കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന് നാലു ഫോണുകളും പത്തിലേറെ സിം കാർഡുകളുമുണ്ട്. ഫോൺ കണ്ടെത്തിയാൽ താൻ ആരോപിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പുറത്തും. തന്റെ ആരോപണങ്ങളെക്കാൾ അതിസങ്കീർണ്ണമായ പലവിഷയങ്ങളും ഫോണിൽ നിന്ന് പുറത്തുവരുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

''ദിലീപിന്റെ സഹോദരി ഭർത്താവ് ദിലീപ് ജയിലിൽ കിടന്ന സമയത്ത് ഉപയോഗിച്ച ഫോൺ കണ്ടെത്തണം ഇതിൽ പൊലീസ് പ്രതീക്ഷിക്കാത്ത വിവരങ്ങൾ ഉണ്ടാകും. ദിലീപിന്റെ ഫോണിനേക്കാൾ ഇതാണ് കണ്ടെത്തേണ്ടത്. ഞാൻ പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തെന്ന അഫിഡവിറ്റ് ദിലീപ് നൽകിയിരുന്നു. അതിന്റെ നിജസ്ഥിതി ഫോൺ പരിശോധിച്ചാൽ പുറത്തുവരും.'' ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. കേസിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോൺ തിങ്കളാഴ്ച പത്തേകാലിന് കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു.

ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15 ഓടെ ഹാജരാക്കാനാണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങൾ തള്ളി ഹൈക്കോടതി ഇടക്കാല ഉത്തവ് പുറപ്പെടുവിച്ചത്.

ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസിൽ നിർണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.

ഫോൺ മുംബൈയിലാണെന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കൂടുതൽ ദിവസം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫോൺ മുബൈയിലാണെങ്കിൽ ആരെയെങ്കിലും അയച്ച് എടുക്കണമെന്നും കോടതി നിർദേശിച്ചു. ഫോൺ പ്രധാനപ്പെട്ട തെളിവാണെന്നും അതു ലഭിക്കേണ്ടത് അന്വേഷണത്തിന് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫോൺ തന്റെ സ്വകാര്യതയാണ് എന്നും സ്വന്തം നിലയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാമെന്നും കോടതിയെ ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

സർക്കാരിന്റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സർക്കാർ സ്വാധീനം ഉണ്ടാകുമെന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്. താൻ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ അംഗീകൃത ഏജൻസിക്ക് നിങ്ങളുടെ ഫോൺ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോൺ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങൾ വിവിധ കോടതികൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയേ ഫോൺ പരിശോധിക്കാൻ കഴിയുവെന്നും കോടതി വ്യക്തമാക്കി.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി ശരിവെച്ച് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി മൊഴി നൽകിയതായി സൂചനകൾ വന്നിരുന്നു. ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയാമെന്നും അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നുമാണ് പൾസർ സുനി ക്രൈംബ്രാഞ്ചിന് മൊഴിനൽകി. കഥ പറയാൻ വന്നയാളാണെന്നാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെടുത്തിയത്. അന്നേദിവസം തനിക്ക് ദിലീപ് പണം നൽകിയെന്നും പൾസർ സുനി മൊഴി നൽകി.

വെള്ളിയാഴ്‌ച്ചയാണ് അന്വേഷണ സംഘം ജയിലിൽ എത്തി പൾസർ സുനിയെ ചോദ്യം ചെയ്തത്. ദിലീപിന്റെ വീട്ടിലെത്തിയപ്പോൾ പൾസുനിയെ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. പൾസർ സുനിയെ ആദ്യം തിരിച്ചറിഞ്ഞില്ല, സഹോദരൻ അനൂപാണ് സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. അന്ന് സുനിയുടെ കൈവശം പണമുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് പൾസർ സുനിയെ അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.