലഭാസ്‌കർ ഓർമയായാകുന്നത് ഏവരേയും നൊമ്പരപ്പെടുത്തിയാണ്. ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. ഇളയമ്മയുടെ മകൻ വിഷ്ണുവാണ് മരണാനന്തര കർമങ്ങൾ ചെയ്തത്.

കുടുംബ വീടായ തിരുമല വിജയമോഹിനി മില്ലിനു സമീപം 'ഹിരൺമയ'യിലായിരുന്നു സംസ്‌ക്കാര ചടങ്ങുകൾ. മൃതദേഹം ശാന്തികവാടത്തിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് മാറ്റുന്നതിനു മുമ്പ് അച്ഛൻ സി.കെ. ഉണ്ണിയും അമ്മ ശാന്തകുമാരിയും മകനെ അവസാനമായി ഒരുനോക്ക് കണ്ടത് ഏവരെയും കണ്ണീരണിയിച്ചു. ശാന്തികവാടത്തിലും തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേർ തടിച്ചുകൂടിയിരുന്നു. സീരിയൽ, സിനിമ, സംഗീത ലോകത്തെ സുഹൃത്തുക്കളും സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ആദരാഞ്ജലികളർപ്പിക്കാൻ എത്തി. സംഗീതലോകത്തെ സുഹൃത്തുക്കളായ ശിവമണി, സ്റ്റീഫൻ ദേവസ്യ, മധുബാലകൃഷ്ണൻ, ഷാനു, വില്യംസ് തുടങ്ങിയവരും ബാലഭാസ്‌കറിന്റെ സംഗീത ബാൻഡ് ആയ ബാലലീലയിലെ സഹപ്രവർത്തകരും സംസ്‌കാരചടങ്ങിന് എത്തിയിരുന്നു.

സപ്തംബർ 25 നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ പള്ളിപ്പുറത്ത് വച്ച് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ മകൾ തേജസ്വിനി മരിച്ചിരുന്നു. ചികിത്സയിലായിരുന്ന ബാലഭാസ്‌കർ ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അന്തരിച്ചത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും വാഹനത്തിന്റെ ഡ്രൈവറും ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.