രു പക്ഷേ ബ്രിട്ടനിൽ ഏറ്റവും വംശീയത നിറഞ്ഞ നഗരം ബ്ലാക്ക്‌ബേണായിരിക്കാം. അതാണ് ഇവിടുത്തെ ഇന്ത്യക്കാരനായ ഇറച്ചിക്കച്ചവടക്കാരൻ മുഹമ്മദ് താബ്രെസ് നൂർജിയെന്ന 31കാരന്റെ അനുഭവം തെളിയിക്കുന്നത്. ഇദ്ദേഹത്തിന്റെ ഇറച്ചിക്കടയിൽ ഇതുവരെ ഒരു ഇംഗ്ലീഷുകാരൻ പോലും ഇറച്ചി വാങ്ങാൻ കയറിയിട്ടില്ലെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. ബ്രിട്ടനിൽ ഏറ്റവും വിഭജിക്കപ്പെട്ട നഗരത്തിന്റെ കഥയാണിത് വെളിപ്പെടുത്തുന്നത്. ലങ്കാഷെയറിലെ ഈ പട്ടണത്തിലെ വാലെ റേഞ്ച് ഏരിയയിലെ മുസ്ലിംപള്ളിക്കടുത്താണ് മുഹമ്മദിന്റെ ഈ ഇറച്ചിക്കട പ്രവർത്തിക്കുന്നത്. ഇവിടെ 95 ശതമാനവും ഏഷ്യൻ വംശജരാണ് അധിവസിക്കുന്നത്. ഇവരിൽ നല്ലൊരു ഭാഗം ഈ കടയിൽ നിന്നും ഇറച്ചി വാങ്ങുന്നവരാണെങ്കിലും ഒരൊറ്റ ഇംഗ്ലീഷുകാരനും ഇവിടേക്ക് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് സത്യം.

യുകെയിൽ ഏറ്റവും വംശീയത കൊടികുത്തി വാഴുന്ന സ്ഥലം ബ്ലാക്കബേണാണെന്ന റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിട്ടുണ്ട്. ബ്രിട്ടീഷുകാർ ഇറച്ചി വാങ്ങാറില്ലെങ്കിലും ചില പോളിഷുകാർ തന്റെ കടയിൽ കയറാറുണ്ടെന്നാണ് മുഹമ്മദ് വെളിപ്പെടുത്തുന്നത്.ഇന്ത്യൻ വംശജനായ ഇദ്ദേഹം ബ്രിട്ടനിൽ ജനിച്ച ഷിമ എന്ന മുസ്ലിം യുവതിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് ആറ് വയസുള്ള മകളും മൂന്ന് വയസുള്ള മകനുമാണുള്ളത്. തന്റെ കടയിൽ നാളിതുവരെയായി ഒരൊറ്റ വെള്ളക്കാരനും ഇതുവരെ കയറാതിരുന്നതെന്താണെന്ന് തനിക്ക് അറിയില്ലെന്നാണ് മുഹമ്മദ് പറയുന്നത്. ഇതിന് മുമ്പിലൂടെയുള്ള റോഡിലൂടെ വെള്ളക്കാർ സ്ഥിരമായി കടന്ന് പോകാറുണ്ടെങ്കിലും അവർ ഇവിടെയുള്ള ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി തിരിച്ച് പോകുന്നതല്ലാതെ തന്റെ കടയിലേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്യില്ലെന്നാണ് മുഹമ്മദ് പറയുന്നത്.

ഇവിടെ ധാരാളം ഏഷ്യൻ വംശജർ തിങ്ങിപ്പാർക്കുന്നതിനാൽ വെള്ളക്കാർ ഇവിടെ നിന്നും അകലം പാലിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തന്റെ കുടുംബത്തിൽ നിന്നും ഓർമവച്ച കാലം മുതലേ പറഞ്ഞ് കേൾക്കുന്ന കാര്യമാണെന്നും മുഹമ്മദ് പറയുന്നു.ഇത് വളരെ ശാന്തമായ പ്രദേശവുമാണ്. തന്റെ സേവനം വെള്ളക്കാർക്ക് കൂടി നൽകാൻ ഏറെ സന്തോഷമാണെന്നും തന്റെ മകൾക്ക് വെള്ളക്കാരായ നിരവധി കൂട്ടുകാരുണ്ടെന്നും മുഹമ്മദ് പറയുന്നു.ഇവിടെ ഹലാൽ മാംസമാണ് വിൽക്കുന്നതെങ്കിലും നിരവധി വെള്ളക്കാർ ഹലാൽ മാംസ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന് തനിക്കറിയാം. അവർ ടെസ്‌കോ, മോറിസൻ പോലുള്ള വലിയ സ്റ്റോറുകളിൽ നിന്നും ഹലാൽ മാംസം വാങ്ങുന്നത് താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ തന്റെ കടയിലേക്കവർ കയറാറില്ലെന്നും മുഹമ്മദ് വേദനയോടെ വെളിപ്പെടുത്തുന്നു.

ബ്ലാക്ക്‌ബേണിലെ ടൗൺ സെന്ററിന് തൊട്ട് വടക്കുള്ള വാലെ റേഞ്ച് പോലുള്ള പ്രദേശങ്ങളിൽ ഏഷ്യക്കാർ 1960കൾ മുതൽക്ക് തന്നെ അധിവാസം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ ഭൂരിഭാഗവും ഏഷ്യക്കാരും അവരുടെ സ്ഥാപനങ്ങളുമാണുള്ളത്. 28 വർഷമായി താൻ ബ്ലാക്ക്‌ബേൺ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇവിടുത്തെ ഒരു പ്രോപ്പർട്ടി വെള്ളക്കാരന് വിറ്റ അനുഭവം തനിക്കുണ്ടായിട്ടില്ലെന്നാണ് ഇവിടുത്തെ ഒരു എസ്റ്റേറ്റ് ഏജന്റ് ബിബിസി പനോരമയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടെ വെള്ളക്കാർ തീരെ കടന്ന് ചെല്ലാത്ത പ്രദേശങ്ങളും മറിച്ചുമുണ്ടെന്നാണ് റിട്ടയേഡ് ടാക്സി ഡ്രൈവറായ ഗുഡ്ലിഫ് വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ ബ്ലാക്കബേണുമായി ബന്ധപ്പെട്ടുള്ള വംശീയപരമായ വേർതിരിവിന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.