കോഴിക്കോട്: 'ആരാച്ചാർ' എന്ന നോവലിന് പ്രശസ്ത സാഹിത്യകാരി കെ.ആർ. മീരക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നൽകിയതിൽ പ്രതിഷേധം. മീരയുടെ ആരാധകരും അഭ്യുദയകാംക്ഷികളും അടങ്ങിയ ജൂറി നൽകിയ അവാർഡിന് വിശ്വാസതയില്‌ളെന്നാണ് വിമർശനം. പ്രഖ്യാപിച്ച അവാർഡ് റദ്ദാക്കി പുതിയ ജൂറിമാരെ വച്ച് അവാർഡ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് സാഹിത്യ വിമർശകനും 'സാഹിത്യ വിമർശം' മാസിക എഡിറ്ററുമായ സി.കെ. ആനന്ദൻപിള്ള കേന്ദ്രസാഹിത്യ അക്കാദമിക്ക് കത്തയച്ചു.

2013ൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നിർണയത്തിൽ പങ്കെടുത്ത് മീരയുടെ നോവലിന് ഒന്നാം സ്ഥാനം നൽകിയ ജൂറിയിൽ ഉണ്ടായിരുന്ന ആഷാ മേനോനും വി. രാമകൃഷ്ണനുമാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് നിർണയത്തിൽ പങ്കെടുത്തത്. സി.വി. രാമൻപിള്ളയുടെ ഭാഷയെ അതിശയിപ്പിക്കുന്ന ഭാഷയാണ് മീരയുടേതെന്ന് പരസ്യമായി പുകഴ്‌ത്തിയ എം.കെ. സാനുവാണ് മറ്റൊരു ജൂറി അംഗം. കേരള സാഹിത്യ അക്കാദമി മീരക്ക് അവാർഡ് നിശ്ചയിച്ചപ്പോൾ വാർഷിക സമിതി അംഗങ്ങളായിരുന്നവരിൽ ചിലരാണ് കേന്ദ്ര അക്കാദമിയുടെ മലയാളം ഉപദേശക സമിതിയിലെ അംഗങ്ങളെന്നും കത്തിൽ പറയുന്നു.

അതേസമയം അവാർഡ് സ്വീകരിച്ച് മീര പറഞ്ഞ വാക്കുകളും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചുകൊണ്ടാവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കുകയെന്ന കെ.ആർ. മീരയുടെ പ്രസ്താവന ലജ്ജാകരമെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. നട്ടെല്ലില്ലായ്മയാണ് ഇതിൽ പ്രതിഫലിക്കുന്നത്. അസഹിഷ്ണുതക്കെതിരെ മീര തൻേറതായ ഭാഷയിൽ പ്രതികരിക്കട്ടെ. അതിന് ശേഷം അവാർഡ് സ്വീകരിക്കുന്നതാണ് ഭംഗിയെന്ന് വടക്കേടത്ത് പ്രസ്താവനയിൽ പറഞ്ഞു.

ദാദ്രി സംഭവവും മറ്റുമുണ്ടായപ്പോൾ അവാർഡുകൾ തിരിച്ചു നൽകിയും സ്ഥാനങ്ങൾ രാജിവച്ചും എഴുത്തുകാർ പ്രതിഷേധിക്കുന്നിടത്ത് മീരയെ കണ്ടില്ല. അതിന്റെ രഹസ്യം ഇപ്പോൾ പിടികിട്ടി. മൗനത്തിലൂടെ ഫാഷിസവുമായി ചേർന്ന് നിൽക്കുകയല്ല, അവാർഡ് നിഷേധിച്ച് അസഹിഷ്ണുതയെ പ്രതിരോധിക്കുകയാണ് വേണ്ടതെന്നും വടക്കേടത്ത് അഭിപ്രായപ്പെട്ടു.