വിലക്കുകളുടെ ലോകമാണിത്. എന്നാൽ ഉത്തര കൊറിയയിലെയും ഇറാനിലെയും വിലക്കുകൾ കൗതുക കരമാണ്. ഉത്തര കൊറിയയിൽ കുരിശുകൾക്കാണ് നിരോധനം. ഇറാനിലാകട്ടെ പാശ്ചാത്യ വസ്ത്രങ്ങൾക്കും. വിലക്കപ്പെട്ടവ പിടിച്ചെടുക്കാൻ ഇരു രാജ്യങ്ങളിലെയും പൊലീസുകാർ കടകൾ കയറിയിറങ്ങുകയാണിപ്പോൾ.

മതവിശ്വാസത്തിന് വിലക്കുള്ള ഉത്തര കൊറിയ ക്രിസ്തുമത വിശ്വാസികളെ ലക്ഷ്യമിട്ടു കൊണ്ടാണ് കുരിശ് നിരോധിച്ചത്. കുരിശെന്നല്ല, കാഴ്ചയിൽ അതാണെന്ന് തോന്നിപ്പിക്കുന്ന എല്ലാ രൂപങ്ങൾക്കും വിലക്കുണ്ട്. വിദ്യാർത്ഥികൾ കണക്കുപുസ്തകത്തിൽ അധികച്ചിഹ്നം ഇടുമ്പോൾ അത് കുരിശുപോലെ ആകാതിരിക്കണമെന്നുപോലും നിർദേശമുണ്ട്!

സംഘടിത മതവിശ്വാസം ചെറുക്കുന്നതിന്റെ ഭാഗമായാണ് കുരിശിനെതിരെ കിം ജോങ് ഉന്നിന്റെ ഭരണകൂടം നടപടികൾ പ്രഖ്യാപിച്ചത്. ചൈനയിൽനിന്ന് കൊണ്ടുവരുന്ന ഉത്പന്നങ്ങളുടെ ലേബലുകളിൽ കുരിശിന് സമാനമായ ചിഹ്നങ്ങൾ ഉണ്ടാകാതിരിക്കണമെന്നും കടക്കാരോട് നിഷ്‌കർഷിച്ചിട്ടുണ്ട്.

ഇറാനിൽ അനിസ്ലാമികമെന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങൾക്കെല്ലാം വിലക്കേർപ്പെടുത്തി യിട്ടുണ്ട്. കടകൾ കയറിയിറങ്ങുന്ന മതപൊലീസ് അത്തരം വസ്ത്രങ്ങളെല്ലാം പിടിച്ചെടുത്ത് കടകൾ പൂട്ടുകയാണിപ്പോൾ. മതവിശ്വാസത്തിന് ചേരാത്ത ഫാഷൻ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടാണ് ഇറാനിലെ പുഴകൾ വറ്റിവരളുന്നതെന്ന് ഒരു പുരോഹിതൻ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഈ നടപടി.

ഹമേദാൻ നഗരത്തിൽ സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന 15 കടകളെങ്കിലും ഇതിനകം പൂട്ടിച്ചു. ഇസ്ഫഹാനിൽ പ്രവർത്തിക്കുന്ന നാല് ഫാക്ടറികൾക്കും വിലക്കുവന്നു. മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ മാത്രമേ അണിയാൻ പാടുള്ളൂവെന്നാണ് പുതിയ നിർദ്ദേശം. പ്രത്യേകിച്ചും സ്ത്രീകൾ.

ഇറാനിലെ തുണിക്കമ്പനികൾക്കെല്ലാം സർക്കാർ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി ക്കഴിഞ്ഞു. രാജ്യത്തെ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട തസ്‌നീം ന്യൂസ് ഏജൻസിയാണ് റെയ്ഡുകളുടെ വിവരം പുറത്തുവിട്ടത്. ഇറാനിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ ഇസ്ലാം വിശ്വാസത്തിന് നിരക്കുന്നതായിരിക്കുമെന്ന് ക്ലോത്ത് മാനുഫാക്‌ചേഴ്‌സ് യൂണിയൻ പ്രസിഡന്റ് ഇബ്രാഹിം ഖത്താബക്ഷ് പറഞ്ഞു.