തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണക്കേസിലും സ്വപ്‌നാ സുരേഷിന്റെ നിലപാട് നിർണ്ണായകമാകും. കേസിലെ പ്രധാന സാക്ഷിക്ക് മണക്കാട്ടെ യുഎഇ കോൺസുലേറ്റ് വഴി യുഎഇ സർക്കാരിൽ ജോലി ലഭിച്ചിരുന്നു. ഇതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. സ്വർണ്ണ കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസ്‌കറുമായുള്ള ബന്ധമായിരുന്നു ഈ സംശയത്തിന് കാരണം. അപകടമുണ്ടാകുമ്പോൾ ബാലഭാസ്‌കറായിരുന്നു കാറോടിച്ചതെന്ന മൊഴി നൽകിയത് കെ എസ് ആർ ടി സി ഡ്രൈവറായിരുന്നു. ഇത് കള്ളമൊഴിയാണെന്നും ശാസ്ത്രീയമായി തെളിഞ്ഞു. ഈ കള്ളമൊഴിക്കാരനാണ് യുഎഇ കോൺസുലേറ്റ് വഴി ജോലി ളഭിച്ചത്.

അതിനിടെ ബാലഭാസ്‌കർ കേസിൽ കോടതി ഇടപെടൽ നിർണ്ണായകമാണ്. കുറ്റപത്രം സമർപ്പിച്ചപ്പോൾ ബാലഭാസ്‌കറിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു റിപ്പോർട്ട് സമർപ്പിക്കാത്തത് എന്തു കൊണ്ടാണെന്നു സിബിഐയോടു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് (സിജെഎം) കോടതി ചോദിച്ചു. കേസിൽ ബാലഭാസ്‌കറിന്റെ കുടുംബത്തിന് നീതി കിട്ടില്ലെന്ന സൂചന നൽകി സരിതാ നായർ ബാലഭാസ്‌കറിന്റെ അച്ഛനെ വിളിച്ചതും ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിൽ സ്വപ്‌നാ സുരേഷ് എന്തെങ്കിലും വെളിപ്പെടുത്തൽ നടത്തിയാൽ അത് നിർണ്ണായകമായി മാറും. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതകൾ മായുന്നില്ലെന്നതാണ് വസ്തുത.

നയതന്ത്ര ബാഗേജ് സ്വർണ്ണ കടത്തിൽ സ്വപ്‌ന പല സത്യങ്ങളും പുറത്തു പറഞ്ഞിരുന്നു. സ്പ്രിങ്ലർ ഇടപാടിലെ ദുരൂഹതകളും ചർച്ചയാക്കി. സമാന രീതിയിൽ ബാലഭാസ്‌കർ കേസിൽ എന്താണ് സംഭവിച്ചതെന്ന സംശയങ്ങൾ സ്വപ്‌ന ഇനിയും ദൂരീകരിച്ചിട്ടില്ല. ഡ്രൈവർക്ക് യുഎഇയിൽ ജോലി ലഭിക്കാനുണ്ടായ സഹാചര്യത്തെ കുറിച്ച് സ്വപ്‌ന വെളിപ്പെടുത്തൽ നടത്തിയാൽ അത് ബാലഭാസ്‌കർ കേസിനേയും സ്വാധീനിക്കുമെന്നതാണ് വസ്തുത.

ബാലഭാസ്‌കറിന്റെ മരണ ശേഷമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണ കടത്തിലെ ഗൂഢാലോചനയിലെ അന്വേഷണം ചർച്ചയായത്. അത് എത്തിയത് ബാലുവിന്റെ സുഹൃത്തുക്കളിലേക്കാണ്. ഇതിന് പിന്നാലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണ കടത്തും ചർച്ചയായി. ഇതിന് പിന്നാലെയാണ് യുഎഇ കോൺസുലേറ്റ് വഴി കള്ളസാക്ഷി നൽകിയ കെ എസ് ആർ ടി സി ഡ്രൈവറുടെ ദുബായ് ജോലി ചർച്ചയായത്. ഇതിനിടെ കേസ് സിബിഐയും വേണ്ട വിധം അന്വേഷിച്ചോ എന്ന സംശയമാണ് കോടതി ഉയർത്തുന്നത്. മൊബൈൽ പരിശോധനാ ഫലം കേസിൽ നിർണ്ണായകമാകും. അതിൽ തെളിവൊന്നും ഇല്ലെങ്കിൽ കേസ് എഴുതി തള്ളാനും സാധ്യത ഏറെയാണ്.

സിബിഐയുടെ വിശദീകരണം കേൾക്കാനായി കേസ് ജൂലൈ അഞ്ചിലേക്കു മാറ്റി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു ബാലഭാസ്‌കറിന്റെ കുടുംബവും കലാഭവൻ സോബിയും സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാനിരിക്കെയാണു കോടതി മൊബൈൽ ഫോണിന്റെ പരിശോധനാ വിവരങ്ങൾ തേടിയത്. പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാത്തതു സിബിഐയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണോ എന്നു കോടതി ചോദിച്ചു. കേസന്വേഷിച്ചപ്പോൾ തെളിവുകൾ കണ്ടെത്താൻ മൊബൈൽ ഫോണിലെ വിവരങ്ങളുടെ ആവശ്യം ഇല്ലായിരുന്നു എന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി . എന്നാൽ ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നു കോടതി പറഞ്ഞു.

നിർണായക തെളിവുകൾക്കു മേൽ സിബിഐ കണ്ണടച്ചതായി ഹർജിക്കാർ കോടതിയിൽ പറഞ്ഞിരുന്നു. നിർണായക സാക്ഷികളെ ബോധപൂർവം ഒഴിവാക്കി. സിബിഐ നടത്തിയ നുണ പരിശോധന നിയമപരമല്ല. നുണ പരിശോധനാഫലം തെളിവായി സ്വീകരിക്കാൻ പാടില്ലെന്നു സുപ്രീം കോടതിവിധിയുള്ളതായും ഹർജിക്കാർ കോടതിയിൽ പറഞ്ഞു. കേസിൽ സാധ്യമായ എല്ലാ രീതികളും അന്വേഷിച്ചാണു കുറ്റപത്രം സമർപ്പിച്ചതെന്നാണു സിബിഐ നിലപാട്. കേസിലെ ഏക പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് സിബിഐ കണ്ടെത്തൽ.

2019 സെപ്റ്റംബർ 25നു പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്തായിരുന്നു അപകടം . ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരുക്കേറ്റിരുന്നു. മകൾ അപകട സ്ഥലത്തും ബാലഭാസ്‌കർ ചികിത്സയിലിരിക്കെയുമാണു മരിച്ചത്.