കോട്ടയം: കേരളാ കോൺഗ്രസിന്റെ ഹൈന്ദവ മുഖമായിരുന്നു ആർ ബാലകൃഷ്ണ പിള്ള. എൻ എസ് എസിനോട് ചേർന്ന് നിന്ന് കേരളാ കോൺഗ്രസ് രൂപീകരണം സാധ്യമാക്കിയ യുവ തുർക്കി. കൊട്ടാരക്കരയുടെ മനസ്സ് കീഴടക്കി നിയമസഭയിലും മന്ത്രസഭയിലുമെല്ലാം താരമാകുമ്പോഴും ബാലകൃഷ്ണ പിള്ള വന്ന വഴി മുമ്പൊരിക്കലും മറന്നില്ല. എൻ എസ് എസിനൊപ്പം തന്നെയായിരുന്നു യാത്ര. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തുന്നത്. ശബരിമല യുവതി പ്രവേശന വിവാദത്തിൽ എൻ എസ് എസിനെ തള്ളി പറഞ്ഞ് ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ് ബി ഇടതുമുന്നണിയിലെത്തി. ശബരിമലയിൽ സർക്കാരിനെ വിമർശിച്ച എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പിള്ള കടന്നാക്രമിക്കുമെന്ന് കരുതി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കം. അതുകൊണ്ട് തന്നെ പിള്ള കിട്ടുന്ന അവസരത്തിൽ എല്ലാം സുകുമാരൻ നായരെ കടന്നാക്രമിക്കുകയാണ്. ഇതിനിടെയിലും ശബരിമലയിൽ യുവതികൾ കയറുന്നതിനോട് പിള്ളയ്ക്ക് താൽപ്പര്യക്കുറവുണ്ട്.

വനിതാ മതിലിൽ പങ്കെടുക്കും. എൻഎസ്എസിനു വിരുദ്ധമായി മുൻപും തീരുമാനങ്ങളെടുത്തിട്ടുണ്ട്. എൻഎസ്എസിന്റെ സമദൂര നിലപാട് മാറ്റാൻ കഴിയില്ല. ജി. സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കിൽ സ്വന്തമായി ചെയ്യാം. ചട്ടമ്പി സാമിയുടെയും മന്നത്ത് പത്മനാഭന്റെയും പാരമ്പര്യം മറക്കരുത്. താൻ എൻഎസ്എസിൽ തുടരും. കുടുംബത്തിൽ പിറന്ന യുവതികൾ ശബരിമലയിൽ പോകാനിടയില്ല. സർക്കാരിനു വേണമെങ്കിൽ എൻഎസ്എസുമായി ചർച്ച നടത്താമായിരുന്നുവെന്നും പിള്ള പറയുന്നു. സുകുമാരൻ നായരെ വിമർശിക്കുമ്പോഴും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിള്ള എതിർക്കുന്നു. ഇതാണ് സിപിഎം വനിതാ മതിലിലെ നവോത്ഥാന നായകരുടെ മനസോ എന്ന ചോദ്യവും സോഷ്യൽ മീഡിയ സജീവമായി ഉയർത്തുന്നുണ്ട്. യുഡിഎഫിലേക്ക് തിരിച്ചു പോക്ക് അസാധ്യമായി. രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടിയാണ് പിള്ള സുകുമാരൻ നായരെ പോലും തള്ളി പറഞ്ഞ് മറുകണ്ടം ചാടുന്നത്.

വനിതാ മതിലിൽ നവോത്ഥാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വെള്ളാപ്പള്ളി നടേശനാണ് ഈ സംഘാടക സമിതിയുടെ ചെയർമാൻ. വെള്ളാപ്പള്ളിയും ശബരിമലയുടെ കാര്യത്തിൽ ആചാര സംരക്ഷകർക്കൊപ്പമാണ്. ഇതോടെയാണ് സർക്കാർ സ്ത്രീ സുരക്ഷയിലേക്ക് ചർച്ച മാറ്റിയത്. ഇപ്പോൾ ബാലകൃഷ്ണ പിള്ളയും ശബരിമലയിൽ യുവതികൾ കയറുന്നതിന് എതിരെ നിലപാട് എടുക്കുന്നു. ശബരിമലയെ ദേശീയ തലത്തിൽ ചർച്ചയാക്കി സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളാണ് പിള്ളയെ പോലുള്ളവരുടെ നിലപാട് പൊളിക്കുന്നത്. ശബരിമലയിൽ ഭക്തരായ യുവതികൾ പോകില്ലെന്ന് തന്നെയാണ് പിള്ള ആവർത്തിക്കുന്നത്.

ശബരിമലയിൽ ഇതുവരെ പോയവർ ആക്ടിവിസ്റ്റുകളും ചുംബനസമരക്കാരുമാണ്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണം. എന്നാൽ കോടതിവിധി നടപ്പാക്കാൻ സർക്കാരിനു ഭരണഘടനാ ബാധ്യതയുണ്ടെന്നും പിള്ള വ്യക്തമാക്കി.അയ്യപ്പജ്യോതിക്കൊപ്പമില്ലെന്നും വനിതാ മതിലിനൊപ്പമാണെന്നും ബാലകൃഷ്ണപിള്ള ഉച്ചയ്ക്കു വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണിയുടെ നിലപാടാണ് കേരള കോൺഗ്രസ് ബിയുടെ നിലപാട്. എൻഎസ്എസ് നിലപാടിനു വിരുദ്ധമായി മുൻപും തീരുമാനങ്ങളെടുത്തിട്ടുണ്ട്. എൽഡിഎഫ് സമരങ്ങളിൽ ഭാഗമാകും. മന്ത്രിപദവി ആവശ്യപ്പെടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര ഇടതുമുന്നണി തിരിച്ചു നൽകുമെന്നാണ് പിള്ളയുടെ പ്രതീക്ഷ. പത്തനാപുരത്ത് കെബി ഗണേശ് കുമാറും കൊട്ടാരക്കരയിൽ പിള്ളയും മത്സരിക്കും. അതിന് ശേഷം പതിയെ മന്ത്രിക്കുപ്പായവും പിള്ള മനസ്സികാണുന്നു. ഇതിന് വേണ്ടിയാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പിള്ള തള്ളിപ്പറഞ്ഞത്.

എന്നും എൻ എസ് എസ് വോട്ടായിരുന്നു പിള്ളയുടെ രാഷ്ട്രീയ കരുത്ത്. സുകുമാരൻ നായരെ തള്ളി പറയുമ്പോൾ ഈ വോട്ടുകൾ കൈവിട്ടാൽ പിള്ളയ്ക്ക് അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ഹൈ റിസ്‌ക് ഗെയിമാണ് പിള്ള കളിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണക്കാലത്താണ് പിള്ള കോൺഗ്രസ് ഇടത്തോട്ട് ചായ്ഞ്ഞു തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ ഗണേശിന്റെ മന്ത്രിസ്ഥാനം പോയശേഷം. ഏതായാലും യുഡിഎഫ് വീണ്ടും അധികാരത്തിൽ വരാൻ വഴിയില്ലെന്ന് അന്നേ തോന്നിയതുകൊണ്ടാവണം പിള്ളയും മോനും എൽഡിഎഫിനോട് ഇഷ്ടം കാണിച്ചുതുടങ്ങിയത് . എതിരാളിയെ നിഷ്പ്രഭമാക്കുന്ന വാക്കുകൾ. ആക്രമണം, പ്രത്യാക്രമണം, വലിച്ചുകീറൽ, കുത്തുവാക്ക് , പുകഴ്‌ത്തൽ, പരിഹാസിക്കൽ അങ്ങനെ എന്തും ചെയ്യും പിള്ള. ഇതെല്ലാം ഇനി ഇടതു പക്ഷത്തിനാവുകയാണ്. ഒരിക്കൽ എൽ.ഡി.എഫിന്റെ ഭാഗമായിരുന്നു ആർ ബാലകൃഷ്ണപിള്ള. 1980-ൽ നായനാർ മന്ത്രിസഭയിൽ അദ്ദേഹം അംഗവുമായിരുന്നു. 1982-ൽ ഇടതുബന്ധം മതിയാക്കി യു.ഡി.എഫിന്റെ ഭാഗമായി. 2015-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ അവസാനംവരെ ഇണങ്ങിയും പിണങ്ങിയും ഈ ബന്ധം തുടർന്നു. തനിക്കും പാർട്ടിക്കും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് പിള്ള മുന്നണി വിട്ടു.

2016-ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം ചേർന്നു. കെ.ബി. ഗണേശ് കുമാർ എംഎ‍ൽഎ. ആയി. പിള്ളയ്ക്ക് കാബിനറ്റ് റാങ്കോടുകൂടി മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചുവെന്നതല്ലാതെ ഘടകകക്ഷിയാക്കിയില്ല. എൻ.എസ്.എസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചും ഇടതിനൊപ്പം നിന്നതാണ് പിള്ളയെ മുന്നണിയിൽ എടുപ്പിക്കുന്നത്. അയപ്പജ്യോതിയിൽ രാഷ്ട്രീയമുണ്ടെന്ന് ബാലകൃഷ്ണപിള്ള പറയുന്നു. ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം ഒന്നും ഇല്ലാതക്കാൻ ഇവിടെ ആരും ശ്രമിക്കുന്നതായി അറിയില്ലെന്നും പിള്ള പറഞ്ഞു. വിശ്വാസം ഇല്ലാതാക്കാൻ കുറെയാളുകൾ, സംരക്ഷിക്കാൻ കുറെയാളുകൾ എന്നിങ്ങനെയൊന്നും പങ്കുവെയ്ക്കാൻ ഇപ്പോൾ ഇവിടെയൊരു സാഹചര്യമുണ്ടായിട്ടില്ല. വിശ്വാസം സംരക്ഷിക്കുന്നതിന്റെ കുത്തക ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ പ്രസ്ഥാനത്തിനോ വിട്ടുകൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ വിശ്വാസം ഉള്ളയാളാണ്. എന്നാൽ ജ്യോതി നടത്തിയവരോട് യോജിക്കാൻ കഴിയില്ല. അവർ അത് രാഷ്ട്രീയമാക്കുകയാണ്. അതിൽ രാഷ്ട്രീയമുണ്ടാകാൻ പാടില്ല. എൻഎസ്എസ് ഔദ്യോഗികമായി അയ്യപ്പജ്യോതിയോട് സഹകരിക്കാൻ നിർദ്ദേശം നൽകിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ കൂടിയായ ആർ.ബാലകൃഷ്ണപിള്ള നേരത്തേ ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എൽഡിഎഫ് പ്രവേശനത്തിന് ശേഷം എൻഎസ്എസ് നേതാവ് കൂടിയായ ആർ ബാലകൃഷ്ണപിള്ള തന്റെ സമുദായ നേതൃത്വത്തിന് കടകവിരുദ്ധമായ രാഷ്ട്രീയ തീരുമാനമാണ് എടുത്തിരിക്കുന്നത്.