തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സിബിഐ കണ്ടെത്തൽ. കാർ അപകടത്തിൽപ്പെടുമ്പോൾ വാഹനമോടിച്ച അർജുനെ സിബിഐ പ്രതിയാക്കി. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് അർജുനെ പ്രതിയാക്കിയത്. തെറ്റായ വിവരങ്ങൾ നൽകിയതിനു കലാഭവൻ സോബിക്കെതിരെയും കേസെടുത്തു.

സിബിഐ ഡിവൈഎസ്‌പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയിൽ കുറ്റപത്രം സമർപിച്ചത്. ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഇതേ രീതിയിലായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിൽ പ്രതിയായതോടെയാണു ബന്ധുക്കൾ മരണത്തിൽ ദുരൂഹത സംശയിച്ചത്. അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പിതാവ് ഉണ്ണി പറഞ്ഞു.

വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പവും മരണത്തിലെ ദുരൂഹതയ്ക്കു കാരണമായി. അർജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റിൽ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി. ഫോറൻസിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായി.

തൃശൂരിൽ ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2019 സെപ്റ്റംബർ 25ന് പുലർച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ടു റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റു.