തിരുവനന്തപുരം: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ നിലയിൽ നേരിയ പുരോഗതി. ജീവൻരക്ഷാസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടർമാർ പറയുന്നത്.

ലക്ഷ്മിക്ക് ഇന്നലെ ഒരു ശസ്ത്രക്രിയ കൂടി നടത്തിയിരുന്നു. വയറിൽ അണുബാധയേറ്റതിനാലാണ് ലക്ഷ്മിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നത്. ലക്ഷ്മിക്കും ബോധം ശരിക്ക് തെളിഞ്ഞിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും പുറത്ത് വന്ന വിവരങ്ങൾ

ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ചെറിയതോതിൽ പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. വെന്റിലേറ്ററിലാണ് ഇപ്പോഴും കഴിയുന്നതെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. വെന്റിലേറ്ററിന്റേതുൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തോത് കുറച്ചിട്ടുണ്ട്. ഇതിനോട് നല്ലരീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും നല്ല സൂചനയാണെന്നുമാണ് ഡോക്ടർമാർ പങ്കുവയ്ക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമായി നിരവധി പേരാണ് പ്രാർത്ഥനകളുമായി ആശുപത്രിയിലെത്തുന്നത്.

ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) നിന്നും ഡോക്ടർമാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്്. ചികിത്സ ചെലവ് സർക്കാർ ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനായുള്ള ചർച്ചകൾ നിലവിൽ പുരോഗമിക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്്. കഴുത്തിലെ കശേരുക്കൾക്ക് ക്ഷതമുണ്ടായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.ബാലഭാസ്‌കറിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മകൾ തേജസ്വിനിബാല മരിച്ചു.

തൃശ്ശൂരിൽ നിന്നും ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുമ്പോൾ പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡീവ്യവസ്ഥകൾക്കുമാണ് പരിക്കേറ്റത്. ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും കൂടാതെ ഡ്രൈവർ അർജുനും ആശുപത്രിയിൽ ചികിത്സയിലുണ്ട്.