തിരുവനന്തപുരം: കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർജിക്കൽ സ്‌ട്രൈക്കിൽ ഏവരും പെട്ടു. കടക്കാരും പ്രവാസികളും പൂജാരിമാരും ഉൾപ്പെടെയുള്ളവരെല്ലാം. പണം ബാങ്കിൽ ഉണ്ടെങ്കിലും അതെടുക്കാൻ വഴയിലില്ല. കൈയിലുള്ള 500, 1000 നോട്ടുകൾക്ക് കടലാസിന്റെ വിലയും. അങ്ങനെ മുണ്ടു മുറുക്കിയുടുത്ത് ഒരു ദിനം. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നു കാര്യങ്ങൾ. പക്ഷേ ഇതെല്ലാം കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് വേണ്ടിയാണെന്നതിന്റെ ആശ്വാസം സാധാരണക്കാർക്കുണ്ടായിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ പതിവ് തിരിക്ക് കണ്ടില്ല. അസാധുവായ നോട്ടുകൾ ബിവറേജസ് എടുക്കാത്തതായിരുന്നു ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ എടിഎമ്മുകളിൽ കാശെത്തിയാൽ ബിവറേജസുകളിൽ വീണ്ടും തിരിക്ക് കാലമാകും

തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്ക് ഇറങ്ങിയ പൊലീസ് പിഴ ഈടാക്കിയവരിൽ നിന്ന് 500, 1000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാതിരുന്നത് പോലുള്ള സംഭവവും ഉണ്ടായി. മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്നലെ പെറ്റി കേസുകളുടെ നിരക്ക് 100 രൂപയാക്കി കുറച്ചു. കടകൾ പലതും തുറന്നില്ല. സിനിമ തിയറ്ററുകളും അടച്ചു. കച്ചവടം തീർത്തും കുറഞ്ഞതോടെ 500, 1000 നോട്ടുകൾ എടുക്കുമെന്നു ചില കടക്കാർ ബോർഡ് സ്ഥാപിച്ചു. തുണിക്കടകളിൽ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ചെക്ക് മതിയെന്നായി. ഇവ രണ്ടുമില്ലെങ്കിൽ പരിചയക്കാർക്ക് കടമായി നൽകാനും ഉടമകൾ തയാറായി. വലിയ തുകയുടെ നോട്ടുകളുമായി സ്വർണം വാങ്ങാനെത്തിയവരുടെ തിരക്കു തുടങ്ങിയതോടെ ആഭരണശാലകൾ തുറന്നതിനു പിന്നാലെതന്നെ അടച്ചു. ചില പമ്പുകളിൽ 500, 1000 രൂപയുടെ നോട്ടുമായെത്തിയവർക്ക് അത്രയും തുകയുടെ ഇന്ധനംതന്നെ അടിക്കണമെന്നു പറഞ്ഞത് തർക്കങ്ങളുണ്ടാക്കി.

തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂജാരിക്ക് ഇന്നലെ ഡിസ്ചാർജ് ബില്ല് ലഭിച്ചത് 1200 രൂപയ്ക്ക്. ആയിരത്തിന്റെ നോട്ടുമായി ബില്ല് അടയ്ക്കാനെത്തിയ അദ്ദേഹത്തോട് ആശുപത്രി അധികൃതർ പണം സ്വീകരിക്കാൻ കഴിയില്ലെന്നു തറപ്പിച്ചു പറഞ്ഞു. രോഗി തന്റെ പ്രതിഷേധമറിയിക്കാൻ തിരഞ്ഞെടുത്തതു വേറിട്ട വഴി. നേരെ വീട്ടിലെത്തി ദക്ഷിണയായി ലഭിച്ച നാണയത്തുട്ടുകൾ കിഴിയായി കെട്ടി 1200 രൂപ തികച്ച് ആശുപത്രിയിലെത്തി. ഈ കിഴി ആശുപത്രി കാഷ് കൗണ്ടറിനു മുന്നിൽ വച്ചു. തിരക്കിനിടെ 1200 രൂപയുടെ നാണയങ്ങൾ കണ്ടപ്പോൾ ജീവനക്കാർ അമ്പരന്നു. നാണയങ്ങൾ സ്വീകരിക്കാനും കഴിയില്ലെന്നു പറഞ്ഞതു വാക്കേറ്റത്തിൽ കലാശിച്ചു. ഒടുവിൽ പിന്നീടു പണമെത്തിച്ചാൽ മതിയെന്നു പറഞ്ഞു സമാധാനിപ്പിച്ചയച്ചു.

മുഹമ്മയിൽ ക്ഷേത്രങ്ങളിൽ വഴിപാടു കടമായി നൽകി. ചേർത്തലയിൽ ബവ്‌റിജസ് കോർപറേഷനു മുന്നിൽ ലോട്ടറി എടുത്താൽ ചില്ലറ നൽകാമെന്ന് ലോട്ടറിക്കാർ വാഗ്ദാനം നൽകി. മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്നലെ പെറ്റി കേസുകളുടെ നിരക്ക് 100 രൂപയാക്കി കുറച്ചു. കോഴിക്കോട്ട് ക്ഷേത്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്ത പൂജകൾക്കും ഹോമങ്ങൾക്കും മറ്റു കർമങ്ങൾക്കും അതിരാവിലെ പലരും 500, 1000 രൂപ നോട്ടുകളുമായെത്തിയത് പ്രശ്‌നമായി. പാവമണി റോഡിലെ ബവ്‌റിജസിനു മുന്നിൽ ലോട്ടറി വിൽപനക്കാരൻ 500 രൂപ നോട്ടുകൾക്കു പകരം നാലു 100 രൂപ നോട്ടുകൾ നൽകി ആവശ്യക്കാരെ സഹായിച്ചു. 350 രൂപയിലധികമുള്ള ബില്ലുകൾക്കു മാത്രം 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കുമെന്ന ബോർഡുകൾ ചില ഹോട്ടലുകൾ വച്ചിരുന്നു. അവധിക്ക് നാട്ടിലെത്തിയ പ്രവാസികളും കുടുങ്ങി. കൈയിലുള്ള കാശ് ഉപയോഗിക്കാനാവാത്തതിനാൽ അവരും വീടുകളിൽ കഴിഞ്ഞു കൂടി.

നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വകാര്യ ആശുപത്രിയിൽ രോഗികളെ ദുരിതത്തിലാക്കി. അടിയന്തര സേവനങ്ങൾക്കുപോലും പണം സ്വീകരിക്കാൻ ആശുപത്രികൾക്കു കഴിഞ്ഞില്ല. ആശുപത്രി വിടുന്നവരിൽ നിന്നു ചെക്ക് സ്വീകരിച്ചാണു ചിലയിടങ്ങളിൽ പ്രശ്‌നം പരിഹരിച്ചത്. സർക്കാർ ആശുപത്രികളിൽ 500, 1000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാമെന്നു നിർദേശിച്ചിരുന്നു. അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് ഈ ഇളവ് അനുവദിച്ചില്ല. റെയിൽവേയിൽ 500, 1000 രൂപയുടെ നോട്ടുകൾ സ്വീകരിച്ചെങ്കിലും ബാക്കി നൽകാൻ പണം കണ്ടെത്താൻ അധികൃതർ ബുദ്ധിമുട്ടി. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇന്നലെ പ്രയാസമുണ്ടായില്ലെങ്കിലും വിമാനത്താവളങ്ങളിലെ രൂപയുടെ വിനിമയം തടസ്സപ്പെട്ടതോടെ വിദേശയാത്രയ്‌ക്കെത്തിയവർ പ്രതിസന്ധിയിലായി.

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ നിറയുന്നതു കാത്തുനിൽക്കാതെ നേരത്തേ തുറക്കാൻ തമിഴ്‌നാട് സർക്കാരിന്റെ തീരുമാനവും ശ്രദ്ധേയമായി. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നാണിത്. വഞ്ചി നിറയുമ്പോഴോ ക്ഷേത്രത്തിലെ അറ്റകുറ്റപ്പണി നടത്തേണ്ടി വരുമ്പോഴോ ആണ് സാധാരണ പണം എണ്ണി കണക്കിൽ കൂട്ടുന്നത്. സംസ്ഥാനത്തെ മുരുകൻ ക്ഷേത്രങ്ങളിൽ സ്‌കന്ദഷഷ്ഠി ഉൽസവം രണ്ടുദിവസം മുൻപാണു സമാപിച്ചത്. ഇക്കാലയളവിൽ ഒട്ടേറെ ഭക്തർ ദർശനം നടത്തുകയും കാണിക്ക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉൽസവകാലങ്ങളിൽ വലിയതുകയുടെ നോട്ടുകൾ കാണിക്കയിടുന്നതും പതിവാണ്. അതിനാൽ വഞ്ചികളിലെ 500, 1000 രൂപ നോട്ടുകൾ എത്രയും വേഗം എണ്ണിത്തിട്ടപ്പെടുത്തി മാറ്റിവാങ്ങാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റസ് വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഉൽസവം നടന്ന ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളാണ് ആദ്യം തുറക്കുക.

മദ്രാസ് റേസിങ് ക്ലബ്ബിൽ നടത്തേണ്ടിയിരുന്ന പന്തയ കുതിരയോട്ട മൽസരം ഉപേക്ഷിച്ചു. പന്തയക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണിത്. കൊൽക്കത്തയിലെ മൽസരത്തിൽ ഇവിടെനിന്നു പന്തയം വയ്ക്കുന്നതും റദ്ദാക്കി. നേരിട്ടു പണം കൈമാറിയാണ് ഇവിടെ പന്തയം നടക്കുന്നത്. ഇതിനുപയോഗിക്കുന്നത് 500, 1000 രൂപ നോട്ടുകളാണ്.